|    Feb 20 Mon, 2017 3:03 pm
FLASH NEWS

വാഹനമില്ല, പണവുമില്ല; സാമ്പത്തിക തലസ്ഥാനത്ത് ഹര്‍ത്താല്‍ പ്രതീതി

Published : 10th November 2016 | Posted By: SMR

കൊച്ചി: വാഹന പണിമുടക്കും 500, 1000 നോട്ടുകളുടെ പിന്‍വലിക്കലും നിമിത്തം സാമ്പത്തിക തലസ്ഥാനമായ എറണാകുളം ജില്ലയിലെ ജനങ്ങള്‍ ഇന്നലെ അക്ഷരാര്‍ഥത്തില്‍ വലഞ്ഞു. സിഐടിയു ജില്ലാ പ്രസിഡന്റ് കെ എന്‍ ഗോപിനാഥിനെ കുത്തി പരിക്കേല്‍പിച്ചതില്‍ പ്രതിഷേധിച്ചാണ് ജില്ലയില്‍ ഇന്നലെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തത്. അതിനിടെയാണ് ചൊവ്വാഴ്ച രാത്രിയോടെ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നു എന്ന വാര്‍ത്തയും എത്തിയത്.
നോട്ട് പിന്‍വലിക്കലും വാഹന പണിമുടക്കും ഒന്നിച്ചെത്തിയതോടെ സാമ്പത്തിക തലസ്ഥാനം അക്ഷരാര്‍ഥത്തില്‍ ഇന്നലെ ഹര്‍ത്താല്‍ പ്രതീതിയിലായിരുന്നു. വാഹന പണിമുടക്ക്, നോട്ടു പിന്‍വലിക്കല്‍ പ്രഖ്യാപനം വന്നതോടെ ചൊവ്വാഴ്ച രാത്രി ഏറെ വൈകിയും നഗരത്തിലെ എടിഎമ്മുകളിലും കടകളിലും വന്‍ തിരക്കായിരുന്നു. ജ്വല്ലറികള്‍ അടക്കം നഗരത്തിലെ ചില സ്ഥാപനങ്ങള്‍ അര്‍ധരാത്രി വരെ തുറന്നു പ്രവര്‍ത്തിച്ചതായാണ് വിവരം.
എടിഎമ്മില്‍ നിന്നു 100 രൂപയുടെ നോട്ടുകള്‍ ലഭിക്കാതെവന്നതോടെ സാധനങ്ങള്‍ വാങ്ങാനെത്തിയവരെല്ലാം അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുമായി എത്തിയതോടെ ഇന്നലെ രാവിലെ മുതല്‍ തുറന്നു പ്രവര്‍ത്തിച്ച  മിക്ക കടകളും ഉച്ചയോടെ അടച്ചു. മീനും പാലും വാങ്ങാനെത്തിയവര്‍ 500ന്റെ നോട്ടു നല്‍കിയതോടെ ചിലയിടങ്ങളില്‍ വാക്കേറ്റവും നടന്നു. ഹോട്ടലുകളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മിക്ക ഹോട്ടലുകളും 500, 1000 രൂപ നോട്ടുകള്‍ എടുക്കില്ലെന്നു കാട്ടി കടയുടെ മുമ്പില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചുവെങ്കിലും ഇതു ഗൗനിക്കാതെ പലരും കടകളില്‍ കയറി ഭക്ഷണം കഴിച്ച ശേഷം 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നല്‍കിയതും വാക്കേറ്റത്തിനിടയാക്കി. പലരും പണം നല്‍കാതെ പോവുകയും ചെയ്തു.
ആശുപത്രികളിലും മെഡിക്കല്‍ ഷോപ്പുകളിലും മരുന്നു വാങ്ങാനെത്തിയവരും വലഞ്ഞു. 500ന്റെയും 1000ന്റെയും നോട്ടുകള്‍ പല ആശുപത്രിക്കാരും മെഡിക്കല്‍ ഷോപ്പുകാരും സ്വീകരിക്കാന്‍ മടിച്ചതാണ് പ്രശ്‌നമായത്. തുടര്‍ന്ന് ആളുകള്‍ പരാതിയുമായി ഇറങ്ങിയതോടെ പോലിസ് ഇടപെട്ട് ചിലയിടങ്ങളില്‍ പ്രശ്‌നം പരിഹരിച്ചു. പെട്രോള്‍ അടിക്കാനെത്തിയവര്‍ക്ക് ബാക്കി നല്‍കാതെ പെട്രോള്‍ ബങ്ക് ഉടമകളും ചൂഷണം ചെയ്തു. 100ഉം 200ഉം രൂപയ്ക്ക് പെട്രോള്‍ അടിക്കാന്‍ 500 രൂപയും 1000 രൂപയുമായി ചെന്നവരോട് തങ്ങളുടെ പക്കല്‍ ചില്ലറയില്ലെന്ന് പമ്പുകാര്‍ കാരണം പറഞ്ഞതിനെ തുടര്‍ന്നു മുഴുവന്‍ പണത്തിനും പെട്രോള്‍ അടിക്കേണ്ട അവസ്ഥയിലെത്തി.
പ്രതിദിനം കോടിക്കണക്കിനു രൂപയുടെ കച്ചവടം നടക്കുന്ന എറണാകുളം മാര്‍ക്കറ്റിലും ബ്രോഡ്‌വേയിലും ഇന്നലെ കാര്യമായ വ്യാപാരം നടന്നില്ല. സ്വ ര്‍ണക്കടകളില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള കച്ചവടം മാത്രമാണ് നടന്നത്.
500, 1000 നോട്ടുകള്‍ സര്‍ക്കാ ര്‍ പിന്‍വലിച്ചതോടെ ജില്ലയിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങളിലെ നേര്‍ച്ചക്കുറ്റികള്‍ ബന്ധപ്പെട്ട അധികൃതര്‍ തുറന്നു പരിശോധന നടത്തി. വിശ്വാസികള്‍ നിക്ഷേപിക്കുന്ന 500, 1000 രൂപയുടെ നോട്ടുകള്‍ മാറിയെടുക്കാനുള്ള നടപടികളുടെ ഭാഗമായി വരുംദിവസങ്ങളിലും ആരാധനാലയങ്ങളിലെ നേര്‍ച്ചക്കുറ്റികള്‍ തുറന്നു പരിശോധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക