|    Dec 12 Tue, 2017 9:52 am
Home   >  Todays Paper  >  page 11  >  

വിംബിള്‍ഡണ്‍: ജോകോവിച്ചിനെ സാം ക്യുറേ അട്ടിമറിച്ചു; മുറേ നാലാംറൗണ്ടില്‍; ജോകോവിച്ചിന് മടക്കടിക്കറ്റ്

Published : 4th July 2016 | Posted By: SMR

ലണ്ടന്‍: അട്ടിമറി തോല്‍വിയോടെ നിലവിലെ ചാംപ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ സെര്‍ബിയയുടെ നൊവാക് ജോകോവിച്ച് വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. മൂന്നാംറൗണ്ടില്‍ ലോക റാങ്കിങില്‍ 41ാം സ്ഥാനത്തുള്ള അമേരിക്കയുടെ സാം ക്യുറേയാണ് ടൂര്‍ണമെന്റില്‍ ഹാട്രിക്ക് കിരീടം തേടിയെത്തിയ ജോകോവിച്ചിനെ ഞെട്ടിച്ചത്.
കലണ്ടര്‍ ഗ്രാന്‍ഡ്സ്ലാം തേടിയിറങ്ങിയ സെര്‍ബിയന്‍ താരത്തെ ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്കാണ് ക്യുറേ വീഴ്ത്തിയത്. സ്‌കോര്‍: 7-6, 6-1, 3-6, 7-6. പരാജയമറിയാത്ത തുടര്‍ച്ചയായ 30 ഗ്രാന്‍ഡ്സ്ലാം മല്‍സരങ്ങള്‍ക്കു ശേഷം ജോകോവിച്ചിന്റെ ആദ്യ തോല്‍വിയാണിത്.
അതേസമയം, ബ്രിട്ടന്റെ ആന്‍ഡി മുറേ, കാനഡയുടെ മിലോസ് റഹോനിക്ക്, ജപ്പാന്റെ കെയ് നിഷിങ്കോരി എന്നിവര്‍ പുരുഷ വിഭാഗത്തിലും റുമാനിയയുടെ സിമോണ ഹലെപ്പ്, അമേരിക്കയുടെ മാഡിസണ്‍ കെയ്‌സ്, ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബര്‍, സ്ലൊവാക്യയുടെ ഡൊമിനിക സിബുല്‍കോവ, പോളണ്ടിന്റെ അഗ്‌നിയേസ്‌ക റഡ്‌വാന്‍സ്‌ക എന്നിവര്‍ വനിതാ വിഭാഗത്തിലും വിജയത്തോടെ നാലാം റൗണ്ടില്‍ കടന്നു.
എന്നാല്‍, വനിതകളില്‍ 10ാം സീഡായ ചെക്ക് റിപബ്ലിക്കിന്റെ പെട്ര ക്വിറ്റോവയെ റഷ്യയുടെ എകതറീന മകറോവയും പുരുഷന്‍മാരില്‍ ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോങയെ അമേരിക്കയുടെ ജോഹന്‍ ഇസ്‌നറും തോല്‍പ്പിച്ചു. ആസ്‌ത്രേലിയയുടെ ജോഹന്‍ മില്‍മാനിനെയാണ് മൂന്നാംറൗണ്ടില്‍ രണ്ടാം സീഡായ മുറെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-3, 7-5, 6-2.
റഹോനിക്ക് അമേരിക്കയുടെ ജാക് സോക്കിനെയും (7-6, 6-4, 7-6) നിഷിങ്കോരി റഷ്യയുടെ ആന്ദ്രെ കുസ്‌നെറ്റ്‌സോവയെയും (7-5, 6-3, 7-5) ഇസ്‌നര്‍ സോങയെയുമാണ് (7-6, 6-3, 6-7) പരാജയപ്പെടുത്തിയത്. മൂന്നാം സീഡായ റഡ് വാന്‍സ്‌ക 6-3, 6-1 എന്ന സ്‌കോറിനെ ചെക്ക് റിപബ്ലിക്കിന്റെ കതറീന സിനികോവയെയും കെര്‍ബര്‍ 7-6, 6-1 എന്ന സ്‌കോറിന് നാട്ടുകാരിയായ കറിന വിത്തോഫ്റ്റിനെയും മൂന്നാംറൗണ്ടില്‍ തുരത്തുകയായിരുന്നു.
സാനിയ, ബൊപ്പണ്ണ സഖ്യങ്ങള്‍ മുന്നോട്ട്
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ് ടൂണമെന്റില്‍ ഇന്ത്യയുടെ സാനിയ മിര്‍സ, രോഹന്‍ ബൊപ്പണ്ണ സഖ്യങ്ങള്‍ക്ക് മുന്നേറ്റം. വനിതാ ഡബിള്‍സില്‍ ഒന്നാം സീഡായ സാനിയ-സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യം വിജയത്തോടെ തുടങ്ങിയപ്പോള്‍ പുരുഷ ഡബിള്‍സില്‍ ബൊപ്പണ്ണ-റുമാനിയയുടെ ഫ്‌ളോറിന്‍ മെര്‍ജിയ സഖ്യം മൂന്നാം റൗണ്ടിലേക്ക് മുന്നേറി.
ഒന്നാംറൗണ്ടില്‍ ജര്‍മനിയുടെ അന്ന ലെന-ലൗറ സീഗ്മുണ്ട് ജോടിയെയാണ് സാനിയ-ഹിംഗിസ് സഖ്യം തോല്‍പ്പിച്ചത്. സ്‌കോര്‍: 6-2, 7-5. രണ്ടാംറൗണ്ടില്‍സ്ലൊവാക്യയയുടെ ആന്ദ്രെ മാര്‍ട്ടിന്‍-ചിലിയുടെ ഹന്‍സ് പൊഡിനിക് ജോടിയെയാണ് ബൊപ്പണ്ണ-മെര്‍ജിയ സഖ്യം മറികടന്നത്. സ്‌കോര്‍: 7-5, 6-2.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക