|    Jan 19 Thu, 2017 10:15 am

വാഹനക്കുരുക്കില്‍ വീര്‍പ്പുമുട്ടി അബാന്‍ ജങ്ഷന്‍

Published : 30th August 2016 | Posted By: SMR

പത്തനംതിട്ട: ട്രാഫിക് നിയമവും നിയന്ത്രണവും കര്‍ശനമായി നടപ്പാക്കാതെ വന്നതോടെ പത്തനംതിട്ട അബാന്‍ ജങ്ഷന്‍ വാഹനക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു. തിരക്കേറിയ പകല്‍സമയങ്ങളില്‍ ഇവിടം വാഹനകുരുക്ക് അഴിയാത്ത കവലയായി മാറും. കിഴക്കന്‍ മലയോര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന കവാടമാണ് അബാന്‍ ജങ്ഷന്‍.
തിരുവല്ല-കുമ്പഴ സംസ്ഥാനപാതയിലൂടെ റിങ്‌റോഡ് കടന്നുപോവുന്നതും അബാന്‍ ജങ്ഷനിലാണ്. ഇരുവഴികളും തിരക്കേറിയതാണ്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്കുള്ളതിനു പുറമേ, തമിഴ്‌നാട്ടിലേക്കുള്ള യാത്രക്കാരും ഈ കവല കടന്നാണ് പോവേണ്ടത്. ശബരിമല തീര്‍ഥാടന കാലത്ത് ഇതുവഴി വാഹനതിരക്ക് ഏറെയാവും. ജങ്ഷനില്‍ ട്രാഫിക് സിഗ്നലുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ പാലിക്കാതെ വരുന്നതാണ് പ്രധാന പ്രശ്‌നം.
സിഗ്നല്‍ ലൈറ്റിനു മുമ്പായി റോഡില്‍ കുറുകേ വരക്കേണ്ട സീബ്രാലൈന്‍ നാലുഭാഗത്തുമില്ല. സീബ്രാലൈനിലൂടെയാണ് കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കേണ്ടത്.
ചുവപ്പ് ലൈറ്റ് തെളിഞ്ഞുകിടന്നാല്‍ ഈ ലൈനിനപ്പുറത്തേക്ക് വാഹനങ്ങള്‍ പ്രവേശിക്കരുത്. സീബ്രാലൈന്‍ തെളിഞ്ഞു കാണാനില്ലെങ്കിലും നിയമവും നിയന്ത്രണവുമറിയാവുന്നവര്‍ ഇക്കാര്യം പാലിക്കാറുണ്ടെങ്കിലും ചില ഓട്ടോക്കാരും ബൈക്കു യാത്രികരും ആദ്യം പോവാനായി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് മുന്നിലേക്ക് കയറും. അപ്പോള്‍ സിഗ്നല്‍ലൈറ്റ് ഇവര്‍ക്ക് പിന്നിലാവും.
പിന്നിലുള്ള വാഹനത്തില്‍ നിന്ന് തുരുതുരാ ഹോണ്‍ ശബ്ദമുയരുമ്പോഴാണ് പച്ചകത്തിയ വിവരം ഇവരറിയുന്നത്. ധൃതിക്കിടയില്‍ ചില വാഹനങ്ങള്‍ ഓഫായി പോവുകയും പതിവാണ്. ഇതിനിടെ, വീതികുറഞ്ഞ റോഡിന്റെ ഇടതുവശത്തൂടെ വലിയൊരു വാഹനം കടന്നുവന്നാല്‍ ആകെ ബഹളമാവും. സിഗ്നല്‍ കാത്തുകിടന്ന മൂന്നോ, നാലോ വാഹനങ്ങള്‍ കടക്കുമ്പോഴേക്കും വീണ്ടും ചുവപ്പ് സിഗ്നല്‍ വീഴും.
വേണ്ടത്ര പോലിസുകാര്‍ ഇവിടെ ഡ്യൂട്ടിയിലുണ്ടാവാറില്ല. ആകെയുള്ള ഒരാളാകട്ടെ നിയമലംഘനം കണ്ടതായി ഭാവിക്കാറുമില്ല. നഗരത്തില്‍ പുതിയ ഗതാഗത പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിനെകുറിച്ച് ആലോചിക്കുന്ന ജില്ലാ പോലിസ് മേധാവി അബാന്‍ ജങ്ഷനിലെ കുത്തഴിഞ്ഞ ഗതാഗതം നേരെയാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക