|    Mar 23 Thu, 2017 9:58 am
FLASH NEWS

വാഹനം മാറ്റിക്കിട്ടാന്‍ ഷോറൂമിന് മുമ്പില്‍ ഉടമയുടെ ഭാര്യയുടേയും കുട്ടിയുടേയും പ്രതിഷേധം

Published : 9th October 2016 | Posted By: SMR

കോഴിക്കോട്: സിവില്‍ സ്റ്റേഷന് സമീപത്തെ പോപ്പുലര്‍ ഷോറൂമിന് മുന്നില്‍ പ്രതിഷേധം.  കോഴിക്കോട്ടെ ഷോറൂമില്‍ നിന്ന് വാങ്ങിയ കാര്‍ വീട്ടിലെത്തും മുമ്പ് തന്നെ കേടായതിനെത്തുടര്‍ന്ന് അത് മാറ്റിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് യുവതിയും കുഞ്ഞും പോപുലര്‍ ഷോറൂമിന് മുന്നില്‍ പ്രതിഷേധം ആരംഭിച്ചു.
നടുവണ്ണൂര്‍ സ്വദേശിയും ടൗണ്‍ സ്റ്റേഷനിലെ പോലിസുദ്യോഗസ്ഥനുമായ യുവാവാണ് സപ്തംബര്‍ പത്തിന് പോപുലര്‍ ഷോറൂമില്‍ നിന്ന് സെലേറിയോ കാര്‍ വാങ്ങിയത്.
വീട്ടിലേക്ക് പോവും വഴി വണ്ടിയുടെ എ സി കട്ടായി. ഇതേ തുടര്‍ന്ന് കാറിലേക്ക് ചൂടു വായു അടിച്ചു കയറി. എസി കേടായതാവുമെന്ന ചിന്തയില്‍ വണ്ടി വീട്ടിലെത്തിച്ചു. തൊട്ടടുത്ത ദിവസം വണ്ടി ഓടിച്ചപ്പോള്‍ എന്‍ജിനില്‍ നിന്ന് പ്രത്യേക ശബ്ദം വന്നു. ഇക്കാര്യങ്ങള്‍ ഷോറൂമില്‍ വിളിച്ചു പറഞ്ഞപ്പോള്‍ കുഴപ്പമില്ല എന്ന മറുപടിയാണ് ലഭിച്ചതെന്ന് ഇദ്ദേഹം പറയുന്നു. എന്നാല്‍ കുറച്ച് ഓടുമ്പോഴേക്കും വണ്ടിയുടെ ഗിയര്‍ ബോക്‌സ് തകരാറാവുകയും എന്‍ജിനില്‍ നിന്ന് പുക വരികയും ചെയ്തു. ഇതോടെ വണ്ടി ഷോറൂമില്‍ തിരികെയെത്തിച്ചപ്പോള്‍ തെര്‍മോസ്റ്റാറ്റിന്  തകരാര്‍ വന്നതിനാല്‍ കൂളിങ് സിസ്റ്റം വര്‍ക്ക് ചെയ്യാത്തതുകൊണ്ട് കംപ്ലയന്റ് വന്നതാണെന്ന മറുപടിയാണ് ലഭിച്ചത്. നിര്‍മാണത്തില്‍ വന്ന അപാകതയാണെന്ന് ഷോറൂം അധികൃതര്‍ എഴുതി നല്‍കുകയും ചെയ്തു. എന്നാല്‍ വണ്ടി മാറ്റിത്തരാന്‍ ആവശ്യപ്പെട്ടപ്പോ ള്‍ പറ്റില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ഇദ്ദേഹം പറയുന്നു.
ഷോറൂം അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല സമീപനം ഉണ്ടാവാതെ വന്നതോടെ നടക്കാവ് പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഷോറൂം അധികൃതരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച എസ്‌ഐ തൊട്ടടുത്ത ദിവസം തന്നെ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍  ദിവസം കഴിഞ്ഞിട്ടും കൃത്യമായ മറുപടി നല്‍കാന്‍ അവര്‍ തയ്യാറായില്ല. ഇക്കാര്യത്തില്‍ യാതൊരു നടപടിയും ഇല്ലാതെ വന്നതോടെയാണ് പോലിസുദ്യോഗസ്ഥന്റെ ഭാര്യയും കുട്ടിയും ഷോറൂമിന് മുന്നില്‍ പ്രതിഷേധം ആരംഭിച്ചത്. നിര്‍മാണ തകരാര്‍ മൂലം കേടു വന്ന മാരുതി സുസുക്കി സെലേറിയോ കാര്‍ വിറ്റ് വഞ്ചിച്ച പോപുലര്‍ വെഹിക്കിള്‍സിനെ ബഹിഷ്‌ക്കരിക്കുക എന്ന് വ്യക്തമാക്കുന്ന ബാനറുമായാണ് യുവതിയുടെ സമരം.
പ്രതികരണ വേദിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം ആരംഭിച്ചത്. ഒരു പോലിസ് ഉദ്യോഗസ്ഥന് ഈ അവസ്ഥയാണ് നേരിടേണ്ടി വരുന്നതെങ്കില്‍ മറ്റുള്ള ആളുകളോടുള്ള സമീപനം എന്തായിരിക്കുമെന്ന് ചോദിക്കുന്നു. വണ്ടി മാറ്റിക്കിട്ടുന്നതുവരെ ശക്തമായ സമരം തുടരാന്‍ തന്നെയാണ് ഇവരുടെ തീരുമാനം.

(Visited 25 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക