|    Jul 17 Tue, 2018 1:33 pm
FLASH NEWS

വാഹനങ്ങള്‍ക്ക് ദുരിതം സൃഷ്ടിച്ച് റോഡിലെ കയറ്റം

Published : 7th September 2017 | Posted By: fsq

 

മാള: ഓട്ടോറിക്ഷ തുടങ്ങിയ ചെറുവാഹനങ്ങള്‍ മുതല്‍ ടോറസ്സ് വരെയുള്ള വാഹനങ്ങള്‍ക്ക് ദുരിതം സമ്മാനിച്ച് റോഡിലെ കയറ്റം. മാള, കുഴൂര്‍ ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിയോട് ചേര്‍ന്നതും മാള എരവത്തൂര്‍ ആലുവ റോഡിലുള്ളതുമായ കുത്തനെയുള്ള കയറ്റം സൃഷ്ടിക്കുന്ന ദുരിതം പറഞ്ഞറിയിക്കാനാകാത്തതാണ്. തൃശ്ശൂര്‍-പാലക്കാട് റോഡിലെ കുതിരാന്‍ കയറ്റത്തിന് സമാനമാണീ കയറ്റവും. കുതിരാന്‍ കയറ്റം കുറേശ്ശെയായി കയറുന്നതാണെങ്കില്‍ ഈ കയറ്റം കുത്തനെയുള്ളതാണ്. വലിയപറമ്പ് ജംഗ്ഷനില്‍ നിന്നും നാനൂറ് മീറ്ററോളം കഴിഞ്ഞാല്‍ വലിയൊരു ഇറക്കമാണ്. തുടര്‍ന്ന് വീണ്ടും നാനൂറ് മീറ്ററോളം കഴിഞ്ഞാണ് ഈ കയറ്റം. കുത്തനെയുള്ള കയറ്റത്തിനൊപ്പം വീതി വളരെ കുറവുമാണിവിടെ. നാലര മീറ്ററോളം മാത്രമാണ് ഈ ഭാഗത്തെ റോഡിന്റെ വീതി. ഒരു വാഹനം കയറ്റം കയറി വരുന്ന സമയത്ത് എതിരെ വാഹനം വന്നാല്‍ കയറി വരുന്ന വാഹനം നിര്‍ത്തേണ്ടി വരും. തുടര്‍ന്ന് വീതിയുള്ള ഭാഗത്ത് വരെ ഏതെങ്കിലും വാഹനം പുറകോട്ട് എടുത്താലേ ഇരുഭാഗങ്ങളില്‍ നിന്നുമുള്ള വാഹനങ്ങള്‍ക്ക് കടന്നു പോകാനാകൂ. കയറി വരുന്ന വാഹനം ഒന്നുകില്‍ കുറേയേറെ പുറകോട്ടെടുക്കണം. അല്ലെങ്കില്‍ ഒന്നാം ഗിയറിലിട്ട് വലിപ്പിക്കണം. ഇത്തരത്തില്‍ വാഹനത്തെ വലിപ്പിക്കുമ്പോള്‍ കോയില്‍ കരിയുന്ന അതിരൂക്ഷമായ ഗന്ധം പരക്കും. ഇക്കാരണങ്ങളാല്‍ മാള-ആലുവ റൂട്ടുകളിലെ ഏറ്റവും എളുപ്പ വഴിയായിട്ടും കുറേയേറെ വാഹനങ്ങള്‍ ദൂരക്കൂടുതലുള്ള വഴികളിലൂടെ കൊണ്ടുപോകാനാണ് െ്രെഡവര്‍മാരുടെ താല്‍പ്പര്യം. ചരക്ക് കയറ്റി വന്ന ചെറുതും വലുതുമായ നിരവധി വാഹനങ്ങള്‍ ഇവിടെ മറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം റെഡിമിക്‌സുമായി (കോണ്‍ഗ്രീറ്റ്) വന്ന വാഹനം എതിരെ വാഹനം വന്നപ്പോള്‍ കയറ്റത്ത് നിര്‍ത്തി. തുടര്‍ന്ന് വാഹനം മുന്നോട്ടെടുക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ കുലുക്കത്തില്‍ കോണ്‍ഗ്രീറ്റ് മിശ്രിതം രണ്ടിടത്തായി റോഡിലേക്ക് വീണു. വാഹനങ്ങള്‍ കടന്നുപോയപ്പോള്‍ ഈ കോണ്‍ഗ്രീറ്റ് മിശ്രിതം റോഡില്‍ പരന്നു. ടാറിംഗിന് മേലെ ഒരു തടിപ്പായിത് കിടക്കുകയാണ്. കയറ്റത്തിന് പുറമേ വളവുമുള്ളതിനാല്‍ ഇരുഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് പരസ്പരം കാണാനാകില്ല. പലപ്പോഴും ഇതുമൂലം ഗതാഗത കുരുക്കുണ്ടാകാറുണ്ട്. വലിയപറമ്പ് മുതല്‍ പാറപ്പുറം വരെയുള്ള രണ്ട് കിലോമീറ്റര്‍ വരുന്ന റോഡിന്റെ പണിക്കായി 135 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഈ ഫണ്ടുപയോഗിച്ച് റോഡ് പണിയും മുന്‍പായി റോഡിന്റെ വീതി കുറഞ്ഞത് ഒരു മീറ്ററെങ്കിലും വര്‍ദ്ധിപ്പിക്കണമെന്നാണ് ശക്തമായി ഉയരുന്ന ആവശ്യം. ഒപ്പം രണ്ട് കയറ്റത്തിനും ഇടയിലായി വരുന്ന റോഡ് രണ്ട് മീറ്ററെങ്കിലും ഉയര്‍ത്തിയാല്‍ രണ്ട് കയറ്റങ്ങളും ഇല്ലാതാകുകയും യാത്ര കുറേയേറെ സുഖമമാകുകയും ചെയ്യുമെന്ന അഭിപ്രായവും ശക്തമായി ഉയരുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss