|    Jul 24 Mon, 2017 2:21 pm
Home   >  Todays Paper  >  Page 5  >  

വിഎസിന്റെ പദവി: നിയമഭേദഗതിക്ക് ശുപാര്‍ശ; വിഎസിനെ ഭരണപരിഷ്‌കാര ചെയര്‍മാനാക്കാന്‍ സര്‍ക്കാര്‍ നീക്കം

Published : 4th July 2016 | Posted By: SMR

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന് കാബിനറ്റ് പദവി നല്‍കുന്നതില്‍ നിയമഭേദഗതിക്ക് ശുപാര്‍ശ. ഇരട്ട പദവി നിയമത്തില്‍ ഭേദഗതി വേണമെന്നാണ് ശുപാര്‍ശ. ചീഫ് സെക്രട്ടറി എം എസ് വിജയാനന്ദും നിയമവകുപ്പ് സെക്രട്ടറി ബി ജി ഹരീന്ദ്രനാഥുമാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. ഇന്നുചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിക്കും. വിഎസിനെ ഭരണപരിഷ്‌കാര ചെയര്‍മാനാക്കാനാണ് സര്‍ക്കാര്‍ നീക്കം.
വി എസ് അച്യുതാനന്ദനെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കുന്നതിന് നിയമപരവും സാങ്കേതികവുമായ ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടോയെന്നു പരിശോധിക്കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗമാണ് ചീഫ് സെക്രട്ടറിയെയും നിയമ സെക്രട്ടറിയെയും ചുമതലപ്പെടുത്തിയത്. 1951 ലെജിസ്‌ലേറ്റീവ് അസംബ്ലി റിമൂവല്‍ ഡിസ്‌കോളിഫിക്കേഷന്‍ ആക്റ്റില്‍ ഭേദഗതി വരുത്തണമെന്നാണ് ശുപാര്‍ശ.
എംഎല്‍എയായ വിഎസിന് കാബിനറ്റ് റാങ്കോടെ വേറൊരു പദവി നല്‍കാനായി ഈ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള നിയമഭേദഗതി നല്‍കണെമന്നാണ് ശുപാര്‍ശ. ഈ നിയമസഭ സമ്മേളനത്തില്‍ വിഷയം ബില്ലായി അവതരിപ്പിക്കാം, അല്ലെങ്കില്‍ നിയമസഭ സമ്മേളനം കഴിഞ്ഞിട്ട് ഓര്‍ഡിനന്‍സായി ഇറക്കാമെന്നാണു രണ്ടുപേരും ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതിനു മറ്റു തടസ്സങ്ങളൊന്നുമില്ല. ബില്ല് സംബന്ധിച്ച കാര്യങ്ങള്‍ ഇന്നുചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കും.
റമദാന്‍ പ്രമാണിച്ച് ബുധനാഴ്ചത്തെ മന്ത്രിസഭായോഗം ഇന്നാണ് ചേരുന്നത്. ഈ മാസം 19നാണ് 14ാം നിയമസഭയുടെ ആദ്യ സമ്മേളനം സമാപിക്കുന്നത്. അതിനിടയില്‍ തന്നെ ഈ വിഷയത്തില്‍ ബില്ലാക്കി നിയമസഭയില്‍ അവതരിപ്പിച്ച് വിഎസിന് ഭരണപരിഷ്‌കാര ചെയര്‍മാന്‍പദവി നല്‍കാനുള്ള നീക്കമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക