|    Sep 23 Sun, 2018 9:48 am
FLASH NEWS

വാളൂക്ക്, ഉരുട്ടി പാലങ്ങള്‍ തകര്‍ന്നു

Published : 18th August 2018 | Posted By: kasim kzm

വാണിമേല്‍: കഴിഞ്ഞ ദിവസമുണ്ടായ മലവെള്ളപ്പാച്ചിലില്‍ വിലങ്ങാടിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന വാളൂക്ക്, ഉരുട്ടി പാലങ്ങള്‍ തകര്‍ന്നു. ഇതോടെ വിലങ്ങാട് പുറം ലോകവുമായുള്ള ബന്ധം കുറഞ്ഞു. ഉരുട്ടി പാലത്തിലൂടെ വലിയ വാഹനങ്ങള്‍ യാത്ര ചെയ്യുന്നത്്്്് നിരോധിച്ചതോടെ വിലങ്ങാട് നിന്നുള്ള ബസ് സര്‍വ്വീസുകള്‍ ഉരുട്ടി മുതല്‍ മാത്രമാക്കി മാറ്റിയിട്ടുണ്ട്. വാളൂക്കിലേക്കുള്ള റോഡിന്റെ വശങ്ങളും അപ്രോച്ച് റോഡും തകര്‍ന്നതിനാല്‍ വിലങ്ങാട്ടേക്ക് എത്താനുള്ള രണ്ടാമത്തെ വഴിയും ഇല്ലാതായി. ഇതോടെ നിരവധി ആദിവാസി കോളനികളിലെ രോഗികള്‍ക്കടക്കം ഒന്നര കിലോമീറ്റര്‍ ദൂരം കാല്‍നടയായി നടന്ന് വേണം പുറം ലോകത്തെത്താന്‍.
35 വര്‍ഷം മുമ്പ് പണിത വിലങ്ങാട് – വാളൂക്ക് റോഡ് തകര്‍ച്ചയിലായിട്ട് വര്‍ഷങ്ങളായി. പാലത്തിന്റെ ഇരുവശത്തെ കൈവരികളും വര്‍ഷങ്ങള്‍ക്ക് മുമ്പെ തകര്‍ന്നു. മുന്‍ മന്ത്രി ബിനോയ് വിശ്വം പാലം പുനര്‍നിര്‍മ്മിക്കാന്‍ നടപടിയെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെയും യാതൊരു നടപടിയുമുണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ മഴയില്‍ പാലത്തിന്റെ കൈവരി പൂര്‍ണ്ണമായും ഇല്ലാതായി. ഇക്കൊല്ലം നാലു പ്രാവശ്യം പാലത്തിന് മുകളിലൂടെ വെള്ളം കയറിയിറങ്ങി.
കഴിഞ്ഞ ദിവസത്തെ മലവെള്ളപ്പാച്ചിലില്‍ പാലത്തിന്റെ ഇരുവശത്തെയും അപ്രോച്ച് റോഡും തകര്‍ന്നു. വാളൂക്ക് ഭാഗത്തുള്ള അപ്രോച്ച് റോഡിന്റെ ഒരു ഭാഗത്ത് വന്‍ കുഴി രൂപപ്പെട്ടിരിക്കുകയാണ്. ഇതു മൂലം പാലത്തിലൂടെ ചെറിയ വാഹനങ്ങള്‍ പോലും കടന്നു പോകുന്നത് അപകടം ക്ഷണിച്ച് വരുത്തും.
വിലങ്ങാട് നിന്നും ദിവസേന മലഞ്ചരക്ക് സാധനങ്ങളും മറ്റും മാര്‍ക്കറ്റിലേക്ക് കൊണ്ടു പോകുന്നവന്‍ ഇപ്പോള്‍ പ്രയാസത്തിലാണ്. വാളൂക്ക് റോഡിലേക്കുള്ള പാലം അടിയന്തിരമായി ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ വിലങ്ങാട് ജലവൈദ്യുത പദ്ധതിയിലേക്കുള്ള വഴിയും തടസ്സപ്പെടും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss