|    May 24 Wed, 2017 7:27 pm
FLASH NEWS

വാഴ്‌സിറ്റിയില്‍ മന്ത്രിയെ സ്വീകരിക്കാന്‍ ലീഗ്-കോണ്‍ഗ്രസ് മല്‍സരം

Published : 15th October 2016 | Posted By: Abbasali tf

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാംപസിലെത്തുന്ന വിദ്യാഭ്യാസ മന്ത്രിയെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പ്, ലീഗ് സര്‍വീസ് സംഘടനകള്‍ സിപിഎം സര്‍വീസ് സംഘടനകള്‍ക്കൊപ്പം മല്‍സരിക്കുന്നു. സര്‍വകലാശാലക്ക് നാക് അക്രഡിറ്റേഷന്‍ എ ഗ്രേഡ് പദവി ലഭിച്ചതിന്റെ പ്രഖ്യാപനം നടത്തുന്നതിനാണ് പ്രഫ.  സി രവീന്ദ്രനാഥ് ഇന്ന് വൈകീട്ട് മൂന്നിന് കാംപസിലെത്തുന്നത്. ഭരണത്തിലെ വീഴ്ചകള്‍ക്കെതിരെ കോണ്‍ഗ്രസ്സും ലീഗും പോഷകസംഘടനകളും തെരുവില്‍ മന്ത്രിമാരെ തടയുകയും പോലിസുമായി ഏറ്റുമുട്ടുകയും ചെയ്യുമ്പോഴും ലീഗ്-കോണ്‍ഗ്രസ് സര്‍വീസ് സംഘടനകള്‍ സിപിഎം സര്‍വീസ് സംഘടനകള്‍ക്കൊപ്പം നിന്ന് മന്ത്രിയെ സ്വീകരിക്കാന്‍ ശ്രമിക്കുന്നത്. നാകിന്റെ എ ഗ്രേഡ് ലഭിച്ചത് യുജിസി ആസ്ഥാനത്തുനിന്ന് സര്‍വകലാശാലയെ ഔദ്യോഗികമായി അറിയിച്ചിട്ട് ആഴ്ചകള്‍ ഏറെയായി. ഈ വിവരം മാധ്യമങ്ങളിലൂടെ സര്‍വകലാശാല ഔദ്യോഗികമായി പത്രക്കുറിപ്പിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രൊ ചാന്‍സലറായ വിദ്യാഭ്യാസ മന്ത്രിയെകൊണ്ട് എ ഗ്രേഡ് പ്രഖ്യാപനമെന്ന വിരോധാഭാസമാണ് സര്‍വകലാശാല നടത്തുന്നതെന്നാണ് ആരോപണം. ഇതിനു വേണ്ടി മാത്രം നാലുലക്ഷം രൂപയോളമാണ് സര്‍വകലാശാല പൊടിക്കുന്നത്. ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം, വകുപ്പ് തലവന്‍മാര്‍ക്ക് 2000 രൂപ വില വരുന്ന മെമെന്റോ, മുത്തുക്കുട, വാദ്യമേളം, കമാനം എന്നിവയിലാണ് ലക്ഷങ്ങള്‍ ചെലവഴിക്കുന്നത്.കൂടാതെ കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റംഗങ്ങളായ പി എം നിയാസ്, കെ എം നസീര്‍, ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ എന്നിവര്‍ക്ക് ഇന്നത്തെ പരിപാടിയില്‍ അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നും പരാതിയുണ്ട്. ഇതിനെതിരെ കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് സര്‍വീസ് സംഘടന എംപ്ലോയീസ് ഫോറം നേതാക്കളായ ടി ജെ മാര്‍ട്ടിന്‍, കെ മനോജ് എന്നിവര്‍ പ്രതിഷേധം രേഖപ്പെടുത്തി. 2011-16 കാലഘട്ടങ്ങളില്‍ സര്‍വകലാശാലയുടെ പുരോഗതിയില്‍ പങ്കാളിത്തം വഹിച്ച എംഎല്‍എ ഉള്‍പ്പെടെയുള്ള സിന്‍ഡിക്കേറ്റംഗങ്ങളെ പ്രോഗ്രാം ലിസ്റ്റില്‍ ഉള്‍പ്പെടുത്താതെ സര്‍വകലാശാല അവഹേളിച്ചതായാണ് ആരോപണം. വേദിയില്‍ രണ്ടു സിപിഎം സിന്‍ഡിക്കേറ്റംഗങ്ങള്‍ക്കൊപ്പം ഒരു ലീഗ് സിന്‍ഡിക്കേറ്റംഗത്തിന് മാത്രമാണ് പങ്കെടുക്കാന്‍ അവസരം നല്‍കിയിട്ടുള്ളത്. മന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാന്‍ ചില യുവജനസംഘടനകള്‍ തീരുമാനിച്ചതായും പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day