|    Dec 17 Sun, 2017 11:50 am
FLASH NEWS
Home   >  Todays Paper  >  page 11  >  

വിംബിള്‍ഡണ്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പ് : സെമിയില്‍ സാം ക്വറിയെ തോല്‍പിച്ചു ; സിലിക് ഫൈനലില്‍

Published : 15th July 2017 | Posted By: fsq

 

ലണ്ടന്‍: അപ്രതീക്ഷിതങ്ങള്‍ തുടര്‍ക്കഥയാവുന്ന വിംബിള്‍ഡണ്‍ ഗ്രാന്‍ഡ്സ്ലാം ടെന്നിസ് ടൂര്‍ണമെന്റില്‍ ക്രൊയേഷ്യയുടെ മാരിന്‍ സിലിക് ഫൈനലില്‍. മെന്‍സ് സിംഗിള്‍സ് സെമിഫൈനലില്‍ അമേരിക്കയുടെ സാം ക്വറിയെ ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ഏഴാം സീഡ് താരത്തിന്റെ ഫൈനല്‍ പ്രവേശനം. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പറും നിലവിലെ ചാംപ്യനുമായിരുന്ന ആന്‍ഡി മുറെയെ അട്ടിമറിച്ച് സെമിയിലെത്തിയ അമേരിക്കയുടെ സാം ക്വറിയെ മൂന്ന് മണിക്കൂര്‍ നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് സിലിക് അടിയറവ് പറയിച്ചത്. സ്‌കോര്‍: 6-7 (6-8), 6-4, 7-6 (7-3), 7-5. ആദ്യ സെറ്റില്‍ ടൈബ്രേക്കറില്‍ പരാജയം നേരിട്ട സിലിക് തുടര്‍ സെറ്റുകളില്‍ കരുത്ത് വീണ്ടെടുത്ത് മുന്നേറുകയായിരുന്നു. ഓപണിങ് സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ മല്‍സരം 6-6 എന്ന പോയിന്റ് നിലയിലെത്തി. തുടര്‍ന്ന് നിര്‍ണായക പോയിന്റ് നേടി 24ാം സീഡ് ക്വറി സിലികിനെ ഞെട്ടിച്ചു. പിന്നീട് ടൈബ്രേക്കറിലേക്ക് കടന്ന മല്‍സരത്തില്‍ നിര്‍ഭാഗ്യം കൈവിട്ടപ്പോള്‍ മൂന്ന് തവണ സെര്‍വ് നഷ്ടപ്പെടുത്തിയത് സിലികിന് തിരിച്ചടിയായി. തുടര്‍ന്ന് 6-6ല്‍ നിന്ന മല്‍സരം ഒറ്റയടിക്ക് രണ്ട് പോയിന്റുകള്‍ കരസ്ഥമാക്കി ക്വറി നേടിയെടുത്തു. 37 മിനിറ്റ് മാത്രം നീണ്ടു നിന്ന രണ്ടാം സെറ്റില്‍ ആദ്യം പോയിന്റ് നേടിയത് ക്വറിയായിരുന്നു. എന്നാല്‍, പിന്നീട് ശക്തമായ പ്രകടനത്തിലൂടെ മുന്നേറിയ സിലിക് 3-3 എന്ന പോയിന്റില്‍ നില്‍ക്കെ എതിരാളിക്ക് പിഴവു വരുത്താന്‍ അവസരം ഒരുക്കി. സെര്‍വ് നഷ്ടപ്പെടുത്തിയ ക്വറി ഒരു പോയിന്റ് പിന്നിലെത്തിയപ്പോള്‍ അനായാസം സിലിക് രണ്ടാം സെറ്റ് നേടി മല്‍സരം തുല്യനിലയിലാക്കി. നിര്‍ണായകമായ മൂന്നാം സെറ്റിലും ടൈബ്രേക്കറിലാണ് വിധി നിര്‍ണയമുണ്ടായത്. അനുവദിക്കപ്പെട്ട സമയത്ത് ഇരുവരും ഓരോ തവണ സെര്‍വ് നഷ്ടപ്പെടുത്തിയെങ്കിലും ടൈബ്രേക്കറില്‍ പിഴവ് വരുത്തിയത് ക്വറിയായിരുന്നു. നിര്‍ണായക സമയത്ത് രണ്ടുതവണ തുടര്‍ച്ചയായി സെര്‍വ് നഷ്ടപ്പെടുത്തിയത് സിലികിന്റെ വിജയത്തിന് വേഗം കൂട്ടി. 7-3 എന്ന പോയിന്റിലാണ് സിലിക് മൂന്നാം സെറ്റിന്റെ ടൈബ്രേക്കര്‍ കടന്നത്. വിധിയെഴുതുന്നതിനുള്ള ഫൈനല്‍ സെറ്റില്‍ 3-1ന് പിന്നില്‍ നിന്നശേഷമാണ് സിലിക് മല്‍സരം വീണ്ടെടുത്തത്. വീണ്ടും 4-3ല്‍ മുന്നില്‍ നിന്ന ക്വറി സെര്‍വ് നഷ്ടപ്പെടുത്തിയത് സിലികിന് തുണയായപ്പോള്‍ മല്‍സരം അത്യധികം ആവേശത്തിലേക്ക് വഴിമാറി. തുടര്‍ന്ന് 5-5 പോയിന്റില്‍ നിന്ന് അതിവേഗം രണ്ട് പോയിന്റ് കൂടി ചേര്‍ത്തും കൊണ്ടാണ് സിലിക് ഫൈനല്‍ ടിക്കറ്റെടുത്തത്. കൊയേഷ്യന്‍ താരത്തിന്റെ പ്രഥമ വിംബിള്‍ഡണ്‍ ഫൈനലാണിത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ റോജര്‍ ഫെഡററോ, തോമസ് ബെര്‍ഡിച്ചോ ആയിരിക്കും സിലികിന്റെ എതിരാളി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss