|    Feb 22 Thu, 2018 8:31 am
FLASH NEWS

വാളയാര്‍ റെയില്‍വേ സ്റ്റേഷനിലെത്താന്‍ യാത്രക്കാര്‍ക്ക് ദുരിതയാത്ര

Published : 17th January 2017 | Posted By: fsq

 

വാളയാര്‍: സംസ്ഥാന അതിര്‍ത്തിയിലുള്ള വാളയാര്‍ റെയില്‍വേ സ്റ്റേഷനിലേക്കെത്താന്‍ യാത്രക്കാര്‍ക്ക് ദുരിതയാത്ര. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ദിനം പ്രതി നൂറു കണക്കിനു യാത്രക്കാരെത്തുന്ന വാളയാര്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി വര്‍ഷങ്ങളായി തകര്‍ന്നടിഞ്ഞ നിലയിലാണ്.  കാടുമൂടിയ ഇടവഴിയാണു റെയില്‍വേ സ്റ്റേഷനിലേക്ക് യാത്രക്കാരെ  സ്വാഗതം ചെയ്യുന്നത്. പേരിനൊരു മണ്ണിട്ട റോഡുണ്ടെങ്കിലും മഴപെയ്താല്‍ ഇതും ചെളിമയമാകും. സംസ്ഥാന അതിര്‍ത്തിയിലുള്ള മുപ്പതില്‍ പരം കോളജ് വിദ്യാര്‍ഥികളും പ്രദേശവാസികളുടെയും  ആശ്രയമായ വാളയാര്‍ റെയില്‍വേസ്റ്റേഷനാണ് ഈ ദുരവസ്ഥ. ഇതിലൂടെയുള്ള രാത്രി ഗതാഗതം പലപ്പോഴും അപകടങ്ങളിലാകും അവസാനിക്കുന്നത്. പിടിച്ചു പറിയും മോഷണവും ഉള്‍പ്പെടെ ഒട്ടേറെ തവണ നടന്നിട്ടും ബന്ധപ്പെട്ടവര്‍ വഴിവിളക്കുകള്‍ പോലും സ്ഥാപിച്ചില്ല. റെയില്‍വേ സ്റ്റേഷന്റെ സൂചക ബോര്‍ഡുകളും തുരുമ്പെടുത്ത് നശിച്ചു വീണു. ട്രാക്കിനോടു ചേര്‍ന്നുള്ള ചെറിയ കിടങ്ങു ചാടിക്കടന്നുമാത്രമേ യാത്രക്കാര്‍ക്ക് സ്റ്റേഷനിലെത്തിപ്പെടാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ രോഗികളും പ്രായമായ യാത്രക്കാര്‍ക്കും ഇതുവഴി കടന്നെത്താന്‍ പ്രയാസമാണ്. റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡ് പുനര്‍നിര്‍മിക്കണമെന്ന് ഒട്ടേറെ തവണ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നു നാട്ടുകാര്‍ പറഞ്ഞു. പരാതികള്‍ക്കൊടുവില്‍ രണ്ടരവര്‍ഷം  മുന്‍പാണു പ്ലാറ്റ്‌ഫോം നീളം കൂട്ടിയത്. യാത്രക്കാര്‍ക്കു മഴയും വെയിലും കൊള്ളാതിരിക്കാനും  മേല്‍ക്കൂരയും കുടിവെള്ള സൗകര്യവും പ്ലാറ്റ് ഫോമിലൊരുക്കി. എന്നാല്‍ ഇവിടേക്കു കടന്നെത്താനുള്ള വഴിമാത്രം ഒരുക്കിയില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss