|    Sep 21 Thu, 2017 3:36 am
Home   >  Todays Paper  >  page 12  >  

വിഎസിന് എത്രയും വേഗം ഓഫിസ് സജ്ജമാക്കാന്‍ നിര്‍ദേശം

Published : 8th October 2016 | Posted By: SMR

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന് എത്രയുംവേഗം ഓഫിസ് സജ്ജമാക്കാന്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് നിര്‍ദേശം നല്‍കി. ഭരണപരിഷ്‌കാര കമ്മീഷന്‍ ആസ്ഥാനം അനുവദിക്കാത്തതില്‍ വിഎസ് വീണ്ടും അതൃപ്തി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഓഫിസ് സജ്ജമാക്കാന്‍ ചീഫ് സെക്രട്ടറി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടത്. ഓഫിസിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അവ്യക്തതകള്‍ തുടരുന്ന പശ്ചാത്തലത്തില്‍ അധ്യക്ഷനായ വി എസ് അച്യുതാനന്ദന്‍ ഔദ്യോഗികവസതിയില്‍ തന്നെ കമ്മീഷന്റെ ആദ്യയോഗം വിളിച്ചുചേര്‍ത്തതോടെയാണ് സര്‍ക്കാരിന്റെ ഇടപെടല്‍.
14ന് മൂന്നരയ്ക്ക് ആദ്യ യോഗത്തിനായെത്താനാണ് കമ്മീഷന്‍ അംഗങ്ങളായ സിപി നായരോടും നീലാ ഗംഗാധരനോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും വിഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. സെക്രട്ടേറിയറ്റിന്റെ പുതിയ അനക്‌സ് മന്ദിരത്തില്‍ ഓഫിസ് എന്ന അച്യുതാനന്ദന്റെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചിരുന്നു.
പകരം ഐഎംജി (ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ്) ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ട്ടണ്‍ഹില്‍ വളപ്പിലെ കെട്ടിടസമുച്ചയത്തില്‍ ആസ്ഥാനം ക്രമീകരിക്കാമെന്ന തീരുമാനത്തോട് അദ്ദേഹം ഇപ്പോഴും കടുത്ത വിയോജിപ്പിലാണ്. അക്കാര്യത്തില്‍ പുനരാലോചനയില്ലെന്നു നിയമസഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ വീട്ടില്‍ തന്നെ പ്രവര്‍ത്തനം തുടങ്ങാമെന്ന നിലപാടിലാണ് വിഎസും.
രണ്ടുമാസം മുമ്പ് കാബിനറ്റ് പദവിയോടെ വിഎസിനെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി നിയമിച്ചെങ്കിലും ഇതുവരെയായും കസേരയിലിരിക്കാനായിട്ടില്ല. സ്റ്റാഫിന്റെ കാര്യത്തിലും തര്‍ക്കം തുടരുകയാണ്. 13 പേരെയാണ് വിഎസിന് സര്‍ക്കാര്‍ അനുവദിച്ചത്. അതില്‍ കൂടുതല്‍പേര്‍ വേണമെന്നതാണ് അച്യുതാനന്ദന്റെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക