|    Aug 18 Fri, 2017 10:03 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വാഹനാപകടം; രണ്ടു പേര്‍ മരിച്ചു

Published : 17th October 2016 | Posted By: SMR

കാക്കനാട്: കാക്കനാട് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ചിറ്റേത്തുകരയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന രണ്ട് പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങര ദേവകൃപയില്‍ വി ഗണേശ് (59), ഗണേശന്റെ ഭാര്യാ സഹോദരിയായ കൊടുങ്ങല്ലൂര്‍ ആനാപുഴ പത്താഴപ്പറമ്പില്‍ പത്മാവതിയുടെ മകന്‍ അഭിഷേക് (11) എന്നിവരാണ് മരിച്ചത്.
മരിച്ച ഗണേശന്റെ ഭാര്യ രാജി (47), പത്മാവതി (52), മകള്‍ ശില്‍പ (20), ബന്ധു ദിവ്യ (32), ദിവ്യയുടെ മകന്‍ ആദിത്യന്‍ (11) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇതില്‍ പത്മാവതിയുടെ പരിക്ക് ഗുരുതരമാണ്. ഇവരെ വിദഗ്ധ ചികില്‍സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം.
ഗണേശിന്റെ മകള്‍ രേഖയെയും ഭര്‍ത്താവിനെയും ഗള്‍ഫിലേക്ക് അയക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാക്കി മടങ്ങുംവഴിയായിരുന്നു സംഭവം.
തൃപ്പൂണിത്തുറ ഭാഗത്തുനിന്ന് വന്ന ടാങ്കര്‍ ലോറിയുമായാണ് കാര്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.  ഗണേശനാണ് കാര്‍ ഓടിച്ചിരുന്നത്. അഭിഷേകും മുന്‍ സീറ്റിലായിരുന്നു. പിന്‍സീറ്റിലായിരുന്ന ശില്‍പ റോഡിലേക്ക് തെറിച്ചുവീണു. മറ്റുള്ളവരെ നാട്ടുകാരും അഗ്‌നിശമന സേനയും പോലിസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക