|    Nov 17 Sat, 2018 6:31 am
FLASH NEWS

വാഹനാപകടത്തില്‍ പരിക്കേറ്റ് ഓര്‍മ നഷ്ടമായ ഗൃഹനാഥനെ ഉപേക്ഷിച്ചു

Published : 8th August 2018 | Posted By: kasim kzm

തൃശൂര്‍: വാഹനാപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഓര്‍മശക്തി നഷ്ടപ്പെട്ട പുന്നയൂര്‍ക്കുളം ആല്‍ത്തറയിലെ ജുവലറി ഉടമയെ ഭാര്യയും നാല് മക്കളും ബാംഗ്ലൂരില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അന്വേഷണം നടത്തി ജുവലറി ഉടമയെ സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.
പുന്നയൂര്‍ക്കുളം സ്വദേശി കബീറിനെ (64) അദ്ദേഹത്തിന്റെ മുഴുവന്‍ സമ്പത്തും തട്ടിയെടുത്ത ശേഷം ഉപേക്ഷിച്ച ഭാര്യക്കും മക്കള്‍ക്കുമെതിരെ അന്വേഷണം നടത്താനാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് തൃശൂര്‍ ജില്ലാ പോലിസ് മേധാവിക്ക് ഉത്തരവ് നല്‍കിയത്. നടപടി റിപോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണം. കബീറിന്റെ ദുരവസ്ഥ മതിലകം പോലിസിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് പരാതിയുണ്ട്.
മുതിര്‍ന്ന പൗരന്‍മാരെ സംരക്ഷിക്കേണ്ടത് മക്കളുടെ കടമയാണെന്നും അങ്ങനെ ചെയ്യാതിരിക്കുന്നത് നിയമ ലംഘനമാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അച്ഛന്‍ അധ്വാനിച്ച് സമ്പാദിച്ചതെല്ലാം മക്കള്‍ കൈയടക്കിയ ശേഷം പിതാവിനെ ഉപേക്ഷിച്ച നടപടി തീര്‍ത്തും തെറ്റാണെന്ന് ഉത്തരവില്‍ പറയുന്നു.
തൃശൂര്‍ ആര്‍ ഡി ഒ വിഷയം പരിശോധിച്ച് ഒരു മാസത്തിനകം റിപോര്‍ട്ട് നല്‍കണമെന്ന് പി മോഹനദാസ് ആവശ്യപ്പെട്ടു. കേസ് സപ്തംബറില്‍ തൃശൂരില്‍ നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും. പത്ത് കൊല്ലത്തിനു മുമ്പ് നടന്ന വാഹനാപകടത്തിലാണ് കബീറിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഓര്‍മശക്തി കുറഞ്ഞതോടെ ഭാര്യയും മക്കളും ഉപേക്ഷിച്ചു.
കച്ചവടം കൈവിട്ടു ഇപ്പോള്‍ ജീവിക്കാന്‍ മാര്‍ഗ്ഗമില്ല. മക്കള്‍ തന്നെ ഏറ്റെടുക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് കബീറിന്റെ ജീവിതം. മതിലകം സ്വദേശി റിയാസിന്റെ സംരക്ഷണയിലാണ് കബീര്‍ കഴിയുന്നത്. പിതാവിനെ ഏറ്റെടുക്കണമെന്ന് റിയാസ് കബീറിന്റെ മക്കളോട് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. പത്ര റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss