|    Oct 20 Fri, 2017 2:41 pm
FLASH NEWS

വാഹനപരിശോധന : ഡിജിപിയുടെ സര്‍ക്കുലര്‍ പോലിസുകാര്‍ അനുസരിക്കുന്നില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published : 12th August 2017 | Posted By: fsq

 

കൊല്ലം: വാഹന പരിശോധന നടത്തുമ്പോള്‍ സംസ്ഥാന പോലിസ് മേധാവിയുടെ സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ പോലിസ് പാലിക്കുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.പരിശോധനയുടെ മറവിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ അനുവദിക്കില്ലെന്നും കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാര്‍ അഭിപ്രായപ്പെട്ടു.കലയപുരം സ്വദേശി സുരേഷ്ബാബു സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ പരാമര്‍ശം. സുരേഷ്ബാബുവിന്റെ വാഹനം കൊട്ടാരക്കര ഹൈവേ പട്രോള്‍ പോലിസ് കൈകാണിച്ച് 1000 രൂപ പെറ്റി അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചു.  വാഹനത്തില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളുടെ ബില്‍ കാണിച്ചപ്പോള്‍ 500 രൂപ നല്‍കിയാല്‍ മതിയെന്ന് പറഞ്ഞു. ഇതിന് തയ്യാറാകാതിരുന്നപ്പോള്‍ വാഹനം പുത്തൂര്‍ പോലിസ് സ്റ്റേഷനില്‍ എത്തിച്ചു. വാഹനത്തില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ നശിച്ചത് കാരണം 18015 രൂപയുടെ നഷ്ടമുണ്ടായെന്നും പരാതിയില്‍ പറയുന്നു.  പരാതിക്കാരന്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിച്ചതു കാരണമാണ് പിഴയടക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് കൊട്ടാരക്കര പോലിസ് കമ്മീഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു. എന്നാല്‍ പിഴയടക്കാതെ പരാതിക്കാരന്‍ വാഹനം ഉപേക്ഷിച്ച് പോവുകയാണുണ്ടായത്. തുടര്‍ന്ന് പുത്തൂര്‍ പോലിസ് ക്രൈം കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ അന്തിമ റിപോര്‍ട്ട് നല്‍കി. വാഹന പരിശോധനക്കിടയില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ പരിശോധന പാടില്ലെന്ന് ഹൈവേ പട്രോളിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പോലിസ് റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ റിപ്പോര്‍ട്ട് കളവാണെന്ന് പരാതിക്കാരന്‍ വാദിച്ചു.  കോടതിയെ സമീപിച്ചത് താനാണ്, പോലിസല്ല.  കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം വിലയിരുത്തുന്നില്ലെന്ന് കമ്മീഷന്‍ പറഞ്ഞു.വാഹനപരിശോധനക്കിടയില്‍ കൊട്ടാരക്കര ഹൈവേ പട്രോള്‍ സംഘം പോലിസ് മേധാവിയുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചിട്ടുണ്ടോ എന്ന് ജില്ലാ പോലിസ് മേധാവി സ്വാഭാവിക നീതിക്ക് ഇണങ്ങുംവിധം രണ്ട് മാസത്തിനകം പരിശോധിക്കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് നിയമാനുസൃത തീരുമാനം കൈക്കൊള്ളണമെന്നും കമ്മീഷന്‍ കൊല്ലം ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക