|    Jan 18 Wed, 2017 4:01 pm
FLASH NEWS

വിഎസിന് കാബിനറ്റ് പദവി നല്‍കണം; സിപിഎം സംസ്ഥാന നേതൃത്വത്തോട് പോളിറ്റ് ബ്യൂറോ

Published : 31st May 2016 | Posted By: SMR

കെ എ സലിം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടി അധികാരത്തിലെത്തിയെങ്കിലും മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തപ്പെട്ട മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന് പിണറായി സര്‍ക്കാരില്‍ കാബിനറ്റ് റാങ്കോടെ പദവി നല്‍കാന്‍ സിപിഎം പോളിറ്റ്ബ്യൂറോ യോഗത്തില്‍ നിര്‍ദേശം. പദവി ഏതെന്നതിനെക്കുറിച്ച് ധാരണയായിട്ടില്ല. ഇതുസംബന്ധിച്ച് നിയമവശങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ സംസ്ഥാനഘടകത്തോട് പിബി നിര്‍ദേശിച്ചു.
പോളിറ്റ്ബ്യൂറോ അല്ല, സംസ്ഥാന സര്‍ക്കാരാണ് ഏതു പദവി നല്‍കണമെന്നു തീരുമാനിക്കേണ്ടതെന്ന് യോഗത്തിനുശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അതേസമയം, സംസ്ഥാന സെക്രട്ടേറിയറ്റില്‍ അംഗത്വം നല്‍കുക, എല്‍ഡിഎഫ് ചെയര്‍മാനാക്കുക തുടങ്ങിയ വിഎസിന്റെ ആവശ്യങ്ങള്‍ യോഗം പരിഗണിച്ചില്ല. പ്രതിപക്ഷനേതാവെന്ന നിലയില്‍ വിഎസിന് ലഭിച്ചുകൊണ്ടിരുന്ന എല്ലാ ആനുകൂല്യങ്ങളും തുടര്‍ന്നും ലഭ്യമാവുന്നതരത്തിലുള്ള പദവിയായിരിക്കും നല്‍കുക.
സ്വതന്ത്രാധികാരത്തോടുകൂടിയ കാബിനറ്റ് റാങ്കിലുള്ള പദവി നല്‍കാനാണ് പിബിയുടെ നിര്‍ദേശം. ഇതിനാല്‍ത്തന്നെ മന്ത്രിസഭയുടെ തലവനായ മുഖ്യമന്ത്രി പിണറായി വിജയന് മുമ്പാകെ വിഎസ് റിപോര്‍ട്ട് ചെയ്യേണ്ടിവരില്ല. ഇരട്ടപ്പദവി അടക്കമുള്ള വിഷയങ്ങളില്‍ നിയമവശം പരിശോധിച്ചശേഷമേ തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളൂ. വിഎസിന് കാബിനറ്റ് പദവി നല്‍കുമ്പോള്‍ സര്‍ക്കാരില്‍ സ്വാഭാവികമായും രണ്ട് അധികാരകേന്ദ്രങ്ങള്‍ ഉയര്‍ന്നുവരും.
ഇതു സര്‍ക്കാരിലും മുന്നണിയിലും പാര്‍ട്ടിയിലും പ്രതിസന്ധിയുണ്ടാക്കും. ഈ സാഹചര്യം ഒഴിവാക്കി സര്‍ക്കാര്‍ തന്നെ പദവി നിശ്ചയിച്ചുനല്‍കട്ടേയെന്ന നിലപാടിലാണ് പോളിറ്റ്ബ്യൂറോ. പദവി സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാവുമെന്നും അതുവരെ കാത്തിരിക്കണമെന്നും യെച്ചൂരി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
തനിക്കു നല്‍കേണ്ട പദവികള്‍ സംബന്ധിച്ച് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിനിടെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അച്യുതാനന്ദന്‍ കുറിപ്പ് കൈമാറിയത് വിവാദമായിരുന്നു. ഇക്കാര്യം യെച്ചൂരി തന്നെ സ്ഥിരീകരിച്ചെങ്കിലും വിഎസ് ഇതുവരെ പ്രതികരിച്ചില്ല.
തിരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷം ലഭിച്ചതിനാല്‍ മുഖ്യമന്ത്രി ആരാവണമെന്നതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ തയ്യാറായിരുന്നില്ല. എന്നാല്‍, വിഎസിന് സര്‍ക്കാരില്‍ കാബിനറ്റ് റാങ്കോടെയുള്ള പദവി നല്‍കണമെന്ന ആവശ്യം സിപിഐ കേന്ദ്രനേതൃത്വം സിപിഎമ്മിനെ അറിയിച്ചിരുന്നു. അതേസമയം, ബംഗാളില്‍ കോണ്‍ഗ്രസ്സുമായുണ്ടാക്കിയ ധാരണയുടെ പേരില്‍ യെച്ചൂരിക്കെതിരേ വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടിയുടെ തീരുമാനം തെറ്റാണെന്നു തെളിയിക്കുന്നതാണ് ബംഗാള്‍ ഫലമെന്നാണ് പിബി വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പുഫലങ്ങള്‍ അടുത്തമാസം കേന്ദ്രകമ്മിറ്റി യോഗം ചര്‍ച്ചചെയ്യും.
അറിയിപ്പ് ലഭിച്ചില്ലെന്ന് വിഎസ്; യെച്ചൂരി അറിയിക്കുമെന്ന് പിണറായി
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരില്‍ തനിക്കുള്ള പദവിയെക്കുറിച്ച് സിപിഎം കേന്ദ്രനേതൃത്വത്തില്‍നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് വി എസ് അച്യുതാനന്ദന്‍.
മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ ചമച്ച് മൈക്കുമായി മുന്നിലെത്തിയാല്‍ എന്തെങ്കിലും പറയാന്‍പറ്റുമോ. പദവി സംബന്ധിച്ച് ഔദ്യോഗികമായി ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്നും വിഎസ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, അച്യുതാനന്ദന്റെ പദവി സംബന്ധിച്ച പോളിറ്റ്ബ്യൂറോയുടെ തീരുമാനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
പിബി യോഗത്തിനുശേഷം ഡല്‍ഹിയില്‍നിന്നു തിരുവനന്തപുരത്തു മടങ്ങിയെത്തിയശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സര്‍ക്കാര്‍ എന്തെങ്കിലും തീരുമാനമെടുത്താല്‍ അപ്പോള്‍ അറിയിക്കാം. ചര്‍ച്ചകള്‍ ക്രിയാത്മകമായിരുന്നുവെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക