|    Mar 30 Thu, 2017 10:04 pm
FLASH NEWS

വാളയാര്‍ വനമേഖലയില്‍ പിടിയാന ട്രെയിനിടിച്ചു ചരിഞ്ഞു

Published : 30th July 2016 | Posted By: SMR

പാലക്കാട്: പ്രൊജക്റ്റ് എലിഫന്റ് മേഖലയായ കോയമ്പത്തൂ-വാളയാര്‍ വനമേഖലയില്‍ ഒരു പിടിയാന കൂടി ട്രെയിനിടിച്ചു ചരിഞ്ഞു. കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ എട്ടിമടക്കു സമീപമാണ് ഇരുപതു വയസ്സ് വരുന്ന പിടിയാന ട്രെയിനിടിച്ച് തല്‍ക്ഷണം കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. മംഗലാപുരത്തു നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്സ് ട്രെയിനാണ് ആനയെ ഇടിച്ചു വീഴ്ത്തിയത്. ഇടിയുടെ ആഘാതത്തില്‍ ആന്തരികാവയവങ്ങ ള്‍ക്ക് കേടു പറ്റിയതും കൊക്കയിലേക്ക് തെറിച്ചു വീണതിന്റെ ആഘാതവുമാവാം മരണനത്തിലേക്ക് നയിച്ചതെന്ന് വിലയിരുത്തുന്നു. വാളയാര്‍ മധുക്കര മേഖലയില്‍ നാല്‍പ്പതു കിലോമീറ്ററില്‍ താഴെ മാത്രം വേഗ നിയന്ത്രണം രേഖകളില്‍ ഉണ്ടെങ്കിലും നൂറു കിലോമീറ്ററിലധികം  വേഗതയില്‍ ട്രെയിനുകള്‍ കടന്നുപോകുന്നത് പതിവാണ്. ക്രിയാത്മക നടപടികളെടുക്കേണ്ട വനം വകുപ്പ് നിഷ്‌ക്രിയരായി നോക്കി നില്‍ക്കുകയാണ്.
റെയില്‍വേയാകട്ടെ അസത്യ സത്യപ്രസ്താവനകള്‍ മാധ്യമങ്ങള്‍ക്കു നല്‍കി  തടിയൂരുകയാണെന്നു കേരള തമിഴ്‌നാട് വന്യജീവി സംരക്ഷകര്‍ ആരോപിക്കുന്നു. ഇരുപത്തിനാല് ആനകള്‍ ഇവിടങ്ങളില്‍  കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിലേറെയായി ട്രെയിനിടിച്ചു തന്നെ കൊല്ലപ്പെട്ടിട്ടുണ്ട്.  ആനകളെ ട്രാക്കില്‍ കയറ്റാതിരിക്കാന്‍  വൈദ്യുത വേലി, മുള്ളുവേലി, മുളക് വേലി തുടങ്ങി വിവിധ മാര്‍ഗങ്ങള്‍ റെയില്‍വേയും വനംവകുപ്പും കോടിക്കണക്കിനു രൂപ മുടക്കി നടപ്പാക്കിയെങ്കിലും  എല്ലാം  പരാജയപ്പെടുകയായിരുന്നു.
ഇതുപോലുള്ള വിദ്യകളുമായി മുന്നോട്ടുപോയാല്‍ ഇനിയും പരാജയപ്പെടുമെന്ന് ഈ മേഖലയില്‍ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി പഠനം നടത്തുന്ന വൈല്‍ഡ്‌ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രൊജക്റ്റ് ഓഫിസര്‍ കൂടിയായ എസ് ഗുരുവായൂരപ്പന്‍ പറയുന്നു. ആനകളുടെ സ്വതന്ത്ര സഞ്ചാര മേഖലയില്‍ രാജ്യത്തെ മറ്റെല്ലായിടത്തും ഇത് സംഭവിച്ചിട്ടുണ്ട്.
രാജാജി നാഷനല്‍ പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ ട്രെയിനിന് വേഗത കുറച്ചതു മൂലം  ട്രെയിനിടിച്ചുള്ള ആനകളുള്‍പ്പെടെയുള്ള വന്യജീവി നാശം കുറഞ്ഞിട്ടുണ്ടെന്ന്  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day