|    Dec 11 Tue, 2018 7:40 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

വാവെയ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ കാനഡയില്‍ അറസ്റ്റില്‍

Published : 7th December 2018 | Posted By: kasim kzm

ഒട്ടാവ: പ്രമുഖ ചൈനീസ് ഇലക്‌ട്രോണിക്‌സ് കമ്പനിയായ വാവെയ് ടെക്‌നോളജീസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ മെങ് വാന്‍ഷോ കാനഡയില്‍ അറസ്റ്റില്‍. യുഎസിന്റെ ഉപരോധം ലംഘിച്ച് ഇറാനിലെ കമ്പനികള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തതിനാണ് അറസ്റ്റ്. ഡിസംബര്‍ ഒന്നിനാണ് വാന്‍ഷോയെ അറസ്റ്റ് ചെയ്തതെന്ന് കാനഡ നീതിന്യായവകുപ്പ് അറിയിച്ചു.
കുറ്റവാളികളെ കൈമാറല്‍ നിയമപ്രകാരം ഇവരെ കൈമാറണമെന്ന് യുഎസ് ആവശ്യപ്പെട്ടിരുന്നുവെന്നും ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കുമെന്നും നീതിന്യായവകുപ്പ് അറിയിച്ചു. യുഎസ്-ചൈനാ വ്യാപാരയുദ്ധത്തില്‍ അയവു വരുത്താനുള്ള നീക്കങ്ങളെ അറസ്റ്റ് പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
വാവേയ്‌യുടെ സ്ഥാപകന്‍ റെന്‍ ഷെങ്ഫയുടെ മകളും കമ്പനി ഉപാധ്യക്ഷയുമാണ് വാന്‍ഷോ മെങ്. ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം വാവേയ് ഉപകരണങ്ങള്‍ കയറ്റി അയച്ചുവെന്ന കേസില്‍ യുഎസിന്റെ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് അന്വേഷണം നടത്തിയിരുന്നു.
അതേസമയം വാന്‍ഷോയുടെ അറസ്റ്റില്‍ കാനഡയിലെ ചൈനീസ് എംബസി പ്രതിഷേധം രേഖപ്പെടുത്തി. യുഎസും കാനഡയും വാന്‍ഷോയെ അറസ്റ്റ് ചെയ്തതിനു കാരണം വ്യക്തമാക്കണമെന്നും അവരെ വിട്ടയക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ബെയ്ജിങിലും പ്രതിഷേധം ശക്തമായിരിക്കുകയാണ്. അറസ്റ്റ് സംബന്ധിച്ച് കുറച്ചു വിവരങ്ങള്‍ മാത്രമേ ലഭ്യമായുള്ളൂവെന്നും എന്തെങ്കിലും തെറ്റ് വാന്‍ഷോ ചെയ്തതായി അറിയില്ലെന്നും വാവെയ് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നാരോപിച്ച് യുഎസ് ഇന്റലിജന്‍സ് വിഭാഗം കമ്പനിക്കെതിരേ നേരത്തെതന്നെ അന്വേഷണം ആരംഭിച്ചിരുന്നു. വ്യാപാര ചര്‍ച്ചയുടെ വിലപേശല്‍ ത—ന്ത്രമായിട്ടാണ് അറസ്റ്റെന്നും നിരീ—ക്ഷകര്‍ വിലയിരുത്തുന്നുണ്ട്.
ജി-20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പെങും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം വ്യാപാരയുദ്ധത്തില്‍ അയവുവരുമെന്ന് സൂചന നല്‍കിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss