|    Sep 24 Sun, 2017 8:54 am
Home   >  News now   >  

വിംബിള്‍ഡണ്‍: വീനസിനെ തകര്‍ത്ത് വനിതാ സിംഗിള്‍സ് കിരീടം മുഗുരുസക്ക്

Published : 15th July 2017 | Posted By: ev sports


ലണ്ടന്‍: വിംബിള്‍ഡണിലെ പുല്‍കോര്‍ട്ട് ഈ ജയം മറക്കില്ല. അത്രയ്ക്ക് സുന്ദരമായാണ് ഗര്‍ബിന്‍ മുഗുരുസ എന്ന 23കാരി വിംബിള്‍ഡണ്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പിലെ വനിതാ സിംഗിള്‍സ് കിരീടം ചൂടി ടെന്നിസ് ലോകത്തിന്റെ രാജകുമാരിയായത്. ഫൈനലില്‍ മുന്‍ ചാംപ്യന്‍ വീനസ് വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയ സ്പാനിഷ്‌കാരിയായ മുഗുരുസ ആദ്യ വിംബിള്‍ഡണ്‍ ഗ്രാന്‍ഡ്സ്ലാം സ്വന്തമാക്കി. സ്‌കോര്‍: 7-5, 6-0.
സെന്റര്‍ കോര്‍ട്ടില്‍ സ്‌പെയിന്‍ രാജാവ് യുവാന്‍ കാര്‍ലോസിന്റെ സാന്നിധ്യത്തില്‍ മുഗുരുസ കിരീടം ചൂടുമ്പോള്‍ ടെന്നിസ് ലോകം കൈയടികളോടെയാണ് ആ ജയം നോക്കി കണ്ടത്. കണക്കുകളും പ്രവചനങ്ങളും മുന്‍ ചാംപ്യയും അമേരിക്കയുടെ സൂപ്പര്‍ താരവുമായ വീനസ് വില്യംസിനൊപ്പം നിന്നപ്പോള്‍ ആത്മവിശ്വാസം കൈമുതലാക്കിയാണ് മുഗുരുസ മുന്നേറിയത്. പതിനാലാം സീഡായ മുഗുരുസയുടെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണില്‍ മുഗുരുസ കിരീടം നേടിയിരുന്നു.
ഒരു മണിക്കൂര്‍ 18 മിനിറ്റ് കൊണ്ട് അവസാനിച്ചു മല്‍സരം. 14ാം സീഡായ മുഗുരുസയുടെ കനത്ത ആക്രമണത്തിന് മുന്നില്‍ വീനസ് നന്നായി വിയര്‍ത്തു. 5-5 എന്ന നിര്‍ണായക നിലയില്‍ നില്‍ക്കുമ്പോള്‍ സെര്‍വ് നഷ്ടപ്പെടുത്തിയ വീനസിന് ആദ്യ സെറ്റായിരുന്നു വില കൊടുക്കേണ്ടി വന്നത്. അനായാസം രണ്ട് പോയിന്റുകള്‍ കൂടി ചേര്‍ത്ത് രണ്ടാം സെറ്റില്‍ കടന്ന മുഗുരുസ വീനസിനെ ഒറ്റപോയിന്റ് പോലും സ്‌കോര്‍ ചെയ്യാന്‍ സമ്മതിച്ചില്ല. 26 മിനിറ്റിനകം മൂന്നു തവണ സെര്‍വ് നഷ്ടപ്പെടുത്തിയ വീനസ് റെക്കോഡുകള്‍ക്കരികെ തന്റെ സ്വപ്‌നം തകര്‍ന്നു വീഴുന്ന വേദന നന്നായി അനുഭവിച്ചു. എതിരാളിക്ക് പിഴവ് വരുത്താനുള്ള അവസരം സൃഷ്ടിച്ച മുഗുരുസ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടാതെ, അനായാസം കിരീടം ചൂടുകയായിരുന്നു. 1994ല്‍ വിംബിള്‍ഡണ്‍ കിരീടം നേടിയ കൊഞ്ചിത മാര്‍ട്ടിനെസ് ആണ് മുഗുരുസയുടെ പരിശീലക.
ആറാം കിരീടം തേടിയെത്തിയ 37കാരിയുടെ കണ്ണീര് വീണുകൊണ്ടാണ് വിംബിള്‍ഡണ്‍ ചാംപ്യന്‍ഷിപ്പിലെ വനിതാ സിംഗിള്‍സ് കൊടിയിറങ്ങിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക