|    Apr 23 Mon, 2018 3:19 pm
FLASH NEWS
Home   >  Opinion   >  

വാഴക്കൊലപാതകത്തിന്റെ മുഖപടങ്ങള്‍

Published : 18th August 2015 | Posted By: admin

Sat, 15 Aug 2015


slug A minus B

ആദര്‍ശത്തിന്റെ ഹോള്‍സെയില്‍ ഡീലര്‍മാര്‍ ഒരുവശത്തും ആ ജാതി ജാടയില്ലാത്ത ഡീലര്‍മാര്‍ മറുവശത്തുമായി പുലര്‍ന്നുപോന്ന എ-ഐ അങ്കം നാട്ടുകാര്‍ ആസ്വദിച്ചിരുന്നത് അതില്‍ വല്ല രാഷ്ട്രീയവും ഉണ്ടായിരുന്നതുകൊണ്ടല്ല, മിമിക്‌സ് പരേഡിനു നാട്ടില്‍ പ്രിയമുള്ളതുകൊണ്ടാണ്. അല്ലെങ്കില്‍ പറയൂ: കരുണാകരന്റെ രാഷ്ട്രീയവും ആന്റണിയുടേതും തമ്മിലെന്തുണ്ട് വ്യത്യാസം?  ടി പി ചന്ദ്രശേഖരനെ ക്വട്ടേഷന്‍ കൊടുത്ത് വകവരുത്തിയതിനു സഖാക്കള്‍ക്കെതിരേ എന്തൊരു ധര്‍മരോഷമായിരുന്നു! ചന്ദ്രശേഖരനു കിട്ടിയ വെട്ടിന്റെ എണ്ണത്തിന്മേല്‍ മനോഗണിതപ്പട്ടിക തൊട്ട് വിലാപകാവ്യങ്ങള്‍ വരെ വിരചിതമായി. സഖാക്കളായ സഖാക്കളെയെല്ലാം തെരുവിലും ചാനല്‍ത്തെരുവിലും ഉപന്യാസവീഥികളിലുമിട്ട് വെട്ടി. അതിന്മേല്‍ കവിത രചിക്കാന്‍ ആസ്ഥാന വിപ്ലവകവികള്‍ പോലും ധൈര്യപ്പെട്ടില്ല.
ഈ ധാര്‍മിക വെട്ടുമഹോല്‍സവത്തിനു ചുക്കാന്‍ പിടിച്ചവരാണ് നമ്മുടെ ഗാന്ധിയന്‍ ഗണം. പ്രത്യയശാസ്ത്രപരമായി ചോരയില്‍ ഉന്മൂലനസിദ്ധാന്തം പേറുന്ന സഖാക്കള്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പയറ്റിവരുന്ന ‘കോംപ്രമൈസ് ഫോര്‍മുല’യുടെ പേരില്‍ അനുഭവിക്കുന്ന ആത്മീയ വൈക്ലബ്യം പോലും അവര്‍ വകവച്ചുകൊടുത്തില്ല.
ഖാദിരാമന്മാര്‍ക്ക് കൊല എന്നു പറഞ്ഞാല്‍ വാഴക്കുല, തേങ്ങാക്കുല, കൂടിപ്പോയാല്‍ അടയ്ക്കാക്കുല- അത്രയൊക്കെ ദഹിപ്പിക്കാനുള്ള ശേഷിയേ സാത്വിക എന്‍സൈമിനുള്ളൂ. അയ്യപ്പപ്പണിക്കരുടെ കവിതയില്‍ ‘വാഴക്കൊലപാതകം’ എന്നു കേട്ടപാതി പനിപിടിച്ചു കിടപ്പിലായ കോണ്‍ഗ്രസ് നേതാക്കളുണ്ട്. ഇന്ദിരാഗാന്ധി പ്രസ്ഥാനം പിളര്‍ത്തി പരമ്പരാഗത ജരാനരഗാന്ധിമാരെ ഒതുക്കിയതു മുതല്‍ ഗ്രൂപ്പിസം എന്ന സാത്വികരോഗം പാര്‍ട്ടിക്കുണെ്ടന്നതു നേര്. ഏതിനം അസ്‌ക്യതയ്ക്കും പറ്റിയ കമ്പോളഭൂമിയായ കേരളത്തില്‍ ആയത് ഇംഗ്ലീഷ് അക്ഷരമാലയിലെ പലയിനം പൂക്കളായി വിരിഞ്ഞുവന്നു. (കോളനിവിരുദ്ധത ഈ നാമകരണവിപ്ലവത്തെ സ്വാധീനിച്ചിട്ടില്ല). ചവിട്ട്, കുത്ത്, കുതികാല്‍വെട്ട്, കുത്തിത്തിരിപ്പ്, പാര, പാലംവലി ഇത്യാദി സുകുമാര കലകളല്ലാതെ മറ്റു വാഴക്കൊലപാതകങ്ങളൊന്നും വികസിപ്പിച്ചിരുന്നില്ല.
ആദര്‍ശത്തിന്റെ ഹോള്‍സെയില്‍ ഡീലര്‍മാര്‍ ഒരുവശത്തും ആ ജാതി ജാടയില്ലാത്ത ഡീലര്‍മാര്‍ മറുവശത്തുമായി പുലര്‍ന്നുപോന്ന എ-ഐ അങ്കം നാട്ടുകാര്‍ ആസ്വദിച്ചിരുന്നത് അതില്‍ വല്ല രാഷ്ട്രീയവും ഉണ്ടായിരുന്നതുകൊണ്ടല്ല, മിമിക്‌സ് പരേഡിനു നാട്ടില്‍ പ്രിയമുള്ളതുകൊണ്ടാണ്. അല്ലെങ്കില്‍ പറയൂ: കരുണാകരന്റെ രാഷ്ട്രീയവും ആന്റണിയുടേതും തമ്മിലെന്തുണ്ട് വ്യത്യാസം? ഒരാള്‍ അമ്മച്ചിവീടിനു ജന്മനാ സിന്ദാബാദ് വിളിച്ചു. അപരന്‍ ആദ്യമൊന്നു മുറുമുറുത്തു, പിന്നെ സാഷ്ടാംഗം വീണു. എന്തിനേറെ, ആദര്‍ശ ഗ്രൂപ്പിലെ ഒരു സൂപ്പര്‍താരത്തിന്റെ പേരുതന്നെ ഉമ്മന്‍ചാണ്ടി എന്നതില്‍പരം ഫലിതം വേറെയുണേ്ടാ?
ഇങ്ങനെ ചിരിച്ചുചിരിച്ചു മണ്ണുകപ്പിയിരിക്കെയാണ് സാക്ഷാല്‍ കരുണാകരന്റെയും ആദര്‍ശവീരന്‍ സുധീരന്റെയും സ്വന്തം തട്ടകത്തില്‍ ഗാന്ധിയന്മാര്‍ വാഴക്കൊലപാതകത്തില്‍ നിന്നുള്ള ഗ്രാജ്വേഷന്‍ പ്രഖ്യാപിക്കുന്നത്. സാംസ്‌കാരിക തലസ്ഥാനം എന്ന തിടമ്പ് വെറുതെ ചുമക്കുന്ന തൃശൂരിനു ചെണ്ടയ്ക്കപ്പുറം ആസുരവിദ്യയൊന്നും അറിയില്ലെന്ന പഴിയും മാറിക്കിട്ടി. ദീര്‍ഘകാലമായി വടക്കുംനാഥന്മാരും തെയ്യംനാഥന്മാരും ചോരക്കളി വച്ചുനടത്തുന്നുണ്ട്. ചേകോന്മാരൊക്കെ ഖാദിച്ചട്ട അണിഞ്ഞവരായതുകൊണ്ട് കൊലപാതക വാര്‍ത്ത പത്രങ്ങള്‍ സാദാ ക്രിമിനല്‍ ബീറ്റിലൊതുക്കും. ബോധപൂര്‍വമായ തമസ്‌കരണത്തില്‍പ്പെട്ട് ഗാന്ധിയന്മാരുടെ കൊലപ്പുള്ളി പ്രകൃതം തഴച്ചുവന്നു.
ഏറ്റവും ഒടുവില്‍ നടന്ന ജീവനെടുപ്പിനോട് ചില്ലറ പ്രതികരണങ്ങള്‍ ഉയര്‍ന്നതുതന്നെ കൊലപ്പുള്ളികളെ പിടിക്കാന്‍ ഏമാന്മാര്‍ വൈക്ലബ്യം കാട്ടുകയും ഗതികെട്ട് നാട്ടുകാര്‍ തന്നെ പിടിച്ചുകൊടുക്കുകയും ചെയ്തപ്പോഴാണ്. അതാവട്ടെ, കോണ്‍ഗ്രസ്സിലെ ക്ഷുഭിത ഗാന്ധിയന്മാര്‍ക്കു തീരെ പിടിക്കുന്നുമില്ല. വി ടി ബലറാം തൊട്ട് കെ.പി.സി.സി. ശിരോമണികള്‍ വരെ രോഷംകൊണ്ട് ഉറുമിയെടുക്കുന്നു; മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ചെയ്ത കൊലകളുടെ പട്ടിക നിരത്തുന്നു. എന്നുവച്ചാല്‍, തമ്മില്‍ ഭേദപ്പെട്ട തൊമ്മികളാണ് തങ്ങള്‍, ആയതിനാല്‍ നാട്ടുകാര്‍ കണ്ണടയ്ക്കണമെന്നു സാരം. തച്ചോളി ഒതേനന്‍ വീരവാദവും പൊങ്ങച്ചവും മുഴക്കും. അരിങ്ങോടര്‍ ഇമ്മാതിരി അടവുകള്‍ കൊണ്ട് തലയെടുക്കും. അതാണ് വ്യത്യാസം.

നാട്ടിലൊരു കൊലപാതകമുണ്ടായാല്‍ ഉടനെ എസ്.ഐ.ടിയെ വയ്ക്കലാണോ പതിവു നടപടിക്രമം?

ചേകോര്‍ തലയിലെ വ്യത്യാസങ്ങള്‍ ഇനിയും വിപുലമാണ്. ഇത്തവണത്തെ കൊലപ്പുള്ളിയുടെ ഗ്രൂപ്പുനേതാവായ സാക്ഷാല്‍ ആഭ്യന്തരമന്ത്രിയെ നോക്കുക. തൃശൂരില്‍ ഐ ഗ്രൂപ്പിന്റെ കാവല്‍ഗാന്ധിയായ മന്ത്രി ബാലകൃഷ്ണനിലേക്കാണ് അന്വേഷണത്തിന്റെ കുന്തമുന നീളുകയെന്നു മണത്തതും ആഭ്യന്തരമന്ത്രി മൗനിയായി. ആദര്‍ശ ഗ്രൂപ്പിനു രക്തസാക്ഷിത്വം കൊണ്ടു വീണുകിട്ടിയ തല്‍ക്കാല മേല്‍ക്കൈ ഉടനടി വസൂലാക്കുകയായി കെ.പി.സി.സി. മൂപ്പന്‍. ഐ ഗ്രൂപ്പുകാരനായ ലോക്കല്‍ പ്രസിഡന്റിനെ സസ്‌പെന്‍ഡ് ചെയ്യുന്നു, കമ്മിറ്റിയെത്തന്നെ പിരിച്ചുവിടുന്നു, എന്നിട്ടൊരു പ്രഖ്യാപനവും- സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം.
നാട്ടിലൊരു കൊലപാതകമുണ്ടായാല്‍ ഉടനെ എസ്.ഐ.ടിയെ വയ്ക്കലാണോ പതിവു നടപടിക്രമം? ലോക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രതിയെ തൂക്കി അകത്താക്കും, എഫ്.ഐ.ആറിടും, റിമാന്‍ഡ് ചെയ്ത് കസ്റ്റഡിയില്‍ വാങ്ങും, ചോദ്യം ചെയ്ത് തെളിവെടുത്ത് കോടതിയില്‍ കേസുകെട്ട് ഹാജരാക്കും. ഇതിനിടെ പ്രതി മുങ്ങുന്നപക്ഷം സ്റ്റേറ്റ് പോലിസ് സംവിധാനം ഉപയോഗപ്പെടുത്തി ആളെ പൊക്കും.
ഇവിടെയാവട്ടെ, കൊന്നവരും കണ്ടവരുമൊക്കെ തൃശൂര്‍ പട്ടണവളപ്പില്‍ അവരവരുടെ താമസസ്ഥലങ്ങളില്‍ സുഭിക്ഷമായി കഴിയുന്നു. അപ്പോഴാണ് എസ്.ഐ.ടിയുടെ വരവ്. ഗസ്റ്റ്ഹൗസില്‍ ടിയാന്മാര്‍ ഷെര്‍ലക് ഹോംസിനു പഠിക്കുമ്പോള്‍ വിളിപ്പാടകലെയുള്ള കോടതിയിലേക്ക് ഒരു പ്രതി നടന്നുചെല്ലുന്നു. തൊട്ടപ്പുറത്ത് മറ്റൊരു പ്രതി വീട്ടില്‍ കിടന്നുറങ്ങുന്നു. ഷെര്‍ലക് ഹോംസുമാരുടെ ബൗദ്ധിക നിലപാടില്‍ സഹികെട്ട പൊതുജനം കൊലപ്പുള്ളിയെ പൊക്കി സ്റ്റേഷനിലാക്കുന്നു!
ഓര്‍ക്കണം, ചന്ദ്രശേഖരന്‍ വധക്കേസില്‍ ക്വട്ടേഷന്‍ ഗ്യാങിനെയും പ്രത്യക്ഷ പ്രതികളെയുമാണ് പിടിച്ചതെന്നും ഗൂഢാലോചനക്കാര്യം യഥാവിധി അന്വേഷിച്ചില്ലെന്നും വിലപിക്കുന്ന കോണ്‍ഗ്രസ് നേതൃത്വമാണ് തൃശൂരില്‍ എസ്.ഐ.ടി. നാടകം കളിച്ചിട്ട് നാട്ടുകാര്‍ക്കു പണി തരുന്നത്. ഗൂഢാലോചനക്കാര്യം ഭംഗിയായി വിഴുങ്ങുന്നു. പട്ടാപ്പകല്‍ പുരയില്‍ നിന്നു പിടിച്ചിറക്കി സ്വന്തം പാര്‍ട്ടിക്കാരനെ കുത്തിമലര്‍ത്തുന്നത് ഏതായാലും സാഹചര്യ സമ്മര്‍ദ്ദത്താലുണ്ടായ വൈകാരിക വിക്ഷോഭമോ കൈയബദ്ധമോ അല്ല. ആസൂത്രിതമാണ് കൊലയെന്ന് ഏതു പോലിസുകാരനുമറിയാം. സ്വാഭാവികമായും ആസൂത്രകരിലേക്ക് അന്വേഷണം നീളണം. അതങ്ങനെ നീളുന്നത് തടയേണ്ടത് ആസൂത്രകരുടെ മാത്രം ആവശ്യമാണ്. അതിനുള്ള സൂത്രവാക്യമാണ് എസ്.ഐ.ടി.
നാളെ ഒരുപക്ഷേ, ഗൂഢാലോചന അവതരിപ്പിക്കപ്പെട്ടാല്‍ പോലും അതില്‍ സൗകര്യപ്രദമായി ഉള്‍ക്കൊള്ളിക്കാവുന്ന കഥാപാത്രങ്ങള്‍ മാത്രമേ ഉണ്ടാവൂ. അങ്ങനെയാണല്ലോ രാഷ്ട്രീയ കൊലപാതകങ്ങളുടെ വ്യവഹാരചരിത്രം. തട്ടില്‍ എസ്റ്റേറ്റ് കൊലപാതകം തൊട്ട് ബസ്സ്റ്റാന്‍ഡില്‍ അരങ്ങേറിയ അഴീക്കോടന്‍ വധം വരെ തൃശൂരിനു തന്നെ പറയാന്‍ എത്രയോ സാക്ഷ്യങ്ങളുണ്ട്.
കണ്ണൂരിനെ ചുവപ്പന്‍ കൊലക്കേസുകളുടെ രണഭൂമിയായി വാശിയോടെ ചിത്രീകരിക്കുന്ന പ്രബുദ്ധ കേരളം എന്തുകൊണ്ട് ഖാദിപ്പടയുടെ ‘തൂവെള്ള’ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന തൃശൂരിനെ അവ്വിധം കാണുന്നില്ല? രാഷ്ട്രീയ പ്രതിയോഗികളുടെ അങ്കംവെട്ടിനെ ജനാധിപത്യവിരുദ്ധതയുടെ പരമകോടിയായി വിശേഷിപ്പിക്കാന്‍ മല്‍സരിക്കുന്നവര്‍, ഒരേ രാഷ്ട്രീയം പങ്കിടുന്ന ഒരേ കൂറ്റുകാര്‍ പരസ്പരം കുത്തിമലര്‍ത്തുന്നതില്‍ ഉന്മൂലനത്തിന്റെ രാഷ്ട്രീയം എന്തേ കാണുന്നില്ല?
പ്രശ്‌നം ലളിതമാണ്: കേരളത്തിലെ മുഖ്യധാരാ സെന്‍സിബിലിറ്റിക്ക് ഒരു രോഗാതുരതയുണ്ട്. രാഷ്ട്രീയചിന്തയുടെ ഇടത്തും വലത്തുമുള്ളവര്‍ക്ക് പല പ്രകാരേണയും ചില തീവ്രതകളുണ്ട്- അതിപ്പോ സി.പി.എമ്മായാലും ബി.ജെ.പിയായാലും. നിലപാടുകളിലെ തീവ്രതയെ ഭയപ്പെടുന്നവരാണ് മധ്യവര്‍ഗം. അവരെ സംബന്ധിച്ച് ഉറപ്പുള്ള നിലപാടുകള്‍ വിമ്മിട്ടമാണ്. വലിയവായില്‍ പറയുന്നതൊക്കെ കാര്യത്തോടടുക്കുമ്പോള്‍ വെള്ളം ചേര്‍ത്ത് തന്‍കാര്യം നേടാന്‍ പാകത്തിനാക്കും. അതാണ് പഥ്യം, ശീലം. ഈ അഴകൊഴമ്പന്‍ പ്രകൃതത്തിനു നിരക്കുന്ന രാഷ്ട്രീയം മധ്യമപദക്കാരുടേതാണ്. ഉദാഹരണം കോണ്‍ഗ്രസ്.
ഈ ഇരട്ടത്താപ്പിനെ ഗാന്ധിസത്തിന്റെ വെള്ളമേലങ്കിയില്‍ പൊതിയുന്നതോടെ സര്‍വം ശുഭം! ഒരു കുടുംബവാഴ്ചയുടെ ഓശാനപ്പടയായി കഴിയുന്നത് സാത്വിക ജനാധിപത്യമായി വാഴ്ത്തപ്പെടുന്നു. സകലമാന ജാതി-മതവര്‍ഗീയതയ്ക്കും കുടപിടിക്കുന്നത് മതേതര രാഷ്ട്രീയമായി വിശേഷിപ്പിക്കപ്പെടുന്നു. നൃശംസകങ്ങളായ അരുംകൊലകള്‍ വാഴക്കൊലപാതകങ്ങളായി വ്യവഹരിക്കപ്പെടുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക