|    Jun 25 Sun, 2017 2:08 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിഎസിന് വസതിയായി കവടിയാര്‍ ഹൗസ് അനുവദിച്ചു

Published : 8th September 2016 | Posted By: SMR

തിരുവനന്തപുരം: കവടിയാര്‍ ഹൗസ് ഔദ്യോഗിക വസതിയായി അനുവദിക്കണമെന്ന ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദാണ് വസതി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. ഇതോടെ വിഎസ് ചുമതലയേല്‍ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന പ്രധാന തടസ്സം നീങ്ങി. ഔദ്യോഗിക വസതിയായി കവടിയാര്‍ ഹൗസും ഭരണപരിഷ്‌കാര കമ്മീഷന്റെ ഓഫിസ് സെക്രട്ടേറിയറ്റിലോ സെക്രട്ടേറിയറ്റ് അനക്‌സിലോ അനുവദിക്കണമെന്നുമാണ് വിഎസ് ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചും തീരുമാനങ്ങള്‍ വൈകുന്നതില്‍ അതൃപ്തി അറിയിച്ചും ചീഫ് സെക്രട്ടറിക്ക് വിഎസ് കത്തയച്ചിരുന്നു. ഇന്നലെ രാവിലെതന്നെ ഇതുസംബന്ധിച്ച് ഫയല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി. കത്തയച്ച് 24 മണിക്കൂറിനുള്ളിലാണ് വസതിയുടെ കാര്യത്തില്‍ തീരുമാനമായിരിക്കുന്നത്. വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന് അനുവദിച്ച വസതിയായിരുന്നു കവടിയാര്‍ ഹൗസ്. അവിടെ നിര്‍മാണജോലികള്‍ നടന്നുവരുന്നതിനാല്‍ ചീഫ് സെക്രട്ടറിക്കായി നിര്‍മിച്ച പുതിയ വസതിയിലാണ് അദ്ദേഹം ഇതുവരെ താമസിച്ചുവന്നത്. വിഎസിന് കവടിയാര്‍ ഹൗസ് വിട്ടുനല്‍കുന്നതില്‍ വിരോധമില്ലെന്ന് കടകംപള്ളിയും അറിയിച്ചിരുന്നു. ഇതോടെയാണ് ആവശ്യപ്പെട്ട വസതിതന്നെ വിഎസിന് ലഭിച്ചത്. ഓഫിസ് ഐഎംജിയില്‍ തന്നെയായിരിക്കുമെന്നും തീരുമാനമായിട്ടുണ്ട്. ഭരണപരിഷ്‌കാര കമ്മീഷന്‍ ഓഫിസിലെ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് വിഎസിന്റെ അതൃപ്തി പരിഹരിക്കലാണ് സര്‍ക്കാരിന് മുന്നിലെ അടുത്ത കടമ്പ. ഇക്കാര്യത്തില്‍ കൂടി തീരുമാനമായാല്‍ അടുത്തദിവസം തന്നെ വിഎസ് ചെയര്‍മാന്‍ സ്ഥാനത്ത് ഔദ്യോഗികമയി ചുമതലയേല്‍ക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക