|    Jan 21 Sat, 2017 11:10 pm
FLASH NEWS

വാശിപ്പോരിന് ഇന്ന് കൊട്ടിക്കലാശം

Published : 14th May 2016 | Posted By: SMR

പത്തനംതിട്ട: ഒരുമാസത്തിലേറെയായി കൊണ്ടും കൊടുത്തും മുന്നേറിയ രാഷ്ട്രീയപ്പോരിന് ശബ്ദകോലാഹലങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ഇന്നു കൊട്ടിക്കലാശം. തിങ്കളാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും നടത്തുന്ന പരസ്യ പ്രചാരണത്തിനുള്ള സമയം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും.
പരസ്യപ്രചാരണം അവസാനിക്കുന്നതിനു മുന്നോടിയായി ഇന്നലെ സ്ഥാനാര്‍ഥികള്‍ക്ക് തിരക്കിട്ട പരിപാടികളായിരുന്നു. വോട്ടെടുപ്പില്‍ ഏറ്റവും നിര്‍ണായകമാവുമെന്ന് വിലയിരുത്തപ്പെട്ട മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു മിക്ക സ്ഥാനാര്‍ഥികളും ഇന്നലെ വോട്ടഭ്യര്‍ഥനയും സ്വീകരണ പരിപാടികളും ക്രമീകരിച്ചിരുന്നത്. സ്വീകരണ പരിപാടികള്‍ നേരത്തേ പൂര്‍ത്തിയാക്കിയവര്‍ റോഡ് ഷോ ഉള്‍പ്പടെയുള്ള പരിപാടികള്‍ ഇന്നലെ സംഘടിപ്പിച്ചു. ഇന്നു രാവിലെയും പല സ്ഥാനാര്‍ഥികളും റോഡ് ഷോ നടത്തുന്നുണ്ട്. ഉച്ചകഴിയുന്നതോടെ മണ്ഡലം ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള കൊട്ടിക്കലാശത്തിലേക്ക് സ്ഥാനാര്‍ഥികളും നേതാക്കന്‍മാരും എത്തിച്ചേരും. ആറന്മുളയില്‍ ഇടതുസ്ഥാനാര്‍ഥി വീണാ ജോര്‍ജിന്റെ റോഡ് ഷോ ഇന്നു രാവിലെ 8.30ന് കോഴഞ്ചേരിയില്‍ നിന്നാരംഭിക്കും. ഉച്ചയ്ക്ക് 1.45 ന് പത്തനംതിട്ട നഗരത്തില്‍ സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും എത്തിച്ചേരും. ഇന്നലെ വൈകീട്ട് പത്തനംതിട്ട ടൗണിലെ കടകള്‍ കയറി സ്ഥാനാര്‍ഥി വോട്ടഭ്യര്‍ഥിച്ചു.
കുടുംബയോഗങ്ങളിലും വീണാ ജോര്‍ജ് പങ്കെടുത്തു. തൈക്കാവ്, തോലിയാനിക്കര എന്നിവടങ്ങളില്‍ സ്ഥാനാര്‍ഥിയ്ക്ക് സ്വീകരണം നല്‍കി. പത്തനംതിട്ട നഗരസഭയിലെ കുമ്പഴ മേഖലയിലായിരുന്നു കെ ശിവദാസന്‍നായരുടെ ഇന്നലത്തെ സ്വീകരണ പരിപാടി. രാവിലെ 10ന് കുലശേഖരപതി ജങ്ഷനില്‍ കുഞ്ഞുമോന്‍ കെങ്കിരേത്തിന്റെ അധ്യക്ഷതയില്‍ ഡിസിസി പ്രസിഡന്റ്‌റ് പി മോഹന്‍രാജ് പര്യടനം ഉദ്ഘാടനം ചെയ്തു. കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന്റെ സ്വീകരണ പരിപാടികള്‍ ഇന്നലെ അവസാനിച്ചു.
മാങ്കുളം പാറേപ്പടിയില്‍ നിന്നു രാവിലെ ആരംഭിച്ച സ്വീകരണ പരിപാടികള്‍ വൈകീട്ട് കാളഞ്ചിറയില്‍ സമാപിച്ചു. എസ്ഡിപിഐ സ്ഥാനാര്‍ഥി റിയാഷ് കുമ്മണ്ണൂര്‍ ഇന്നലെ കോന്നി ടൗണ്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഉ്ച്ചയ്ക്ക് ശേഷം മണ്ഡലത്തില്‍ റോഡ് ഷോ നടത്തി. തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസഫ് എം പുതുശ്ശേരി ഇന്നലെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡ് ഷോ നടത്തി. പരുമല ദേവസ്വം ബോര്‍ഡ് ജങ്ഷനില്‍നിന്നും തുറന്ന ജീപ്പല്‍ ജനങ്ങളെ അഭിവാദ്യം ചെയ്ത് നീങ്ങിയ പ്രചാരണ പരിപാടിക്ക് വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാത്യു ടി തോമസിനു വേണ്ടി ജനതാദള്‍ എസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ പ്രചാരണത്തിനെത്തി.
ജില്ലയിലെ എസ്ഡിപിഐ സ്ഥാനാര്‍ഥികളായ ജ്യോതിഷ് പെരുമ്പുളിക്കല്‍ ഇന്ന് അടൂരിലും ഡോ. ഫൗസീന തക്ബീര്‍ റാന്നിയിലും അഡ്വ. സിമി എം ജേക്കബ് തിരുവല്ലയിലും വാഹനപ്രചാരണ ജാഥ നടത്തും. അടൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്കു വേണ്ടി സുരേഷ്‌ഗോപി ഇന്നലെ പ്രചാരണം നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക