|    Feb 20 Mon, 2017 11:38 pm
FLASH NEWS

വാഹനങ്ങളില്‍നിന്നും ഡീസല്‍ ഊറ്റുന്നതായി ആരോപണം

Published : 8th November 2016 | Posted By: SMR

കളമശ്ശേരി: നഗരസഭ ഡംബിങ് യാര്‍ഡില്‍നിന്നും രാത്രികാലങ്ങളില്‍ ഡീസല്‍ ചോര്‍ത്തുന്നതായി നഗരസഭ സെക്രട്ടറിക്ക് പരാതി. കഴിഞ്ഞ മൂന്നാം തിയ്യതി വ്യാഴാഴ്ച രാത്രിയിലാണ് കാനുമായി ഒരാള്‍ ഡംബിങ് യാര്‍ഡില്‍ എത്തി ജോലിചെയ്തിരുന്ന തൊഴിലാളികള്‍ക്കുനേരെ കല്ലെറിഞ്ഞത്. കാനുമായിവന്ന ആള്‍ നഗരസഭയുടെ വണ്ടികളില്‍നിന്നും മോഷണംനടത്താന്‍ വന്നതാണെന്നും പരാതിയില്‍ പറയുന്നു. ഈമാസം 3ന് ബംഗാളികളായ ഏഴു തൊഴിലാളികളെ ഡംബിങ് യാര്‍ഡില്‍ മാലിന്യം വേര്‍തിരിക്കുന്നതിന് ജോലിക്കായി കൊണ്ടുവന്നത്. ഇവിടെ ട്യൂബുകളും ഫാനും മറ്റും ഒരുക്കിതരണമെന്ന് കരാറുകാരന്‍ നഗരസഭ ചെയര്‍പേഴ്‌സനോ ടും ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സനോടും ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു ട്യൂബ് ലൈറ്റ് മാത്രമാണ് ഇട്ടുനല്‍കിയത്. ജോലിക്കെത്തിയ തൊഴിലാളികളെ ഡംബിങ് യാര്‍ഡില്‍ ജോലിക്കു കയറ്റാന്‍ സെക്യൂരിറ്റി വിഭാഗം ആദ്യം എതിര്‍ത്തെങ്കിലും ക്ഷേമകാര്യ കമ്മിറ്റി ചെയര്‍പേഴ്‌സനും ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സനും സംഭവസ്ഥലത്തെത്തി പ്രശ്‌നം പരിഹരിക്കുകയും ഇതര സംസ്ഥാന തൊഴിലാളികളെ ഡംബിങ് യാര്‍ഡില്‍ ജോലിക്ക് കയറ്റുകയും ചെയ്തിരുന്നു. ഇവര്‍ ജോലിചെയ്തുകൊണ്ടിരിക്കെയാണ് ശ്മശാനത്തിന്റെ പിന്‍ഭാഗത്തുനിന്നും മതില്‍ചാടി കാനുമായി ഇയാള്‍ എത്തിയത്. ജോലിക്കാരെ കണ്ടതോടെ കാനുമായി എത്തിയ ആള്‍ കല്ലെറിയുകയും ഭയന്ന തൊഴിലാളികള്‍ പുലര്‍ച്ചെതന്നെ കരാറുകാരനോട് പറയാതെ സ്ഥലംവിടുകയാണ് ചെയ്തതെന്ന് സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. തൊഴിലാളികള്‍ എങ്ങോട്ടാണ് പോയതെന്ന് അറിയില്ലെന്നും കരാറുകാരന്‍ പറഞ്ഞു. നഗരസഭയുടെ മാലിന്യ സംസ്‌കരണത്തിന് ഉപയോഗിക്കുന്ന 22 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നത് ഡംബിങ് യാര്‍ഡിനു സമീപമുള്ള ശ്മശാനത്തിനു താഴെയാണ്. വാഹനങ്ങളുടെ അറ്റകുറ്റപ്പണികളുടേയും ഇന്ധനത്തിന്റെ ചെലവുസംബന്ധിച്ചും കൗണ്‍സിലില്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഓരോദിവസവും അടിക്കുന്ന ഡീസല്‍ തീര്‍ന്നോ എന്നും എത്ര കിലോമീറ്റര്‍ ഓടിയെന്നോ കണക്കില്ലെന്നും ഡ്രൈവര്‍മാര്‍ ഡിമാന്റ് ചെയ്യുന്ന മുറയ്ക്ക് ചാര്‍ജുള്ള ഉദ്യോഗസ്ഥന്‍ ഡീസല്‍ അടിക്കാന്‍ ഇന്‍ഡന്റ് നല്‍കുകയുമാണ് പതിവ്. ഒരു ലിറ്റര്‍ ഡീസലിന് എത്ര കിലോമീറ്റര്‍ ദൂരം വാഹനം ഓടുമെന്നോ വാഹനങ്ങളുടെ മൈലേജ് പരിശോധനയ്‌ക്കോ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ ജൂലൈയില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം ടണ്ണിന് 600 രൂപ നഗരസഭയ്ക്ക് നല്‍കിയാണ് മാലിന്യം ശേഖരിക്കുന്നത്. നഗരസഭ ഡംബിങ് യാര്‍ഡില്‍ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടുകയാണ്. നഗരസഭ അധികൃതരുടെ പൂര്‍ണസഹകരണമില്ലെങ്കില്‍ ഡംബിങ് യാര്‍ഡില്‍നിന്നും മാലിന്യം നീക്കുന്നത് ബുദ്ധിമുട്ടാവുമെന്ന് കരാറുകാരന്‍ നഗരസഭ സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക