|    Jul 27 Thu, 2017 6:00 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

വാഹന റിപ്പയറിങിന് അമിത കൂലി ഈടാക്കുന്നതായി പരാതി

Published : 8th August 2016 | Posted By: SMR

ദോഹ: ചില ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പുകള്‍ റിപ്പയറിങ്, മെയിന്റനന്‍സ് ജോലികള്‍ക്ക് അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി. നിലവാരം കുറഞ്ഞ ജോലികള്‍ക്ക് വന്‍തുക ഈടാക്കുന്നതായി പൗരന്മാര്‍ പരാതിപ്പെടുന്ന കാര്യം പ്രാദേശിക അറബി പത്രമാണ് റിപോര്‍ട്ട് ചെയ്തത്. വര്‍ക്ക്‌ഷോപ്പുകള്‍ക്കും ഗാരേജുകള്‍ക്കും മേല്‍ അധികൃതര്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നു. നിശ്ചിതമായ ചാര്‍ജില്ലാത്തതിനാല്‍ വര്‍ക്ക് ഷോപ്പുകള്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയാണെന്നാണ് പരാതി.
ചെറിയ പെയ്ന്റിങ് ജോലികള്‍ക്കു പോലും ചില ഗാരേജുകള്‍ ചുരുങ്ങിയത് 500 റിയാലാണ് ഈടാക്കുന്നത്. ഗാരേജ് മാനേജര്‍ക്ക് തോന്നുന്നത് പോലെയാണ് ചാര്‍ജെന്നും റിപോര്‍ട്ടില്‍ പറയുന്നു.
ഉപയോഗിച്ച സ്‌പെയര്‍ പാര്‍ട്ടുകള്‍ക്കും തോന്നിയ പോലെ വില ഈടാക്കുന്നതായി ഉപഭോക്താക്കള്‍ പരാതിപ്പെട്ടു.
പല ഗാരേജുകളും അംഗീകൃത ഡീലര്‍മാര്‍ ഈടാക്കുന്ന അതേ ചാര്‍ജാണ് റിപ്പയറിങിന് വാങ്ങുന്നതെന്ന് ഹമദ് അല്‍നുഐമി എന്ന സ്വദേശി പറഞ്ഞു. ഇത് അസ്വീകാര്യമാണ്. കാരണം, അംഗീകൃത ഡീലര്‍മാര്‍ ഇത്തരം ജോലികള്‍ക്ക് വാറന്റി നല്‍കുന്നുണ്ട്. മാത്രമല്ല, സര്‍ട്ടിഫൈ ചെയ്ത നിലവാരത്തിലുള്ള സേവനമാണ് അവര്‍ നല്‍കുന്നത്. എന്നാല്‍, ഗാരേജുകള്‍ അത്തരത്തിലുള്ള സേവനങ്ങളല്ല നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപയോഗിച്ച സ്‌പെയര്‍ പാര്‍ട്ടുകള്‍ക്ക് പുതിയവയുടെ വില ഈടാക്കുന്നതായും അദ്ദേഹം പറഞ്ഞു. പെട്ടെന്ന്  പണി തീര്‍ത്ത് കിട്ടാനുള്ള ഉപഭോക്താക്കളുടെ ധൃതിയെ ഗാരേജുകള്‍ ചൂഷണം ചെയ്യുകയാണ്. ഇതു മൂലം സ്‌പെയര്‍ പാര്‍ട്ടുകള്‍ വിദേശത്ത് നിന്ന് വാങ്ങാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതരാവുന്നു. ഇന്റര്‍നെറ്റില്‍ ഓര്‍ഡര്‍ ചെയ്ത് ചുരുങ്ങിയ വിലക്കാണ് ഇവ ലഭ്യമാക്കുന്നത്. ഗാരേജുകളില്‍ ഈടാക്കുന്നതിനേക്കാള്‍ 50 ശതമാനം വിലക്കുറവിലാണ് വിദേശത്ത് നിന്ന് പാര്‍ട്‌സുകള്‍ കിട്ടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയതിന് 100 റിയാല്‍ മാത്രമുള്ള ഒരു സ്‌പെയര്‍ പാര്‍ട്ട്, ഉപയോഗിച്ചതിന് 500 റിയാല്‍ വരെ ഈടാക്കിയ ഗാരേജുണ്ടെന്ന് മറ്റൊരു സ്വദേശിയായ സാലിം അല്‍നബ്തി പറഞ്ഞു. വിപണി വിലയെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് ധാരണയില്ലാത്തതിനാലാണ് ഇങ്ങനെ പറ്റിക്കാന്‍ സാധിക്കുന്നത്. ഒരേ ജോലിക്ക് തന്നെ വ്യത്യസ്ത ഗാരേജുകളില്‍ 300 റിയാല്‍ മുതല്‍ 1000 റിയാല്‍ വരെ ഈടാക്കുന്നതായും അദ്ദേഹം ആരോപിച്ചു.
ചില ഗാരേജുകളില്‍ പരിചയ സമ്പന്നരല്ലാത്തവര്‍ പണി ചെയ്യുന്നതു മൂലം അനാവശ്യ ചെലവ് വരുന്ന സംഭവങ്ങളുമുണ്ട.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക