|    Mar 24 Sat, 2018 3:17 pm
FLASH NEWS

വാര്‍ധക്യത്തില്‍ കരുത്ത്

Published : 7th February 2016 | Posted By: swapna en

റവ. ജോര്‍ജ് മാത്യു പുതുപ്പള്ളി

ലോകസാഹിത്യചരിത്രം പരിശോധിച്ചാല്‍ വാര്‍ധക്യകാലത്തു സാഹിത്യകാരന്മാര്‍ രചിച്ചിട്ടുള്ള സൃഷ്ടികള്‍ എത്രമാത്രം ഈടുറ്റതും അമൂല്യവുമായിരുന്നെന്നു കാണാന്‍ സാധിക്കും. ജീവിതാന്ത്യത്തില്‍ രചിച്ചിട്ടുള്ള പ്രസ്തുത രചനകള്‍ അവരുടെ യൗവനത്തില്‍ രചിച്ചിട്ടുള്ളവയെ ഒക്കെ പാടേ പിന്നിലാക്കിയിരിക്കുന്നതായി തെളിയിക്കുന്നു. രാഷ്ട്രീയ സാമൂഹിക രംഗത്തും ഈ സത്യം നിലനില്‍ക്കുന്നുവെങ്കിലും കലാസാഹിത്യ രംഗത്താണ് ഇതിന്റെ പരിപൂര്‍ണത ദര്‍ശിക്കാന്‍ നമുക്കു സാധിക്കുന്നത്. ലോകപ്രസിദ്ധ ചലച്ചിത്ര നടനായിരുന്ന ജോര്‍ജ് ബേണ്‍സിന് എണ്‍പതാമത്തെ വയസ്സിലാണ് പ്രസിദ്ധമായ ‘സണ്‍ഷൈന്‍ ബോയ്‌സ്’ എന്ന ചലച്ചിത്രത്തിലെ അത്യുജ്ജ്വല അഭിനയത്തിന് അക്കാദമി അവാര്‍ഡ് ലഭിച്ചത്. വര്‍ഷങ്ങളോളം വെള്ളിത്തിരയില്‍ തിളങ്ങി നിന്ന ആ സൂപ്പര്‍ താരം, ഏറ്റവുമധികം സംതൃപ്തി തനിക്കു നല്‍കിയ ചിത്രവും അതാണെന്നു രേഖപ്പെടുത്തുന്നു. ലിയോ ടോള്‍സ്‌റ്റോയിയുടെ കഥയും ഇതില്‍നിന്നു വ്യത്യസ്തമല്ല. ഭൗതികവാദങ്ങളില്‍ നിന്നും ജീവിത ഇമ്പങ്ങളില്‍ നിന്നും ആധ്യാത്മകതയിലേക്ക് എടുത്തുചാടിയ അദ്ദേഹത്തിന്റെ അവസാനകാല കൃതികള്‍ വളരെ ഹൃദ്യവും ലോകശ്രദ്ധ ആകര്‍ഷിച്ചവയുമായിരുന്നു. ‘ഐ കനോട്ട് ബി സൈലന്റ്’ എന്ന ഗ്രന്ഥം അദ്ദേഹം രചിച്ചത് 82ാം വയസ്സിലാണ്. ‘യുദ്ധവും സമാധാനവും’, ‘അന്ന കരിനീന’ എന്നീ കൃതികളുടെയൊക്കെ ഒപ്പം നില്‍ക്കുന്ന കാവ്യഭംഗി നിറഞ്ഞ ഒരു ഗ്രന്ഥമാണ് ‘ഐ കനോട്ട് ബി സൈലന്റ്’. പ്രമുഖ രാഷ്ട്രതന്ത്രജ്ഞനും വാഗ്മിയുമായിരുന്ന വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ വിശ്വപ്രസിദ്ധമായ ചരിത്രഗ്രന്ഥം രചിച്ചതും ഇതേ പ്രായത്തിലായിരുന്നു. ‘എ ഹിസ്റ്ററി ഓഫ് ദ ഇംഗ്ലീഷ് സ്പീക്കിങ് പീപ്പിള്‍’ എന്ന പ്രസ്തുത കൃതിയോടു കിടപിടിക്കാന്‍ തക്ക ഗന്ഥങ്ങള്‍ വളരെ അപൂര്‍വമാണ്. ലോകപ്രസിദ്ധ ചിത്രകാരനായ പാബ്ലോ പിക്കാസോ മികച്ച ചിത്രങ്ങളില്‍ പലതും വരച്ചത് തൊണ്ണൂറാം വയസ്സിലാണ്. കൈ        വിറയലും ഓര്‍മക്കുറവും അദ്ദേഹത്തെ പിടികൂടിയിരുന്നുവെങ്കിലും അതൊന്നും തന്നെ തന്റെ കര്‍ത്തവ്യനിര്‍വഹണത്തില്‍ നിന്ന് പിന്തിരിയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചില്ല. തൊണ്ണൂറ്റിയൊന്നാം വയസ്സിലാണ് എമന്‍ഡി വലേറ അയര്‍ലന്‍ഡിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ‘ഫാര്‍ ഫെച്ച്ഡ് ഫാബിള്‍സ്’ എന്ന നാടകം രചിക്കുമ്പോള്‍ ജോര്‍ജ് ബര്‍ണാഡ് ഷായുടെ പ്രായം 93 വയസ്സായിരുന്നു. ലോകസമാധാനത്തിനു വേണ്ടി ബ്രിട്ടിഷ് തത്ത്വചിന്തകനായ ബര്‍ട്രാന്‍ഡ് റസ്സല്‍ കഠിനാധ്വാനം ചെയ്തത് തൊണ്ണൂറ്റിനാലാം വയസ്സിലാണ്. എന്തിനേറെ? പത്രാധിപര്‍, ഗ്രന്ഥകാരന്‍, മനുഷ്യസ്‌നേഹി, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ കെ പി കേശവമേനോന്‍ തന്റെ പ്രസിദ്ധമായ പല ഗ്രന്ഥങ്ങളും രചിച്ചത്  വാര്‍ധക്യത്തിലായിരുന്നല്ലോ. അന്ധതയെപ്പോലും കീഴടക്കാന്‍ ആ മഹാനെ പ്രേരിപ്പിക്കുവാന്‍ ‘വാര്‍ധക്യ’ത്തിനു കഴിഞ്ഞത് തികച്ചും അദ്ഭുതമല്ലേ?

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss