|    Jun 21 Thu, 2018 8:00 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിഐപി വോട്ടര്‍മാരും തിരഞ്ഞെടുപ്പും

Published : 6th November 2015 | Posted By: SMR

വാശിയും വീറും മാത്രമല്ല ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പുകളെ ശ്രദ്ധേയമാക്കിയത്. രാഷ്ട്രീയക്കാരില്‍നിന്ന് വേറിട്ട് സാംസ്‌കാരികനായകര്‍ ഇടപെടലുകളിലൂടെ ഈ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയരായി. നടനും സമീപകാലത്ത് ബിജെപി സഹയാത്രികനുമായ സുരേഷ് ഗോപി ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയില്ല. കാരണം പറഞ്ഞത് ബന്ധുക്കളില്‍ ചിലര്‍ മത്സര രംഗത്തുണ്ടെന്നാണ്. തിരഞ്ഞെടുപ്പുകളില്‍ കോഴിക്കോട് നടക്കാവ് ബൂത്തില്‍ കൃത്യമായി വോട്ട് ചെയ്യാറുള്ള കഥാകൃത്ത് എം ടി വാസുദേവന്‍ നായര്‍ക്ക് ഇക്കുറി മൂന്നു വോട്ടുകള്‍ നഷ്ടമായി. കാരണം പനിയും ദേഹാസ്വാസ്ഥ്യവും.
പക്ഷേ, മറ്റൊരു പ്രമുഖ കഥാകൃത്തായ ടി പത്മനാഭന്‍ പള്ളിക്കുന്നില്‍ തന്റെ ബൂത്തില്‍ മൂന്നുവോട്ടും ചെയ്തു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നേരത്ത് പത്മനാഭന്‍ ഒരു സാഹസിക കൃത്യം നിര്‍വഹിച്ചു. ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായിമാരില്‍ ഒരാള്‍ക്ക് കെട്ടിവയ്ക്കാനുള്ള തുക പത്മനാഭന്‍ നല്‍കി. അതിന് ന്യായീകരണവും പറഞ്ഞു. തന്റെയടുത്ത് മുമ്പ് പല സ്ഥാനാര്‍ഥികളും വന്ന് കെട്ടിവയ്ക്കാന്‍ കാശ് സ്വീകരിച്ചിട്ടുണ്ട്. കവി ഒഎന്‍വി കുറുപ്പും ഇത്തവണ വോട്ട് രേഖപ്പെടുത്തിയില്ല. രോഗാവസ്ഥ തന്നെ കാരണം. ചലച്ചിത്ര നടന്‍മാരില്‍ ഒട്ടു മിക്കവരും വിദേശ യാത്രയിലോ ഷൂട്ടിങ് ലൊക്കേഷനിലോ ആയതിനാല്‍ വോട്ട് ചെയ്തിട്ടില്ല.
കൊച്ചി ഗിരിനഗറില്‍ സ്ഥിരം വോട്ടറായ മമ്മൂട്ടി എന്തു കാരണത്താലെന്നറിയില്ല ഇക്കുറി പട്ടികയില്‍ ഇല്ല. നടന്‍ ശ്രീനിവാസനും വോട്ട് ചെയ്യാത്ത പ്രമുഖരില്‍പ്പെടുന്നു. നടന്‍ വിജയരാഘവന്‍ കോട്ടയം ഒളശയില്‍ ഇല്ലത്ത് ഗവ. എല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു. ഗിന്നസ് പക്രു അയ്മനം പഞ്ചായത്തില്‍ വോട്ട് രേഖപ്പെടുത്തി. ചലച്ചിത്രഗാനരംഗത്ത് സമീപകാലത്ത് ശ്രദ്ധേയയായ വൈക്കം വിജയലക്ഷ്മി വൈക്കം നഗരസഭയില്‍ വോട്ടറായി. ഏഷ്യാനെറ്റ് ‘ബഡായിബംഗ്ലാവി’ലൂടെ താരപദവിയിലെത്തിയ രമേശ് പിഷാരടി മുളക്കുളം ഗ്രാമപ്പഞ്ചായത്തില്‍ വോട്ടു ചെയ്തു.
മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ മകള്‍ കൊച്ചിന്‍ കോര്‍പറേഷനില്‍ സ്ഥാനാര്‍ഥി ആയതിനാല്‍ കൈരളി ടിവി, പീപ്പിള്‍ ചാനലുകളുടെ അമരത്തുള്ള പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകരെല്ലാം കൊച്ചിയില്‍ ഉഷാ പ്രവീണിനു വേണ്ടി എത്തിയിരുന്നു. മഹാകവി ജി ശങ്കരക്കുറുപ്പിന്റെ പേരമകള്‍ ബി ഭദ്ര കൊച്ചിന്‍ കോര്‍പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ എന്ന നിലയ്ക്കും ഇക്കുറി സീറ്റ് തരപ്പെടാത്ത അവസ്ഥയിലും സൃഷ്ടിച്ച അലയൊലികള്‍ കെട്ടടങ്ങാന്‍ ദിവസങ്ങള്‍ കഴിയണം. കോട്ടയം ജില്ലയിലാണ് വിഐപി വോട്ടര്‍മാരുടെ ആധിക്യം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വരെ, അവസാനിക്കുന്നില്ല ആ വിഐപി നിര.
പാലാ നഗരസഭ ഇരുപത്തിരണ്ടാം വാര്‍ഡില്‍ ധനമന്ത്രി കെ എം മാണിയും മകന്‍ ജോസ് കെ മാണിയും പാലാ അല്‍ഫോന്‍സ കോളജ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. കോട്ടയം മരങ്ങാട്ടു പള്ളിയില്‍ സിനിമാതാരം ബാബു നമ്പൂതിരി, മാടപ്പള്ളി പഞ്ചായത്തില്‍ സിഐഡി മൂസയുടെ സംവിധായകന്‍ ജോണി ആന്റണി, മണര്‍കാട് പഞ്ചായത്തില്‍ നടി ഭാമ എന്നിവരും വോട്ട് രേഖപ്പെടുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss