|    Jul 17 Tue, 2018 3:00 pm
FLASH NEWS

വാഴമന ബ്ലോക്കില്‍ നെല്‍കൃഷിയിറക്കാനുള്ള ശ്രമത്തില്‍ കര്‍ഷകര്‍

Published : 9th August 2017 | Posted By: fsq

 

വൈക്കം: ഉദയനാപുരം ഗ്രാമപ്പഞ്ചായത്തിന്റെ നെല്ലറയായിരുന്ന വാഴമന ബ്ലോക്കില്‍ നെല്‍കൃഷി ആരംഭിക്കാനുള്ള നടപടികളില്‍ പ്രതീക്ഷയര്‍പ്പിച്ച് കര്‍ഷകര്‍. 90 ഏക്കറോളം വരുന്ന പാടശേഖരത്തില്‍ ഏഴു വര്‍ഷം മുമ്പുവരെ വര്‍ഷത്തില്‍ രണ്ട് കൃഷി നടന്നിരുന്നു. റെക്കോര്‍ഡ് വിളവെടുപ്പുമായാണ് ഓരോ കൃഷിയും പൂര്‍ത്തിയാക്കി കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും മടങ്ങിയിരുന്നത്. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍കിട ഭൂമാഫിയകള്‍ പാടശേഖരസമിതിയിലെ ചിലരെ കൂട്ടുപിടിച്ച് ബിനാമി പേരില്‍ കര്‍ഷകരില്‍ നിന്നും സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങി. മോഹവില ലഭിച്ചതോടെ കര്‍ഷകര്‍ പലരും പാടശേഖരങ്ങള്‍ പലതും മനസില്ലാമനസ്സോടെ ഇവര്‍ക്ക് വില്‍ക്കാന്‍ തുടങ്ങി. പാടശേഖരങ്ങള്‍ നികത്തി കെട്ടിട സമുച്ചയങ്ങള്‍ പണിയാമെന്ന ഉദ്ദേശത്തോടെയാണ് മാഫിയ പാടശേഖരത്തിലേക്ക് എത്തുന്നത്. എന്നാല്‍ പാടങ്ങള്‍ നികത്തുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ വന്നതോടെ ഇവരുടെ ലക്ഷ്യം പൂവണിഞ്ഞില്ല. ഇതോടെ ഇവര്‍ പാടശേഖരങ്ങള്‍ ഉപേക്ഷിച്ചു. വര്‍ഷത്തില്‍ കൃഷി നടത്താനുള്ള എല്ലാ സൗകര്യങ്ങളും ഇന്നും പാടശേഖരങ്ങളിലുണ്ട്. 60ല്‍ അധികം കര്‍ഷക കുടുംബങ്ങളാണ് പാടശേഖരത്തിനു ചുറ്റും താമസിക്കുന്നത്. പാടശേഖരത്തെ സംരക്ഷിക്കാനുള്ള പുറം ബണ്ടും വെള്ളം വറ്റിക്കാനുള്ള മോട്ടോര്‍ പുരയുമെല്ലാം ഇപ്പോഴുമുണ്ട്. ചില അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ ഇതെല്ലാം നേരെയാക്കാന്‍ സാധിക്കും. സര്‍ക്കാര്‍ സൗകര്യങ്ങള്‍ ലഭ്യമായാല്‍ ഏതുസമയവും കൃഷിയിറക്കാന്‍ കര്‍ഷകര്‍ തയ്യാറാണ്. കാര്‍ഷിക രംഗത്തിനു വാരിക്കോരി ആനുകൂല്യങ്ങള്‍ നല്‍കുന്നവര്‍ ഇതുപോലുള്ള നേര്‍കാഴ്ചകള്‍ കണ്ടില്ലെന്നു നടിക്കുന്നു. പാടശേഖരങ്ങളില്‍ കൃഷി നിലച്ചതോടെ ചെറിയ മഴ പെയ്താല്‍ കുടുംബങ്ങള്‍ വെള്ളക്കെട്ടിലാണു കഴിയുന്നത്. കാടുപിടിച്ച പാടശേഖരങ്ങളില്‍ പാമ്പുശല്യം രൂക്ഷമാണ്. ഇരുള്‍ വീണാല്‍ ഭയന്നുവിറച്ചു വേണം പാടശേഖരങ്ങളിലൂടെ സഞ്ചരിക്കാന്‍. 90 ഏക്കറോളം വരുന്ന വാഴമന നോര്‍ത്ത് പാടശേഖരത്തില്‍ കൃഷി ഇറക്കാന്‍ ഉദയനാപുരം ഗ്രാമപ്പഞ്ചായത്തും കൃഷിഭവനും കൂടിയാലോചനകള്‍ നടത്തുന്നതായി സൂചനയുണ്ട്. ഇതിനു പരിഹാരം ഉണ്ടായാല്‍ വൈക്കത്തിന്റെ നെല്ലറയായി വീണ്ടും വാഴമന പാടശേഖരം മാറും. കാരണം വാഴമന-മുട്ടുങ്കല്‍ പാലം യാഥാര്‍ഥ്യമായപ്പോള്‍ ഏറ്റവുമധികം പ്രതീക്ഷകള്‍ നിലനിന്നിരുന്നത് കര്‍ഷകര്‍ക്കായിരുന്നു. എന്നാല്‍ പാലം വന്നിട്ടും ഇതിനെല്ലാം മുന്‍കൈയെടുക്കേണ്ടവര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിരുന്നത്. പാടശേഖരങ്ങള്‍ തരിശിടുന്നതിനെതിരേ സര്‍ക്കാര്‍ കരുതലോടെ ഇപ്പോള്‍ രംഗത്തുവന്നിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss