|    Apr 23 Mon, 2018 8:53 pm
FLASH NEWS

വികസനം മുരടിപ്പിച്ച എല്‍ഡിഎഫ് ഭരണം നാടിന് കളങ്കമാണെന്ന് യുഡിഎഫ്

Published : 1st October 2016 | Posted By: Abbasali tf

പന്തളം: വികസനം മുരടിപ്പിച്ച എല്‍ഡിഎഫ് ഭരണം നാടിന് കളങ്കമാണെന്ന് യുഡിഎഫ് പന്തളം നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എന്‍ ജി സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വൈദ്യുതി, മാലിന്യനിര്‍മാര്‍ജനയജ്ഞം,കുടിവെള്ളം, റോഡുകളുടെ നിര്‍മാണം എന്നീ മേഖലകള്‍ക്ക് വാര്‍ഷിക പദ്ധതിയില്‍ വേണ്ടത്ര പരിഗണന നല്‍കിയിട്ടില്ല. റോഡുകളുടെ നിര്‍മാണത്തിന് നടപ്പുസാമ്പത്തിക വര്‍ഷം ഒരു രൂപപോലും അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പദ്ധതി വിഹിതത്തി ല്‍ നിന്ന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്ന ഉത്തരവാണ് ലഭിച്ചിരിക്കുന്നത്. ഇത് നഗരസഭാ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കും. മുന്‍കാലങ്ങളില്‍ തനത് ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ഓരോ ഡിവിഷനും വികസനപ്രവര്‍ത്തങ്ങള്‍ക്കായി നല്‍കിയിരുന്നു. നഗരസഭാ പദവിയിലേയ്ക്ക് ഉയര്‍ന്നപ്പോള്‍ വരുമാനം വര്‍ധിച്ചിട്ടും ഒരു രൂപപോലും തനത് ഫണ്ടില്‍ നിന്ന് ഡിവിഷനുകള്‍ക്ക് നല്‍കാന്‍ ഭരണത്തിന് നേതൃത്വം നല്‍കുന്ന എല്‍ഡിഎഫിന് കഴിഞ്ഞിട്ടില്ല. 18 ലക്ഷം രൂപവീതം വികസനപ്രവര്‍ത്തനത്തിനായി ഒരു ഡിവിഷനിലേക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചാണ് നഗരസഭാ ഭരണനേതൃത്വം വാര്‍ഡ് സഭകളും വര്‍ക്കിങ് ഗ്രൂപ്പുകളും ചേര്‍ന്നത്.ഈ തുക ഒമ്പതുലക്ഷമായി വെട്ടിക്കുറച്ചതിന് കൗണ്‍സില്‍ അംഗീകാരം വാങ്ങിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പന്തളം നഗരസഭയില്‍ മാത്രമാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആരംഭിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷം ഉണ്ടായത്. കഴിഞ്ഞ ഒരു വര്‍ഷമായി ഈ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് ഒരു ദിവത്തെ തൊഴില്‍പോലും നല്‍കാന്‍ എല്‍ഡിഎഫ് ഭരണസമിതിയ്ക്കായില്ല. നഗരസഭാ കൗണ്‍സില്‍ യോഗം ചേരാന്‍ പര്യാപ്തമായ സൗകര്യമൊരുക്കാന്‍ ഭരണസമിതിയ്ക്കായിട്ടില്ല. കൗണ്‍സില്‍ അംഗങ്ങള്‍ക്ക് സ്വതന്ത്രമായി ഇരിക്കാനുള്ള സൗകര്യവുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തില്‍ പുതുതായി രൂപീകരിച്ച മറ്റെല്ലാ നഗരസഭാ അധ്യക്ഷന്‍മാര്‍ക്കും പുതുതായി വാഹനം വാങ്ങിയെങ്കിലും പന്തളത്ത് അതിനും കഴിഞ്ഞിട്ടില്ല. ഇത് സിപിഎമ്മിലെ ചില പാര്‍ട്ടി നേതാക്കന്‍മാരുടെ ഇടപെടീല്‍ മൂലമാണ്.വാഹനം വാങ്ങാനായി തനതുഫണ്ടിലുണ്ടായിരുന്ന തുക കരാറുകാര്‍ക്ക് വക മാറ്റി നല്‍കുകയാണ് ചെയ്തത്. പ്രധാനമന്ത്രി സമ്പൂര്‍ണ ഭവനപദ്ധതി കേരളത്തിലെ എല്ലാം നഗരസഭകളും നടപ്പാക്കിയിട്ടും പന്തളത്ത് നടപ്പായിട്ടില്ല. പ്രാഥമിക പ്രവര്‍ത്തനങ്ങള്‍പോലും ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.  നഗരസഭാ പ്രദേശത്തെ വഴിവിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ നടപടി സ്വീകരിക്കാന്‍ നഗരസഭാ ഭരണനേതൃത്വത്തിനായിട്ടില്ല. എല്ലാ മേഖലയിലും പരാജയപ്പെട്ട് പന്തളത്തെ ജനങ്ങള്‍ക്ക് ബാധ്യതയായി മാറിയ എല്‍ഡിഎഫ് ഭരണസമിതി രാജിവയ്ക്കണമെന്നും യുഡിഎഫ് നേതാക്കള്‍  ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച് മുന്നു മുതല്‍ നഗരസഭാകവാടത്തില്‍ ഉപവാസ സമരം നടത്തുമെന്ന്ും നേതാക്കളായ കെ എസ് ശിവകുമാര്‍, കെ ആര്‍ വിജയകുമാര്‍, എ നൗഷാദ് റാവുത്തര്‍, ആനി ജോണ്‍, എം ജി രമണന്‍, മഞ്ജു വിശ്വനാഥ്, സുനിതാ വേണു പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss