|    Feb 22 Wed, 2017 11:57 pm
FLASH NEWS

വാസ്തുദോഷം: സെയ്ഫാബാദ് കൊട്ടാരം പൊളിച്ചുനീക്കുന്നു

Published : 9th November 2016 | Posted By: SMR

ഹൈദരാബാദ്: ചരിത്രപ്രാധാന്യമുള്ള സെയ്ഫാബാദ് കൊട്ടാരം വാസ്തുദോഷം ആരോപിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പൊളിച്ചുനീക്കുന്നു. നൈസാം ഭരണകാലത്ത് നിര്‍മിച്ച കെട്ടിടമാണ് അന്ധവിശ്വാസത്തിന്റെ പേരില്‍ പൊളിച്ചുകളയുന്നത്. കോടികള്‍ മുടക്കി മറ്റൊരു കെട്ടിടം ഇതേസ്ഥാനത്ത് നിര്‍മിക്കാനാണു പദ്ധതി.
1888ല്‍ നിര്‍മിക്കപ്പെട്ടതാണ് ഈ കൊട്ടാരം. കൊട്ടാരം പരിശോധിക്കാനെത്തിയ നൈസാം മഹ്മൂദ് അലി പാഷ തനിക്ക് മുന്നിലൂടെ ഒരു ഉടുമ്പ് കുറുകെ ചാടിയത് കണ്ട് ദുശ്ശകുനമാണെന്നു വിലയിരുത്തി കെട്ടിടം അടച്ചുപൂട്ടുകയായിരുന്നു. നൈസാം കൊട്ടാരത്തില്‍ താമസമാരംഭിക്കുന്നത് തടയാന്‍ രണ്ട് പ്രഭുക്കന്‍മാര്‍ ഒപ്പിച്ച സൂത്രമായിരുന്നത്രെ ഇത്. 1940കളില്‍ ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് പിന്നീട് കൊട്ടാരം തുറന്ന് രാജവംശത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസാക്കി മാറ്റിയത്. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളുടെ ഓഫിസുകള്‍ സ്ഥിതിചെയ്യുന്ന ഇന്നത്തെ സെക്രട്ടേറിയറ്റ് വളപ്പിനുള്ളിലാണ് കൊട്ടാരം. വൈകാതെ ഇത് തെലങ്കാനയുടെ മാത്രമായിത്തീരുകയും ചെയ്യും.
കെട്ടിടം ദുശ്ശകുനമാണെന്നു തോന്നിയതിനാല്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു കാബിനറ്റ് യോഗങ്ങള്‍ പോലുള്ള അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ അവിടം സന്ദര്‍ശിക്കാറില്ലത്രെ. ഹൈദരാബാദില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള തന്റെ ഔദ്യോഗിക വസതിയില്‍ ഇരുന്നാണ് റാവു മറ്റ് ഔദ്യോഗിക കാര്യങ്ങളെല്ലാം നിര്‍വഹിക്കുന്നത്.’വാസ്തുവില്‍ കടുത്ത വിശ്വാസമുള്ള റാവുവിന് കെട്ടിടം തെലങ്കാന സംസ്ഥാനത്തിന് നല്ലതല്ല എന്ന അഭിപ്രായമാണുള്ളത്. ആരും ഈ കെട്ടിടംകൊണ്ട് അഭിവൃദ്ധിപ്പെട്ടിട്ടില്ലെന്നാണ് ചരിത്രമെന്നും റാവു പറയുന്നു. അതേസമയം, പുതുക്കിപ്പണിത കെട്ടിടത്തിന്റെ പലഭാഗങ്ങള്‍ക്കും 10 വര്‍ഷത്തിലേറെ പഴക്കമില്ലെന്നും അന്ധവിശ്വാസത്തിന്റെ പേരില്‍ കെട്ടിടം പൊളിച്ചുകളയുന്നത് പൊതുഖജനാവിലെ പണം പാഴാക്കുന്നതിനു തുല്യമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
വാസ്തുവിനെ സംബന്ധിച്ച കാഴ്ചപ്പാട് ഓരോരുത്തര്‍ക്കും ഓരോതരത്തിലായിരിക്കും. കെട്ടിടം ഇപ്പോള്‍ പൊളിച്ചുപണിതാല്‍ നാളെ മറ്റൊരു മുഖ്യമന്ത്രി വരുമ്പോള്‍ അയാളുടെ കാഴ്ചപ്പാടനുസരിച്ച് പിന്നെയും ഇതേതരത്തില്‍ പണം പാഴാക്കുന്ന കീഴ് വഴക്കം സൃഷ്ടിക്കപ്പെടുമെന്നും പ്രതിപക്ഷനേതാവ് ഷാബിര്‍ അലി  ചൂണ്ടിക്കാണിക്കുന്നു. കെട്ടിടത്തിലല്ല, ഭരണത്തിലാണു ശ്രദ്ധിക്കേണ്ടതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, കെട്ടിടം പൊളിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന റാവു ഇതിനായി ആന്ധ്ര മുഖ്യമന്ത്രിയോട് അദ്ദേഹത്തിന്റെ കീഴിലുള്ള കെട്ടിടത്തിലെ ഓഫിസുകള്‍ ഒഴിയാന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു.
പ്രതിപക്ഷം വിഷയം കോടതിയിലെത്തിച്ചതിനെ തുടര്‍ന്ന് കെട്ടിടം പൊളിക്കുന്നത് തല്‍ക്കാലത്തേക്ക് തടഞ്ഞിരിക്കുകയാണ് ഹൈദരാബാദ് ഹൈക്കോടതി. ഭരണപരമായ സൗകര്യത്തിനു വേണ്ടിയും അഗ്നിബാധയ്ക്ക് സാധ്യതയുള്ള കെട്ടിടമായതിനാലുമാണ് കൊട്ടാരം പൊളിക്കുന്നതെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചിട്ടുള്ളത്. കൊട്ടാരസദൃശ്യമായ തന്റെ ഔദ്യോഗിക വസതിയുടെ കാര്യത്തിലും റാവുവിന് ഇതേ വാസ്തുചിന്തയാണുള്ളത്. ഈ കെട്ടിടവും പൊളിക്കാന്‍ റാവുവിന് പദ്ധതിയുണ്ട്. ഇതു നിര്‍മിച്ച ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡി നാലുവര്‍ഷത്തിനുശേഷം മരണമടഞ്ഞിരുന്നു. ഇതിനുശേഷം മുഖ്യമന്ത്രിയായ കെ റോസയ്യ കെട്ടിടത്തില്‍ അല്‍പം ചില മാറ്റങ്ങളൊക്കെ വരുത്തി.
റോസയ്യക്ക് അധികം വൈകാതെ അധികാരമൊഴിയേണ്ടിവന്നതും വാസ്തുദോഷമാണെന്നാണ് റാവു കരുതുന്നത്.ഇക്കണക്കിനു പോയാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചാര്‍മിനാറും റാവു പൊളിക്കാന്‍ തീരുമാനിച്ചേക്കുമെന്ന് ഷാബിര്‍ അലി പരിഹസിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക