|    Nov 21 Wed, 2018 11:43 pm
FLASH NEWS

വികസനം പ്രഖ്യാപനങ്ങളിലും ഫയലുകളിലും മാത്രം:പരസ്പരം പഴിചാരി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും

Published : 18th December 2017 | Posted By: kasim kzm

കരീം എരിയാല്‍

കാസര്‍കോട്: വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പാഴ്‌വാക്കുകളായി മാറുന്ന സ്ഥിതിവിശേഷം ജില്ലയുടെ മുഖമുദ്രയായ സാഹചര്യത്തില്‍ ഒരുവര്‍ഷം കൂടി പിന്നിടുമ്പോള്‍ കാസര്‍കോടിന്റെ വികസന സ്വപ്‌നങ്ങള്‍ മരീചികയായി തുടരുന്നു. ഉപയോഗിക്കപ്പെടാത്ത ഹെക്ടര്‍ കണക്കിന് ഭൂമികള്‍ ശ്മാശാന മൂകതയില്‍ വികസനത്തിന് കാതോര്‍ക്കുമ്പോള്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ അവഗണന മൂലം നിരവധി പ്രഖ്യാപിത പദ്ധതികള്‍ എന്നു യാഥാര്‍ത്ഥ്യമാവുമെന്നതിന് ആര്‍ക്കും വ്യക്തമായ മറുപടിയില്ല. എന്‍ഡോസള്‍ഫാന്‍ ദുരന്തമഴ പെയ്ത കാസര്‍കോടിനുള്ള പ്രായശ്ചിത്തവും പ്രതീക്ഷയുമാണ് മെഡിക്കല്‍ കോളജ്. തറക്കല്ലിട്ട് വര്‍ഷങ്ങള്‍ കഴിയുമ്പോഴും സാങ്കേതിക സങ്കീര്‍ണതകളില്‍ കുരുങ്ങി ഫയലുകളില്‍ നിന്നും മോചനമില്ലാത്ത കാഴ്ചയാണ് നിലവിലുള്ളത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ യാതൊരു ആത്മാര്‍ഥതയുമില്ലെന്നാണ് ഈയടുത്ത് ജില്ലയിലെത്തിയ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ വാക്കുകളില്‍ പ്രകടമായത്. മെഡിക്കല്‍ കോളജ് എന്ന് പ്രവര്‍ത്തനമാരംഭിക്കുമെന്ന ചോദ്യത്തിന് കൃത്യമായ സമയപരിധി പറയാനാവില്ലെന്നാണ് അവര്‍ പ്രതികരിച്ചത്. അവഗണനയുടെ പടുകുഴിയില്‍ കഴിയുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയും ജില്ലയുടെ ആരോഗ്യമേഖലയോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക സമീപനം വ്യക്തമാക്കുന്നു. വിദേശ നിര്‍മിത യന്ത്രങ്ങളുമായി 2011ല്‍ സജ്ജമായ ഉദുമ സ്പിന്നിങ് മില്ല് മാറിവന്ന സര്‍ക്കാരുകളുടെ അനാസ്ഥ കാരണം തുരുമ്പെടുത്ത് നശിക്കുകയാണ്. ബാവിക്കര സ്ഥിരം തടയണയുടെ പ്രവര്‍ത്തികള്‍ 1995 മുതല്‍ ഇന്നും തുടരുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഖജനാവിലെ കോടികള്‍ പുഴയില്‍ ഒഴുക്കി കളഞ്ഞതു മാത്രമാണ് മിച്ചം. ഇതിന്റെ ദുരിതഫലം പേറുന്ന കാസര്‍കോട് നഗരസഭയിലേയും സമീപ പഞ്ചായത്തിലേയും ജനങ്ങള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വേനല്‍ക്കാലത്ത് കുടിക്കുന്നത് ഉപ്പ് വെള്ളമാണ്. പദ്ധതിക്കായി സര്‍ക്കാരനുവദിച്ച കോടികള്‍ ഉദ്യോഗസ്ഥരും ഇടനിലക്കാരും മറ്റും ചേര്‍ന്നു കട്ടുമുടിച്ചതായാണ് ജനങ്ങള്‍ ഏകസ്വരത്തില്‍ ആരോപിക്കുന്നത്. മലയോര മേഖലയുടെ വികസന ചിത്രം മാറ്റിയെഴുതുമെന്ന് കരുതുന്ന കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാത എങ്ങുമെത്താതെ കിടക്കുകയാണ്. ഫീസിബിലിറ്റി സര്‍വേ വിജയകരമായി പൂര്‍ത്തീകരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും നടപടികള്‍ ഊര്‍ജിതപ്പെടുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ആത്മാര്‍ഥമായ ശ്രമമുണ്ടാവുന്നില്ല.   ഉത്തരമലബാറിലെ ടൂറിസം സാധ്യതകളെ  പ്രയോജനപ്പെടുത്തുന്നതില്‍ അധികൃതര്‍ക്ക് യാതൊരു താല്‍പര്യമില്ല.ജില്ലയിലെ മല്‍സ്യബന്ധന തുറമുഖങ്ങള്‍ക്കും അവഗണനയുടെ കഥയാണ് പറയാനുള്ളത്. കാസര്‍കോട് കസബയിലെ ഫിഷിങ് ഹാര്‍ബര്‍ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കിലും ഉദ്ഘാടനം ചെയ്യാതെ പ്രേതനിലയമായി തുടരുകയാണ്. ഇനിയും പണിതീരാത്ത മഞ്ചേശ്വരം ഹാര്‍ബര്‍ എന്ന് യാഥാര്‍ഥ്യമാവുമെന്നതും ചോദ്യചിഹ്നമായി അവശേഷിക്കുന്നു. കോടികള്‍ മുടക്കിയിട്ടും ഉല്‍പാദന ക്ഷമതയില്ലാതെ മന്ദഗതിയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഹൈടെക് ഡയറി ഫാമും പൂര്‍ണാര്‍ഥത്തില്‍ നടപ്പിലാവാത്ത സോളാര്‍ പാര്‍ക്കും ടൂറിസം വികസത്തിന് വേഗത പകരാന്‍ ഉദ്ദേശിച്ച് ഫയലില്‍ മാത്രമൊതുങ്ങിയ എയര്‍സ്ട്രിപ്പും നമ്മുടെ ജില്ലയോട് സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന വഞ്ചനയുടെ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. തിരുവനന്തപുരത്ത് നിന്നും ജില്ലയുടെ ഭരണയന്ത്രം നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥരുടെ ‘വര്‍ക്കിങ് അറേന്‍ജ്‌മെ ന്റ്’ സമ്പ്രദായം കാസര്‍കോടി ന്റെ പിന്നാക്കാവസ്ഥയ്ക്ക് കാരണമാവുന്നുണ്ടെന്നാണ് സാമൂഹിക നിരീക്ഷകന്‍ നിസാര്‍ പെര്‍വാഡ് ചൂണ്ടിക്കാട്ടുന്നത്. വിഘടിച്ചു നില്‍ക്കുന്ന ഭാഷാന്യൂനപക്ഷങ്ങള്‍ ഐക്യപ്പെടാത്തത് ഒരു സമ്മര്‍ദ ശക്തി രൂപപ്പെടുന്നതിന് തടസ്സം സൃഷ്ടിക്കുകയും ന്യായമായ അവകാശങ്ങള്‍ നേടിയെടുക്ക ുന്നതിനുള്ള സമരങ്ങളെ ദു ര്‍ബലപ്പെടുത്തുന്നതായും അദ്ദേഹം നിരീക്ഷിക്കുന്നു. ജില്ലയുടെ പിന്നാക്കാവസ്ഥയെ കുറിച്ച് വിശദപഠനം നടത്തി 2012 ഒക്ടോബറില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച പ്രഭാകരന്‍ കമ്മീഷന്‍ റിപോര്‍ട്ട് കാസര്‍കോടിന്റെ സാമൂഹിക-ഭൗതിക മേഖലകളുടെ സമഗ്രവികസനത്തിനും ഭരണനിര്‍വഹണത്തിനും വേണ്ടി ഫലപ്രദമായ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ പിന്നീട് അതിന്മേല്‍ തുടര്‍ചര്‍ച്ചകളോ ക്രിയാത്മക നടപടികളോ കൈകൊള്ളാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ശ്രമമുണ്ടായില്ല. പതിവു പോലെ ഒരു വര്‍ഷം കൂടി കൊഴിഞ്ഞു പോവുന്ന വേളയില്‍ തിരിഞ്ഞു നോക്കുമ്പോള്‍ ആശ്വസിക്കാന്‍ വകയില്ലാത്ത മങ്ങിയ ചിത്രം മാത്രമാണ് ബാക്കിയാവുന്നത്. രാഷ്ട്രീയ നേതൃത്വവും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരസ്പരം പഴിചാരി സ്വയം ‘വികസിക്കുമ്പോള്‍’ വിഡ്ഢികളാക്കപ്പെടുന്ന പൊതുജനം ഇതൊക്കെ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെടുന്നു. കാസര്‍കോടിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനുതകുന്ന സമഗ്രവികസനത്തിന് തുടക്കം കുറിക്കാന്‍ ഇനിയുമെത്ര പുതുവര്‍ഷങ്ങള്‍ കടന്നു പോവണമെന്ന ചോദ്യം ദുസ്വപ്‌നം പോലെ നമ്മെ പിന്തുടര്‍ന്നു കൊണ്ടിരിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss