|    May 25 Thu, 2017 12:19 pm
FLASH NEWS

വിഎസിനെതിരേ കേസ് കൊടുക്കുമെന്ന് മുഖ്യമന്ത്രി; ഉമ്മന്‍ചാണ്ടിക്ക് ഐടി എന്നാല്‍ ഇന്റര്‍നാഷനല്‍ തട്ടിപ്പെന്ന് വിഎസ്: അങ്കം മുറുകുന്നു

Published : 25th April 2016 | Posted By: SMR

തിരുവനന്തപുരം: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും തമ്മില്‍ തുടരുന്ന വാക്‌പോര് പുതിയ തലത്തിലേക്ക്. വിഎസ് നുണപ്രചാരണം നിര്‍ത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് ഐടി എന്നാല്‍ ഇന്റര്‍നാഷനല്‍ തട്ടിപ്പാണെന്നാണ് വിഎസിന്റെ പരിഹാസം.
ധര്‍മടത്ത് പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അച്യുതാനന്ദന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളാണു മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരിക്കുന്നത്. നട്ടാല്‍ കുരുക്കാത്ത പച്ചക്കള്ളങ്ങളുമായാണ് വിഎസ് രാഷ്ട്രീയപ്രചാരണം നടത്തുന്നതെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. മന്ത്രിസഭയിലെ 18 മന്ത്രിമാര്‍ക്കെതിരേ 136 അഴിമതിക്കേസുകള്‍ സുപ്രിംകോടതിയില്‍ ഉണ്ടെന്നാണ് അച്യുതാനന്ദന്റെ വാദം. മുഖ്യമന്ത്രിക്കെതിരേ 31 കേസുകള്‍ സുപ്രിംകോടതിയില്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു. കേസുകള്‍ ഏതൊക്കെയാണെന്ന് വിഎസ് ഉടന്‍ വ്യക്തമാക്കണം. ഒരൊറ്റ കേസ് പോലുമില്ല എന്നതാണു വാസ്തവം. ഇക്കാര്യത്തില്‍ ഉടന്‍ മാപ്പുപറഞ്ഞില്ലെങ്കില്‍ വിഎസിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു.
ഏതെങ്കിലും കോടതിയിലോ പോലിസ് സ്റ്റേഷനിലോ ആരെങ്കിലും പരാതിയോ ഹരജിയോ നല്‍കിയാല്‍ അതു കേസാവില്ല. പോലിസ് തയ്യാറാക്കുന്ന എഫ്‌ഐആറിലാണ് കേസിന്റെ തുടക്കം. ഒരു കേസിന്റെയെങ്കിലും പ്രഥമവിവര റിപോര്‍ട്ട് പ്രതിപക്ഷനേതാവ് ഹാജരാക്കണമെന്നും മുഖ്യമന്ത്രി വെല്ലുവിളിച്ചു. മറ്റു മന്ത്രിമാര്‍ക്കെതിരേയും കേസില്ല. മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരേയാണ് ഒരേയൊരു എഫ്‌ഐആര്‍ നിലവിലുള്ളത്. ഈ കേസ് വിജിലന്‍സ് അനേഷിച്ച് കുറ്റവിമുക്തനാക്കി കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അതിപ്പോള്‍ വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ ഉപദേശകന്‍ ഷാഫി മേത്തര്‍ക്ക് ഭൂമി പതിച്ചുകൊടുത്തതായി പ്രതിപക്ഷനേതാവ് അടുത്തിടെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരേ മേത്തര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.
പറയുന്നതെല്ലാം പിഴയ്ക്കുകയും അവ പിന്‍വലിച്ച് മാപ്പുപറയുകയുമാണ് ഇപ്പോള്‍ പ്രതിപക്ഷനേതാവിന്റെ പ്രധാന പരിപാടിയെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. 136 അഴിമതിക്കേസുകള്‍ സംബന്ധിച്ച ആരോപണവും അദ്ദേഹത്തിന് ഉടന്‍ പിന്‍വലിക്കേണ്ടിവരും. സര്‍ക്കാരിനെതിരേയോ യുഡിഎഫിനെതിരെയോ മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണു പ്രതിപക്ഷനേതാവ് നുണപ്രചാരണവുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മന്ത്രിമാര്‍ക്കെതിരായ കേസുകള്‍ അക്കമിട്ട് നിരത്തിയായിരുന്നു ധര്‍മടത്ത് വിഎസിന്റെ വിമര്‍ശനം. യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളുടെ പേരില്‍ ആകെ 136 അഴിമതിക്കേസുകളുണ്ട്. 31 കേസുകളുള്ള ഉമ്മന്‍ചാണ്ടിയാണ് ഒന്നാംസ്ഥാനത്ത്. മന്ത്രി അടൂര്‍ പ്രകാശ്-എട്ട്, കെ ബാബു-ആറ്, കെ എം മാണി-എട്ട്, രമേശ് ചന്നിത്തല-ഒമ്പത്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍-14, പി കെ അബ്ദുറബ്ബ്-11, വി എസ് ശിവകുമാര്‍-10, മഞ്ഞളാംകുഴി അലി-എട്ട്, വി കെ ഇബ്രാഹിംകുഞ്ഞ്-എട്ട്, സി എന്‍ ബാലകൃഷ്ണന്‍-ആറ്, പി ജെ ജോസഫ്-ആറ്, എം കെ മുനീര്‍-മൂന്ന്, അനൂപ് ജേക്കബ്-രണ്ട്, പി കെ കുഞ്ഞാലിക്കുട്ടി-രണ്ട്, കെ സി ജോസഫ്-രണ്ട്, ഷിബു ബേബിജോണ്‍-ഒന്ന്, ആര്യാടന്‍ മുഹമ്മദ്-ഒന്ന് എന്നിങ്ങനെയാണ് വിഎസ് നിരത്തിയ കേസിന്റെ കണക്കുകള്‍. ഇവ മറച്ചുവച്ചാണ് അഴിമതിരഹിത ഭരണം കേരളത്തില്‍ നടപ്പാക്കുമെന്നു പ്രഖ്യാപിക്കുന്നതെന്നും ഇതുകേട്ടാല്‍ മലയാളികള്‍ ചിരിച്ചു മണ്ണുകപ്പുമെന്നും വിഎസ് പറഞ്ഞിരുന്നു.
അതിനിടെ, മുഖ്യമന്ത്രിക്കെതിരേ കടുത്ത വിമര്‍ശനവുമായി വിഎസ് വീണ്ടും രംഗത്തെത്തി. ഉമ്മന്‍ചാണ്ടിക്ക് ചോദ്യങ്ങള്‍ മാത്രമേയുള്ളൂവെന്നും ഉത്തരങ്ങള്‍ ഇല്ലെന്നും വിഎസ് കുറ്റപ്പെടുത്തി. ‘ഉമ്മന്‍ചാണ്ടിയുടെ പിന്‍കാല്‍ സല്യൂട്ട്’ എന്ന ശീര്‍ഷകത്തില്‍ താന്‍ ഫേസ്ബുക്കിലെഴുതിയ മറുപടി പോസ്റ്റില്‍ മുഖ്യമന്ത്രിയോട് ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നതായും എന്നാല്‍ അതിനൊന്നും മറുപടി ലഭിച്ചില്ലെന്നും വിഎസ് പറയുന്നു.
ഉമ്മന്‍ചാണ്ടിക്ക് ഐടി എന്നാല്‍ ഇന്റര്‍നാഷനല്‍ തട്ടിപ്പാണ്. വ്യാജസന്ന്യാസി സന്തോഷ് മാധവന്റെ പാടത്താണ് ഉമ്മന്‍ചാണ്ടിയുടെ ഐടി വികസനമെന്നും വിഎസ് തുറന്നടിച്ചു. വിഎസിനെ പരിഹസിച്ച് ഉമ്മന്‍ചാണ്ടിയും പോസ്റ്റിട്ടു. അടിയറവ് പറയാനായിരുന്നെങ്കില്‍ എന്തിനു തുടങ്ങിയെന്ന തലക്കെട്ടോടെയാണ് ഉമ്മന്‍ചാണ്ടി വിശദമായ കുറിപ്പ് എഴുതിയിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day