|    Aug 21 Mon, 2017 4:31 am
FLASH NEWS

വാഹന പരിശോധനയ്ക്കിടെ റിട്ട. ജവാന്‍ മരിച്ച സംഭവം: പോലിസുകാര്‍ക്കെതിരേ അന്വേഷണം തുടങ്ങി

Published : 4th August 2017 | Posted By: fsq

 

കാട്ടാക്കട: പോലിസിന്റെ വാഹന പരിശോധനയ്ക്കിടെ സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് റിട്ട. ബിഎസ്എഫ് ജവാന്‍ മരിച്ച സംഭവത്തില്‍ മാറനല്ലൂര്‍ അഡിഷണല്‍ എസ്‌ഐയ്ക്കും രണ്ട് പോലിസുകാര്‍ക്കുമെതിരെ അന്വേഷണം ആരംഭിച്ചു. അണപ്പാട് പൂവന്‍പറമ്പ് വിനായകയില്‍ വിക്രമന്‍നായരാണ് (68) വാഹന പരിശോധനയുമായി ബന്ധപ്പെട്ട് പിന്തുടര്‍ന്നെത്തിയ പോലിസിനെ മറികടന്ന് മുന്നോട്ടു പോയപ്പോള്‍ പോസ്റ്റില്‍ സ്‌കൂട്ടര്‍ ഇടിച്ച് ബുധനാഴ്ച രാത്രി 7.30ന് മരിച്ചത്. വിവരമറിഞ്ഞ് എത്തിയ വിക്രമന്‍നായരുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പോങ്ങുംമൂട് കാട്ടാക്കട റോഡ് ഉപരോധിച്ചിരുന്നു. അപകടത്തില്‍ പെട്ട ജവാന്റെ മൃതദേഹം കണ്ടല സഹകരണ ആശുപത്രിയിലത്തിച്ച ശേഷം പോലിസുകാര്‍ മുങ്ങിയെന്നാരോപിച്ചായിരുന്നു ഉപരോധം. ആശുപത്രിയില്‍ ആര്‍ഡിഒ എത്തിയാലേ മൃതദേഹം മാറ്റുവെന്നും നാട്ടുകാര്‍ നിലപാടെടുത്തിരുന്നു. തുടര്‍ന്ന് ഡെപ്യൂട്ടി കലക്ടര്‍ ബൈജു സ്ഥലത്തെത്തി സംഭവത്തെ സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നും മൃതദേഹം പരിശോധനയ്ക്ക് ഉത്തരവാദപ്പെട്ടവരെത്തുമെന്നും ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് റോഡ് ഉപരോധം അവസാനിപ്പിച്ചത്. വീടിനടുത്തുള്ള അണപ്പാട് പാലത്തിനു സമീപത്ത് സ്‌കൂട്ടര്‍ പാര്‍ക്കു ചെയ്ത ശേഷം മുന്നോട്ടു നടക്കാന്‍ തുടങ്ങുമ്പോഴാണ് പോലിസ് വാഹന പരിശോധനയ്ക്ക് നില്‍ക്കുന്നത് വിക്രമന്‍നായര്‍ കണ്ടത്. ഉടനെ തിരിഞ്ഞ് സ്‌കൂട്ടറെടുത്തു ഓടിച്ചുപോയ വിക്രമന്‍നാരെ പോലിസ് പിന്നാലെ ഓടിയെത്തി ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുവലിച്ചപ്പോള്‍ ഭയന്ന് അമിത വേഗത്തില്‍ സ്‌കൂട്ടര്‍ ഓടിച്ച് പോയി ചീനിവിള മഹാത്മ ഗ്രന്ഥശാലയ്ക്കു സമീപത്തെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. പോലിസ് ജീപ്പില്‍ വിക്രമന്‍നായരെ കണ്ടല സഹകരണ ആശുപത്രിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ആര്‍ഡിഒയുടെ നിര്‍ദേ ശാനുസരണം മൃതദേഹം തഹസീല്‍ദാര്‍ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടു വളപ്പില്‍ സംസ്‌ക്കരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക