|    Jan 19 Thu, 2017 8:39 pm
FLASH NEWS

വാര്‍ഷിക പദ്ധതി നിര്‍ദേശങ്ങള്‍ അട്ടിമറിച്ചെന്ന്; മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം

Published : 6th October 2016 | Posted By: Abbasali tf

തൊടുപുഴ: കൗണ്‍സില്‍ അംഗീകരിച്ച നഗരസഭയുടെ വാര്‍ഷിക പദ്ധതി നിര്‍ദേശങ്ങളില്‍ അട്ടിമറി നടന്നതായുള്ള ആരോപണ പ്രത്യാരോപണങ്ങളെ തുടര്‍ന്ന് കൗണ്‍സില്‍ യോഗം ബഹളത്തില്‍ കലാശിച്ചു. ഇതിനിടെ കോണ്‍ഗ്രസ് അംഗമം കൂടിയായ വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍ നായര്‍ വന്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണവുമായി ഭരണപ ക്ഷാംഗവും എത്തിയതോടെ യോഗം യുദ്ധസമാനമായി. ഇതിനിടെ, കൗണ്‍സിലില്‍ തീരുമാനിച്ച പദ്ധതി ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലര്‍മാരുടെ വാക്കൗട്ടും നടന്നു. നഗരസഭയിലെ വാര്‍ഷിക പദ്ധതികള്‍ അട്ടിമറിക്കപ്പെട്ടതായി ആരോപിച്ച് പ്രതിപക്ഷ നേതാവ് ആര്‍ ഹരിയാണ് ആദ്യം രംഗത്തെത്തിയത്. കൗണ്‍സില്‍ അംഗീകരിച്ച നഗരസഭയുടെ വാര്‍ഷിക പദ്ധതി നിര്‍ദേശങ്ങള്‍ ആരുടെ നിര്‍ദേശ പ്രകാരമാണ് മാറ്റി മറിച്ചതെന്ന് ചെയര്‍പേഴ്‌സ ണ്‍ വ്യക്തമാക്കണമെന്ന് ഹരി ആവശ്യപ്പെട്ടു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരട് പദ്ധതി തയ്യാറാക്കിയാണ് കഴിഞ്ഞ ഏഴിന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചത്. ഒന്‍പതിന് രാവിലെ മുതല്‍ വൈകീട്ടു വരെ പദ്ധതി നിര്‍ദേശങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. പിഎംഎവൈ പദ്ധതി തുകയായ 70 ലക്ഷം രൂപ 50 ലക്ഷമായി കുറയ്ക്കുകയും ബാക്കിയുള്ള 20 ലക്ഷം രൂപയില്‍ 15 ലക്ഷം വെങ്ങല്ലൂര്‍ സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിനും അഞ്ചു ലക്ഷം രൂപ വാംബെ പദ്ധതിയുടെ ഗഡുക്കള്‍ നല്‍കുന്നതിനും ഭേദഗതി വരുത്തി. കൂടാതെ ഹാര്‍വെസ്റ്റര്‍ ആന്റ് ഡ്രില്ലര്‍ പദ്ധതി ഉപേക്ഷിച്ച് പകരം അതേ ഉല്‍പാദന മേഖലയില്‍ അനുയോജ്യമായ മറ്റു പദ്ധതികള്‍ രൂപീകരിക്കുന്നതിനും ഭേദഗതി വരുത്തിയിരുന്നു. ഈ രണ്ടു ഭേദഗതികള്‍ മാത്രം വരുത്തിയ സാഹചര്യത്തില്‍ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് ആരാണ് പദ്ധതി നിര്‍ദേശത്തില്‍ വെള്ളം ചേര്‍ത്തതെന്ന് വ്യക്തമാക്കണമെന്ന് ഹരി ആവശ്യപ്പെട്ടു. ഇതിനു പിന്തുണയായി എല്‍ഡിഎഫ് കൗണ്‍സിലര്‍ രാജീവ് പുഷ്പാംഗദനുമെത്തി. തുടര്‍ന്നു ചെയര്‍പേഴ്‌സണ് പിന്തുണയുമായി എ എം ഹാരിദ് രംഗത്തെത്തി. ചെയ്ത പദ്ധതികള്‍ രേഖയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോ എന്നാണ് ചെയര്‍പേഴ്‌സണ്‍ പരിശോധിച്ചത്. മിനിട്‌സില്‍ അത് രേഖപ്പെടുത്തിയില്ലെങ്കില്‍ അത് ചെയര്‍പേഴ്‌സന്റെ സത്യസന്ധതയാണ്. കൗ ണ്‍സില്‍ അംഗീകാരമുള്ള പദ്ധതിയാണെല്ലാം. അത് നമ്മള്‍ മനസ്സിലാക്കുമെന്നുള്ള വിശ്വാസത്തിലാണ് ഇവയെല്ലാം ചെയ്‌തെതെന്നും ഹാരിദ് പറഞ്ഞു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി കൃത്യമായി മേഖലാ വിഭജനം നടത്തിയാണ് പദ്ധതികള്‍ തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടങ്ങളില്‍ മറുപടി പറയാന്‍ വിഷമിച്ചെങ്കിലും ചെയര്‍പേഴ്‌സണ്‍ പിന്നീട് തന്റെ ഭാഗം വിശദീകരിച്ചു. താനും എഇയും ചില അവശ്യ പദ്ധതികള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നു. കൗണ്‍സില്‍ കൂടാന്‍ സമയമില്ലാത്തതിനാല്‍ എല്ലാ കൗണ്‍സിലര്‍മാരേയും വിളിച്ചറിയിക്കുകയും ചെയ്തു. എന്നാല്‍ അവസാനം കൗണ്‍സില്‍ അംഗീകരിച്ച പദ്ധതികള്‍ മാത്രമാണ് അയച്ചത്. തെരുവുവിളക്ക്, സ്‌കൂള്‍ പദ്ധതികള്‍ സാങ്കേതികത ഉന്നയിച്ച് സെക്രട്ടറിയാണ് അയയ്ക്കാതിരുന്നത്. നഗരസഭയുടെ നല്ലതിന് വേണ്ടി മാത്രമാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. തുടര്‍ന്നാണ് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രഫ. ജെസി ആന്റണി തന്റെ ഭാഗം പറഞ്ഞത്. കൗണ്‍സില്‍ അംഗീകരിച്ച പദ്ധതി നിര്‍ദേശങ്ങള്‍ എഇ ആണ് ഭേദഗതി വരുത്തി ലിസ്റ്റ് തയ്യാറാക്കിയത്. കൗണ്‍സില്‍ അംഗീകരിച്ച പദ്ധതികള്‍ 2011ലെ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് എഇ മാറ്റാന്‍ ശ്രമിച്ചത്. ഇത് മനസിലാക്കിയ താന്‍ എഇയോട് കാര്യം പറഞ്ഞെങ്കിലും പ്രോജക്ട് പഴയ രീതിയിലാക്കാന്‍ തയ്യാറായില്ല. ഇത് ഖേദകരമായ കാര്യമാണ്. വാര്‍ഡ് ഫണ്ടില്‍ നിന്ന് എടുത്തുള്ള പദ്ധതിയെപ്പറ്റിയും എഇ കൃത്യമായി പറഞ്ഞില്ല. അതും ആശയക്കുഴപ്പങ്ങളുണ്ടാക്കി. അല്ലാതെ താനോ സ്റ്റാന്റിങ് കമ്മിറ്റിയോ കൗണ്‍സില്‍ തീരുമാനങ്ങള്‍ അട്ടിമറിച്ചില്ലെന്ന് ജെസി ആന്റണി പറഞ്ഞു. എഇ 2011ലെ ഗൈഡ് ലൈനാണ് തനിക്ക് തന്നതെന്ന് ചെയര്‍പേഴ്‌സണും സമ്മതിച്ചതോടെ തര്‍ക്കം അവസാനിക്കുകയായിരുന്നു. ഇതിനിടെ യുഡിഎഫ് കൗണ്‍സിലര്‍ എം കെ ഷാഹുല്‍ ഹമീദ് വൈസ് ചെയര്‍മാനെതിരേ ആരോപണവുമായി എത്തിയത് വീണ്ടും ബഹളത്തിനിടയായി. തന്റെ വാര്‍ഡിലെ പണി പൂര്‍ത്തിയാക്കിയ കുടിവെള്ള പദ്ധതിക്ക് തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷാഹുല്‍ ഹമീദ് എഴുന്നേറ്റത്. പാര്‍ക്കിലെ പണികളും, തെരുവു വിളക്കുമാണ് നഗരസഭയില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍. അതിനാല്‍ ആദ്യം തന്റെ പദ്ധതിക്ക് പണം നല്‍കിയതിന് ശേഷം മറ്റുള്ളവയ്ക്ക് അനുവദിച്ചാല്‍ മതി എന്ന നിലപാടാണ് ഷാഹുല്‍ ഹമീദ് എടുത്തത്. ഇതിനെ ഭരണപക്ഷാംഗങ്ങള്‍ തന്നെ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഷാഹുല്‍ ഹമീദ് വൈസ് ചെയര്‍മാനെതിരേ ആരോപണം ഉന്നയിച്ചത്. വൈസ് ചെയര്‍മാന്റെ ഓഫിസിലെ വൈകിട്ട് ആറ് മുതല്‍ 10 വരെയുള്ള പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണം എന്ന് ഷാഹുല്‍ ഹമീദ് ആവശ്യപ്പെട്ടു. വന്‍ അഴിമതിയുടെ കളമാണ് ആ സമയങ്ങളില്‍ ഇവിടെ ആ സമയങ്ങളില്‍ നടക്കുന്നത്. അനധികൃതമായി നിര്‍മിച്ച കെട്ടിടം വൈസ് ചെയര്‍മാനാണ് കഴിഞ്ഞ ആഴ്ച ഉദ്ഘാടനം ചെയ്തത്. ഇതിന് എത്ര രൂപ കിട്ടിയെന്നും ഷാഹുല്‍ ഹമീദ് ചോദിച്ചു. ചെയര്‍പേഴ്‌സണ്‍ ഷാഹുല്‍ഹമീദിന് മുന്നറിയിപ്പ് നല്‍കിയെങ്കിലും അദ്ദേഹം അടങ്ങിയില്ല. തുടര്‍ന്ന് താനുമായി ബന്ധപ്പെട്ട് നടന്ന എന്ത് പ്രവര്‍ത്തനങ്ങളും ഏത് ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാമെന്നും ടി കെ സുധാകരന്‍ നായര്‍ പറഞ്ഞു. ജനപ്രതിനിധി എന്ന നിലയില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ  ആളുകളുമായി ഇനിയും ഇടപെടും. തനിക്ക് ആരുടേയും ഔദാര്യം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക