|    Dec 12 Wed, 2018 8:49 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വാഹനാപകട മരണംകുടുംബത്തിന് നഷ്ടപരിഹാരം ലഭിച്ചത് 15 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം

Published : 19th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ മരണപ്പെട്ട കേസില്‍ കീഴ്‌ക്കോടതികള്‍ മതിയായ തെളിവില്ലെന്ന് പറഞ്ഞ് തള്ളിയ കേസ് 15 വര്‍ഷങ്ങള്‍ക്കു ശേഷം സുപ്രിംകോടതി തീര്‍പ്പാക്കി. വാഹനാപകടത്തില്‍ മരണപ്പെട്ടുവെന്ന് തെളിയിക്കുന്നതിന് കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയും മോട്ടോര്‍ ആക്‌സിഡന്റ് ക്‌ളെയിംസ് ട്രൈബ്യൂണലും നഷ്ടപരിഹാരം തടഞ്ഞ കേസില്‍ 15 വര്‍ഷത്തിനു ശേഷമാണ് സുപ്രിംകോടതി ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവായത്.
അപകടത്തെ കുറിച്ചും അതില്‍ ഉള്‍പ്പെട്ട വ്യക്തികളെ കുറിച്ചും ഹരജിക്കാര്‍ നല്‍കിയതിനേക്കാള്‍ കൂടുതല്‍ ഇനി എന്ത് തെളിവുകളാണ് ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വേണ്ടതെന്ന് ചോദിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ എ എം സപ്രെ, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ച് കേസില്‍ തീര്‍പ്പ് കല്‍പ്പിച്ചത്. അപകടം നടന്നുവെന്ന് തെളിയിക്കാനായില്ലെന്നായിരുന്നു ഹൈക്കോടതിയും മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിന്റെയും കണ്ടെത്തലുകള്‍. ഇതു തിരുത്തിക്കൊണ്ടാണ് കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രിംകോടതി വിധിച്ചത്.
25കാരനായ രാജേന്ദ്ര പ്രസാദ് യാത്രചെയ്തിരുന്ന ബസ്സും എതിരേ വന്ന ട്രക്കും തമ്മിലുണ്ടായ അപകടത്തില്‍ അദ്ദേഹം മരണപ്പെട്ടു.
ഇദ്ദേഹത്തിന്റെ കുടുംബം മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലില്‍ അടക്കം സിവില്‍, ക്രിമിനല്‍ നടപടികള്‍ പ്രകാരം നഷ്ടപരിഹാരത്തിനായി നിയമപോരാട്ടം നടത്തി.
സംഭവത്തിന്റെ എഫ്‌ഐആര്‍, കുറ്റപത്രം, സൈറ്റ് പ്ലാന്‍, പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്, ട്രക്കിന്റെ റെജിസ്‌ട്രേഷന്‍ നമ്പര്‍, ഇന്‍ഷുറന്‍സ് കവറേജ് നമ്പര്‍, മെക്കാനിക്കല്‍ ഇന്‍സ്‌പെക്ഷന്‍ റിപോര്‍ട്ട്, ട്രക്കിന്റെ ഉടമയ്ക്ക് നിയമാനുസൃതം അയച്ച നോട്ടീസിന്റെ പകര്‍പ്പ് എന്നിവ ട്രൈബ്യൂണല്‍ മുമ്പാകെ കുടുംബം സമര്‍പ്പിച്ചു.
എന്നാല്‍, ട്രക്കിന്റെ ഡ്രൈവറും ഉടമയും നിയമനടപടിക്രമങ്ങള്‍ക്ക് ഹാജരാവാത്തതിനെ തുടര്‍ന്ന് എതിര്‍കക്ഷിയുടെ അഭാവം ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് കമ്പനി സാക്ഷികളെ പരിശോധിച്ചിട്ടില്ലെന്നും അവകാശവാദികളുടെ ഭാഗത്തുനിന്നുള്ള മൂന്നുപേരെ വിസ്തരിച്ചുവെന്നും രേഖാമൂലം റിപോര്‍ട്ട് നല്‍കി. ഇതോടെ, രാജേന്ദ്രപ്രസാദ് മരണപ്പെടാന്‍ കാരണമായ അപകടം തെളിയിക്കുന്നതില്‍ കക്ഷികള്‍ പരാജയപ്പെട്ടെന്ന് ട്രൈബ്യൂണല്‍ വിധിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് ഹരജിക്കാര്‍ ഹൈക്കോടതിയെയും തുടര്‍ന്ന് സുപ്രിംകോടതിയെയും സമീപിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss