|    Apr 24 Mon, 2017 4:50 pm
FLASH NEWS

വാഹനാപകടം; അഭിഭാഷകന് ജാമ്യം നല്‍കിയ സംഭവം: പോലിസ് ഒത്തുകളിച്ചെന്നാക്ഷേപം

Published : 1st December 2016 | Posted By: SMR

ആലുവ: വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ പ്രതിയായ അഭിഭാഷകന് ജാമ്യം നല്‍കിയ സംഭവത്തില്‍ പോലിസ് ഒത്തുകളിച്ചതായി ആക്ഷേപം. ആലുവ-എറണാകുളം ദേശീയപാതയില്‍ ആലുവ ഗ്യാരേജിന് സമീപത്താണ് കഴിഞ്ഞ ദിവസം അപകടം നടന്നത്. ആഡംബര കാറില്‍ സഞ്ചരിച്ചിരുന്ന അഭിഭാഷകനാണ് അപകടം വരുത്തിയത്. അശ്രദ്ധമായി വാഹനം ഓടിച്ചിരുന്ന അഭിഭാഷകന്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്ന അച്ഛനേയും മകനേയും ഇടിച്ചുവീഴ്ത്തുകയായിരുന്നു. അപകടത്തില്‍ തലനാരിഴക്കാണ് രണ്ടുപേരും രക്ഷപ്പെട്ടതെങ്കിലും സ്വകാര്യ ആശുപത്രിയിലായിരുന്ന രണ്ടുപേരും അപകടനില ഇതുവരേയും തരണംചെയ്തിട്ടില്ല. ഗതാഗത നിയമങ്ങള്‍ പാലിക്കാതെ അശ്രദ്ധമായി ഓടിച്ച അഭിഭാഷകന്റെ ആഡംബരകാര്‍ ബൈക്കിന്റെ മധ്യഭാഗത്ത് തന്നെയായിരുന്നു ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീണിരുന്നു. അമിത വേഗതയിലായിരുന്ന കാറിന്റെ ബോണറ്റില്‍ ഒരാള്‍ ഇടിച്ചു നിന്നിട്ടും അഭിഭാഷകന്‍ കാര്‍ നിര്‍ത്താനും തയ്യാറായില്ലെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിലും അഭിഭാഷകന് കേവലം സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയക്കുകയായിരുന്നു. അഭിഭാഷകന്‍ മദ്യപിച്ചായിരുന്നു വാഹനം ഓടിച്ചിരുന്നതെന്ന് വ്യക്തമായിട്ടുപോലും പോലിസ് കേസ് നിസാരവല്‍ക്കരിക്കുകയായിരുന്നു. അഭിഭാഷകനില്‍നിന്നും രണ്ടുലക്ഷത്തോളം രൂപ കൈപ്പറ്റിയാണ് പോലിസ് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടതെന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. ഇതിനിടെ പോലിസിന്റെ നിര്‍ദേശപ്രകാരം അപകടം വരുത്തിയ അഭിഭാഷകന്‍ തന്നെ അപകടത്തില്‍ പരിക്കേറ്റവരുടെ ചികില്‍സക്കായും മറ്റും കഴിഞ്ഞ ദിവസം മൂന്ന് ലക്ഷത്തോളം രൂപ നല്‍കിയതായും പറയുന്നു. സംഭവം വിവാദമായ സാഹചര്യത്തില്‍ അപകടത്തില്‍ പരുക്കേറ്റവരുടെ ബന്ധുക്കള്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതും വാര്‍ത്തകളില്‍ വരുന്നതും തടയലായിരുന്നു ഇതിന്റെ ഉദ്ദേശ്യമെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day