|    Jul 28 Fri, 2017 8:30 am

വികലാംഗ യുവാവിനെ മര്‍ദിച്ച സംഭവം; പ്രതികള്‍ക്ക് എസ്‌ഐയുടെ വഴിവിട്ട സഹായം: ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി

Published : 2nd October 2016 | Posted By: SMR

തൊടുപുഴ: വികലാംഗ യുവാവിനെ രാത്രി വീട്ടില്‍ നിന്നും വിളിച്ചിറക്കി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥന്‍ സഹായിച്ചു.കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായ കഞ്ഞിക്കുഴി  എസ്‌ഐയുെട ചുമതല വഹിക്കുന്ന അഡീഷണല്‍ എസ്‌ഐക്കെതിരെയാണ് ആരോപണമുയര്‍ന്നത്.തുടര്‍ന്ന് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ സംഭവം ശരിയാണെന്ന് കണ്ടെത്തി.
അന്വേഷണ റിപോര്‍ട്ട് ജില്ലാ പോലിസ് മേധാവിയ്ക്ക് നാളെ കൈമാറും.അറസ്റ്റിലായ പ്രതികള്‍ക്ക് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തന്നെ ജാമ്യം ലഭിച്ചു.ദുര്‍ബലവകുപ്പുകള്‍ ചുമത്തി ജാമ്യത്തിനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ഉദ്യോഗസ്ഥന്‍ ചെയ്തതെന്നാണ് ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് കണ്ടെത്തിയത്.തിങ്കളാഴ്ച അന്വേഷണ റിപോര്‍ട്ട് ജില്ലാ പോലിസ് മേധാവിയ്ക്ക് കൈമാറും.അടുത്ത ദിവസങ്ങളില്‍ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സൂചന.
ജില്ലാ പോലിസ് മേധാവി എ വി ജോര്‍ജ് വിഷയത്തില്‍ ഇടപെട്ട് മര്‍ദനത്തെ തുടര്‍ന്നു വികലാംഗന്റെ പല്ല് പോയതായി അന്വേഷണ ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.എന്നാല്‍ ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശം അവഗണിച്ചാണ് പ്രതികള്‍ക്ക് നിസാരമായ വകുപ്പുകള്‍ ചുമത്തി കേസില്‍ നിന്നും തടിയൂരാനുള്ള അവസരമുണ്ടാക്കിയത്.കൂടാതെ മര്‍ദനത്തിനിരയായ അനുപിന്റെ മൊഴി അട്ടിമറിച്ചതായും ആക്ഷേപമുണ്ട്.
ചേലച്ചുവട് സ്വദേശി പാലക്കുഴിയില്‍ അനൂപി(32)നൊണ് കൊള്ളപ്പലിശക്കാരുടെ മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം നടന്നത്.ടൗണില്‍ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുകയാണിയാള്‍.ചേലച്ചുവട് ടൗണിലെ വ്യാപാരിയായ കൊടുവേലിയില്‍ സിബി(34)യും സുഹൃത്തുക്കളും വീട്ടില്‍ നിന്നും വിളിച്ചിറക്കി അടിച്ചു വീഴ്ത്തുകയായിരുന്നു.അനൂപ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഓട്ടോറിക്ഷ വിറ്റിരുന്നു.ഈ പണം കൈവശപ്പെടുത്താന്‍ പ്രതികള്‍ നടത്തിയ ശ്രമമാണ് മര്‍ദനത്തില്‍ കലാശിച്ചത്.ഇവരുടെ നിരന്തരമായ ഭീഷണിയെ തുടര്‍ന്നാണ് ഓട്ടോറിക്ഷ വിറ്റതെന്നും അനൂപ് പറഞ്ഞു. കഞ്ഞിക്കുഴി പോലിസ് പ്രതികളെ  പിടികൂടിയിരുന്നു.എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികള്‍ക്കനുകൂലമായി നിലപാട് സ്വീകരിക്കുകയായിരുന്നു.പോലിസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചക്കെതിരെ ഡിജിപിക്കും മനുഷ്യവകാശ കമ്മീഷനും അനുപ് പരാതി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക