|    Mar 27 Mon, 2017 8:28 am
FLASH NEWS

വാഹന പരിശോധനയ്ക്കിടെ എസ്‌ഐക്ക് ബൈക്കിടിച്ച് പരിക്ക്

Published : 20th September 2016 | Posted By: SMR

തിരുവനന്തപുരം: തിരുവല്ലത്തിനു സമീപം വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ബൈക്കിടിച്ച് തെറിപ്പിച്ചു. ഗുരുതര പരിക്കേറ്റ എആര്‍ ക്യാമ്പിലെ എസ്‌ഐ സതീഷ്‌കുമാര്‍ (54) സ്വകാര്യ ആശുപത്രില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. തലയ്ക്കും മുഖത്തിനും കാല്‍മുട്ടിനുമാണ് പരിക്ക്.
വാഹനപരിശോധനയ്ക്കിടെ അതിവേഗത്തില്‍ വന്ന ബൈക്ക് എസ്‌ഐയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. വെട്ടുകാട് സ്വദേശികളായ മുഹമ്മദ് നൗഫി (20) ഷിബു(23) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് നൗഫിയുടെ തലയ്ക്ക് സാരമായ പരുക്കുള്ളതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് 3.30ഓടെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നു പേരുണ്ടായിരുന്ന ബൈക്കില്‍ ഓടിച്ചിരുന്നയാള്‍ക്ക് ഹെല്‍മറ്റ് ഉണ്ടായിരുന്നില്ല.
ഇന്നലെ ഉച്ചയോടെയാണ് വാഴമുട്ടത്ത് വാഹനപരിശോധനയിലുണ്ടായിരുന്ന സതീഷ്‌കുമാറിനെ സംഘം ഇടിച്ചുവീഴ്ത്തിയത്. ബൈക്കില്‍ മൂന്നുപേര്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ട എസ്‌ഐ വാഹനം നിര്‍ത്തുന്നതിനായി കൈ കാണിക്കുകയായിരുന്നു. എന്നാല്‍ അമിത വേഗത്തിലെത്തിയ ബൈക്ക് എസ്‌ഐയെ റോഡിന്റെ വശത്തേക്ക് തെറിപ്പിച്ചു.
നിയന്ത്രണംവിട്ടു താഴെ വീണ മൂന്നംഗ സംഘം ഉടന്‍ ബൈക്കുമായി കടക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന പോലിസുകാര്‍ സതീഷ്‌കുമാറിനെ ഉടന്‍തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
സതീഷ്‌കുമാറിന്റെ ആരോഗ്യനില സംബന്ധിച്ചു 48 മണിക്കൂറിനു ശേഷമേ പറയാനാവൂവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സതീഷ്‌കുമാറിന്റെ തലച്ചോറിലെ രക്തസ്രാവം ഇപ്പോള്‍ നിയന്ത്രണ വിധേയമാണെങ്കിലും ഇനിയും ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഒന്നരവര്‍ഷം മുമ്പ് ആന്‍ജിയോപ്ലാസ്റ്റി നടത്തിയിട്ടുള്ളതിനാല്‍ രക്തസ്രാവംകൂടിയാല്‍ ആരോഗ്യനില വഷളാവാന്‍ സാധ്യതയുള്ളതായും ഡോക്ടര്‍മാര്‍ പറഞ്ഞു. ആശിഖ് എന്നയാളുടെ പേരിലുള്ള പള്‍സര്‍ ബൈക്കാണ് അപകടമുണ്ടാക്കിയത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക