|    Jul 25 Tue, 2017 8:22 am
FLASH NEWS

വാഹന പരിശോധന; രണ്ടരക്കിലോ കഞ്ചാവുമായി ക്രിമിനല്‍ കേസ് പ്രതി പിടിയില്‍

Published : 17th August 2016 | Posted By: SMR

കോഴിക്കോട്: നഗരം കേന്ദ്രീകരിച്ച് കഞ്ചാവ് വിതരണം നടത്തുന്ന ശൃംഖലയിലെ പ്രധാനിയെ കോഴിക്കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗവും സംയുക്തമായി നടത്തിയ വാഹന പരിശോധനക്കിടെ പിടികൂടി. മലപ്പുറം കൊണ്ടോട്ടി വാഴയൂര്‍ സ്വദേശിയായ ചാത്തമംഗലത്ത് വാടകക്ക് താമസിക്കുന്ന ഷെമീര്‍ എന്നയാളെയാണ് 2.500 കി ഗ്രാം കഞ്ചാവുമായി പിടികൂടിയത്. നഗരത്തിലും പരിസര പ്രദേശങ്ങളിലും വന്‍തോതില്‍ കഞ്ചാവിന്റെ ചില്ലറ വ്യാപാരം നടത്തി വന്നയാളാണ് ഇയാള്‍.  1000 രൂപ, 500 രൂപ, 200 രൂപ എന്നീ ക്രമത്തില്‍ കഞ്ചാവ് പോളിത്തീന്‍ കവറില്‍ പാക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ മുഖേന ആവശ്യക്കാരെ കണ്ടെത്തി സ്‌ക്കൂട്ടറില്‍ കറങ്ങിയാണ് ഇയാള്‍ വ്യാപാരം നടത്തിവന്നത്.
പിടിച്ചുപറി കേസ്സിലും ബൈക്കില്‍ കറങ്ങി മാലപൊട്ടിച്ച കേസ്സുകളിലും ഷമീര്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളതാണ്. പിടികൂടുന്നതിന് മുമ്പ് ഒരു മണിക്കൂറിനുള്ളില്‍ തന്നെ 5300 രൂപക്ക് കഞ്ചാവ് വിറ്റിട്ടുള്ളതായി ബോധ്യപ്പെട്ട് ആ തുകയും മൊബൈല്‍ ഫോണും തൊണ്ടിയായി പിടിച്ചെടുത്തിട്ടുണ്ട്. കഞ്ചാവ് വില്‍പ്പനക്കായി ഇയാള്‍ പ്രത്യേക തരം കോഡുകള്‍ ഉപയോഗിച്ചുവരുന്നു. 1000 രൂപ പാക്കറ്റിന് ‘വട’ എന്നും 500 രൂപ പാക്കറ്റിന് ‘ഗാന്ധി’ എന്നും 100 രൂപ പാക്കറ്റിന് ‘പച്ച’ എന്നും പറയുന്നു. ജയില്‍ വാസത്തിനിടെ പരിചയപ്പെട്ട മയക്കുമരുന്ന് ഉപയോഗിച്ചുവരുന്ന സുഹൃത്തുക്കളുടെ പ്രേരണക്ക് വഴങ്ങിയാണ് കഞ്ചാവ് വില്‍പ്പന നടത്തിയതെന്നും വില്‍പ്പനക്ക് ഇവരില്‍ പലരുടെയും ഒത്താശയും സഹായവും ഉണ്ടായിരുന്നതായി അറിയുന്നു. പ്രതിയെയും തൊണ്ടി മുതലുകളും വടകര എന്‍ഡിപിഎസ് സ്‌പെഷ്യല്‍ കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.   എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി ഹരികൃഷ്ണ പിള്ള, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി മുരളീധരന്‍, ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ പ്രജിത്ത് എന്നിവര്‍ നേതൃത്വം നല്‍കിയ പരിശോധനയില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പദ്മാനന്ദ്, പ്രവന്റീവ് ഓഫീസര്‍ ഒ.ബി. ഗണേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി. പി. ബിജുമോന്‍, സി. രാമകൃഷ്ണന്‍, യു.പി. മനോജ് കുമാര്‍, കെ. ഗംഗാധരന്‍, അവിനാശ്, എസ്. സജു, സി. മനോജ്, ധനീഷ് കുമാര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക