|    Jan 23 Mon, 2017 8:11 am

വിഎസിന്റെ എതിര്‍പ്പ് തള്ളി: വിന്‍സന്‍ എം പോള്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍

Published : 26th February 2016 | Posted By: SMR

തിരുവനന്തപുരം: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ വിന്‍സന്‍ എം പോളിനെ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിച്ചു. പുതിയ അംഗങ്ങളുടെ പട്ടിക ഗവര്‍ണറുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കമ്മീഷനിലെ അഞ്ച് അംഗങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രതിനിധികളായി എബി കുര്യാക്കോസ്, കെ പി അബ്ദുല്‍ മജീദ് എന്നിവരും വിശ്വകര്‍മസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ പി ആര്‍ ദേവദാസ്, ജെഡിയുവിന്റെ അങ്കത്തില്‍ ജയകുമാര്‍, കേരള കോണ്‍ഗ്രസ്സിന്റെ റോയ് സി ചിറയില്‍ എന്നിവരുമാണ് കമ്മീഷനിലെത്തിയത്.
പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്റെ ശക്തമായ എതിര്‍പ്പ് വകവയ്ക്കാതെയാണ് വിന്‍സന്‍ എം പോളിനെ നിയമിച്ചത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വ്യവസായമന്ത്രിയും ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റിയാണ് വിവരാവകാശ കമ്മീഷണര്‍മാരെ തീരുമാനിക്കുന്നത്.
മുഖ്യവിവരാവകാശ കമ്മീഷണറുടെയും കമ്മീഷണര്‍മാരുടെയും ഒഴിവുകളിലേക്ക് 269 പേരുടെ ജംബോ പട്ടികയാണ് പരിഗണനയിലുണ്ടായിരുന്നത്. ഇത്രയും വലിയൊരു പട്ടികയില്‍ നിന്ന് നിയമനം നടത്താന്‍ സാധിക്കില്ലെന്നും പത്തോ പതിനഞ്ചോ പേരുടെ ചുരക്കപ്പട്ടിക തയ്യാറാക്കണമെന്നും വിഎസ് നേരത്തെ ചേര്‍ന്ന യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. പൊതുഭരണ സെക്രട്ടറിയെ ഇതിനായി ചുമതലപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വീണ്ടും കമ്മിറ്റി യോഗം ചേര്‍ന്നത്.
വിന്‍സന്‍ എം പോളിനെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ തന്നെയായിരുന്നു സര്‍ക്കാരിന്റെ താല്‍പര്യം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുമാണ് യോഗത്തില്‍ വിന്‍സന്‍ എം പോളിനു വേണ്ടി വാദിച്ചത്. എന്നാല്‍, അപേക്ഷകള്‍ ശരിയായി വിലയിരുത്തിയല്ല സമിതി തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി വിഎസ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തി.
ബാര്‍കോഴക്കേസില്‍ കെ എം മാണിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിന് പ്രത്യുപകാരമായാണ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ സ്ഥാനം വിന്‍സന്‍ എം പോളിന് സര്‍ക്കാര്‍ സര്‍കിയതെന്നും വിഎസ് ആരോപിച്ചു.
ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരേ കുറ്റപത്രം നല്‍കേണ്ടതില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സുകേശനോട് വിന്‍സന്‍ എം പോള്‍ ആവശ്യപ്പെട്ടത് വിവാദമായിരുന്നു.
വിരമിച്ചശേഷം വിന്‍സന്‍ എം പോളിനെ മുഖ്യ വിവരാവകാശ കമ്മീഷണറാക്കാമെന്ന് വാഗ്ദാനം നല്‍കിയതായി അന്നുതന്നെ പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു. നിലവിലെ കമ്മീഷണറായ മുന്‍ ഡിജിപി സിബി മാത്യൂസിന് ഏപ്രില്‍ 23വരെ കാലാവധിയുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 124 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക