|    Apr 24 Tue, 2018 6:22 pm
FLASH NEWS

വാളയാറിലെ വേ ബ്രിഡ്ജുകള്‍ പ്രവര്‍ത്തനരഹിതം

Published : 30th July 2016 | Posted By: SMR

പാലക്കാട്: സംസ്ഥാനത്ത് ഏറ്റവും പ്രധാന ചെക്ക്‌പോസ്റ്റായ വാളയാറില്‍ ചരക്ക് വാഹനങ്ങളുടെ തൂക്കം നോക്കാനായി സ്ഥാപിച്ച വേ ബ്രിഡ്ജുകള്‍ നോക്കുകുത്തിയാകുന്നു. ആര്‍ടിഒ ചെക്‌പോസ്റ്റിന്റെ കീഴില്‍ വരുന്ന മൂന്ന് വേ ബ്രിഡ്ജുകളുടെ നിയന്ത്രണം വാണിജ്യനികുതി വകുപ്പിനാണെന്നിരിക്കെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വേബ്രിഡ്ജ് രണ്ടുവര്‍ഷമായിട്ട് പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.  മന്ത്രി ഡോ. തോമസ് ഐസക് കഴിഞ്ഞ ദിവസം വാളയാര്‍ ചെക്‌പോസ്റ്റ് സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യം ബോധ്യപ്പെട്ടിരുന്നു. കേടുവന്നതിനെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോടികള്‍ ചെലവഴിച്ച് നന്നാക്കിയ വേബ്രിഡ്ജ് വീണ്ടും പ്രവര്‍ത്തിപ്പിക്കാതെ സ്വകാര്യ വ്യക്തികളുടെ രണ്ട് വേബ്രിഡ്ജിലേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നതായും ആരോപണം ഉയരുന്നുണ്ട്. സര്‍ക്കാര്‍ വേബ്രിഡ്ജില്‍ വാഹനങ്ങളുടെ തൂക്കം നോക്കിയാല്‍ പരിധിയില്‍ കൂടുതല്‍ ചരക്ക് കയറ്റിയിട്ടുണ്ടെങ്കില്‍ ആധികം നികുതി ഈടാക്കേണ്ടിവരും. മാത്രമല്ല ഇവിടെ ക്രമക്കേട് നടത്താനും കഴിയില്ല. എന്നാല്‍ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന വേബ്രിഡ്ജുകളില്‍ ലോറി ഡ്രൈവര്‍മാര്‍ പറയുന്ന തൂക്കം രേഖപ്പെടുത്തി കൊടുക്കുകയും ഇതുവഴി സര്‍ക്കാരിന് ദിവസേന ലക്ഷങ്ങള്‍ നികുതി നഷ്ടമുണ്ടാകുന്നതായും ആരോപണമുണ്ട്.  വാളയാറിലെ നികുതി ചോര്‍ച്ച തടയാന്‍ കംപ്യൂട്ടറൈസ്ഡ് വേബ്രിഡ്ജ് സ്ഥാപിക്കുന്നതിലേക്കാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ സന്ദര്‍ശനത്തോടെ സാധ്യത ഏറിയത്. ആര്‍ടിഒ ചെക്‌പോസ്റ്റ് പരിധിയില്‍ വരുന്ന വേബ്രിഡ്ജിന്റെ നിയന്ത്രണം വാണിജ്യനികുതി വകുപ്പിനാണെങ്കിലും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വാണിജ്യനികുതി വകുപ്പ് തയ്യാറാകുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
രണ്ടു വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിന്റെ കുറവും വേബ്രിഡ്ജിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാകുന്നതിന് തടസ്സമാകുന്നു. സ്വകാര്യ വ്യക്തികള്‍ നടത്തുന്ന വേബ്രിഡ്ജില്‍ ജീവനക്കാരുടെ കുറവ് കാരണം സമയം വൈകുന്നതായും വാഹനങ്ങളിലെ ജീവനക്കാര്‍ പരാതി പറയുന്നുണ്ട്. രണ്ട് ജീവനക്കാര്‍ മാത്രമാണ് ഇവിടെയുള്ളതെന്നിരിക്കെ വാഹനങ്ങളുടെ തൂക്കം പരിശോധിക്കാന്‍ രണ്ട് ഷിഫ്റ്റുകളിലായി ഓരോരുത്തര്‍ മതിയാകുന്നില്ല. വാഹനം വേബ്രിഡ്ജില്‍ കയറിയാല്‍ തൂക്കം നോക്കി മറുവശത്ത് വന്ന് രശീതി കൊടുക്കുമ്പോഴെക്കും സമയം ഏറെ വൈകുന്നുണ്ട്. ചുരുങ്ങിയത് 24 മണിക്കൂറും രണ്ട് ജീവനക്കാര്‍ എന്നനിലയില്‍ നോക്കുന്നതിന് നാല് ജീവനക്കാരെ നിയമിക്കണമെന്നാണ് ലോറി ഉടമകള്‍ ആവശ്യപ്പെടുന്നത്.  സംസ്ഥാന സര്‍ക്കാരിന് വരുന്ന നികുതി ചോര്‍ച്ചയുടെ കേന്ദ്രം ചെക്‌പോസ്റ്റുകളായതിനാല്‍ അവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനാണ് മന്ത്രി തുടക്കമിടുന്നത്. ഇതോടെ എക്‌സൈസ് പരിശോധനയും ഒഴിവാക്കാന്‍ കഴിയും. ചരക്ക് ലോറികള്‍ക്ക് പെട്ടെന്ന് ചെക്‌പോസ്റ്റ് വിടാനും ഇതോടെ സാധിക്കും.
സംസ്ഥാനത്തിന്റെ നികുതി വരുമാനം വര്‍ധിപ്പിക്കുന്നതിന് ചെക്‌പോസ്റ്റുകളില്‍ മന്ത്രി നടത്തുന്ന ഇടപെടലിന് പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് ജില്ലാ ലോറി ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. പ്രവര്‍ത്തനരഹിതമായ വേബ്രിഡ്ജുകള്‍ ശരിയാക്കുന്നതോടെ ചരക്കുവാഹനങ്ങളുടെ തിരക്ക് കുറയ്ക്കുന്നതിനുപുറമെ സംസ്ഥാന സര്‍ക്കാരിന് നികുതി വരുമാനത്തിലും വര്‍ദ്ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss