|    Jan 18 Wed, 2017 7:15 am
FLASH NEWS

വാഹനാപകടം: നഷ്ടപരിഹാരം ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

Published : 27th September 2016 | Posted By: SMR

കൊച്ചി: വാഹനാപകടങ്ങള്‍ക്ക് ഇരയാവുന്നവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കേണ്ട ബാധ്യതയില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഹൈക്കോടതി. ബൈക്കപകടത്തില്‍ കൊല്ലപ്പെട്ട കൊല്ലം സ്വദേശി ബിജുവിന് ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം അനുവദിക്കാത്ത മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രൈബ്യൂണല്‍ ഉത്തരവ് ചോദ്യം ചെയ്ത് ഭാര്യ മിനിയും രണ്ട് കുട്ടികളും ബിജുവിന്റെ മാതാവും സമര്‍പ്പിച്ച അപ്പീല്‍ ഹരജിയാണ് കോടതി പരിഗണിച്ചത്.ഗിരീഷ്‌കുമാര്‍ എന്നയാള്‍ ഓടിച്ചിരുന്ന ബൈക്കിന് പിന്നില്‍ യാത്ര ചെയ്യുകയായിരുന്ന ബിജു 2010 മാര്‍ച്ച് 21നാണ് അപകടത്തില്‍ മരിച്ചത്. ബിജുവിന്റെ ബൈക്കാണ് ഗിരീഷ് ഓടിച്ചിരുന്നത്. എന്നാല്‍, വാഹനയുടമയായ ബിജുവിന് ഇന്‍ഷുറന്‍സ് തുകയ്ക്ക് അര്‍ഹതയില്ലെന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം ട്രൈബ്യൂണല്‍ അനുവദിക്കുകയായിരുന്നു. വാഹനയുടമ തന്നെയായിരിക്കണം ഡ്രൈവര്‍ എങ്കില്‍ മാത്രമേ ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളൂവെന്ന നിലയിലുള്ള നിരീക്ഷണമാണ് ട്രൈബ്യൂണല്‍ നടത്തിയത്. പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുള്ള വാദവും തള്ളി. എന്നാല്‍, ഈ നിരീക്ഷണം അനുവദിക്കാനാവില്ലെന്നും പേഴ്‌സണല്‍ ആക്‌സിഡന്റ് കവറേജ് പ്രകാരമുള്ള ഒരുലക്ഷം രൂപയ്ക്ക് ഹരജിക്കാര്‍ അര്‍ഹരാണെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.പണക്കാരനും പാവപ്പെട്ടവനും ഉപയോഗിക്കുന്നുണ്ടെങ്കിലും ഇരു ചക്രവാഹനങ്ങളെ ആഡംബര വാഹനമായി കാണാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ചെറിയ കുടുംബങ്ങള്‍ ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് സാധാരണ കാഴ്ചയാണ്. എന്നാല്‍, ഒറ്റച്ചക്രത്തിന്റെ ട്രാക്കില്‍ പോവുന്ന ഈ വാഹനത്തിന് അപകട സാധ്യതയും കൂടുതലാണ്. അതേസമയം, വ്യക്തിപരമായ ഇന്‍ഷുറന്‍സ് പോലുമില്ലാതെയാണ് ഇവര്‍ വാഹനമോടിക്കുന്നത് എന്നതാണ് വസ്തുത. ഇന്‍ഷുറന്‍സ് കവറേജില്‍ ഇവര്‍ പെടുന്നില്ല. അതേസമയം, വാഹനങ്ങള്‍ ഓടിക്കാന്‍ പൊതു റോഡുണ്ടാക്കുകയും അത് സംരക്ഷിക്കുകയും ഇതിന്റെ പേരില്‍ നികുതി പിരിക്കുകയൂം ചെയ്യുന്ന സര്‍ക്കാരിന് റോഡപകടങ്ങളുടെയും അതിന് ഇരയാവുന്നവരുടേയും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാവില്ല. സര്‍ക്കാര്‍ സ്വമേധയോ ഇന്‍ഷുറന്‍സ് കമ്പനികളെ ബാധ്യതപ്പെടുത്തി പേഴ്‌സണല്‍ ആക്‌സിഡന്റ് കവറേജിനിപ്പുറമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക