|    Jan 18 Thu, 2018 11:39 am
FLASH NEWS
Home   >  Todays Paper  >  page 12  >  

വാര്‍ധക്യത്തിലും മുന്‍ ജില്ലാ സാരഥി ഉപജീവനാര്‍ഥം മരുന്നു വില്‍ക്കുന്നു

Published : 6th October 2015 | Posted By: RKN

അബ്ദുര്‍റഹ്മാന്‍ ആലൂര്‍
കാസര്‍കോട്: പഞ്ചായത്തീരാജ് ആക്ട് നിലവില്‍ വന്നശേഷം പ്രഥമ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന മഞ്ചേശ്വരത്തെ സി അഹമ്മദ് കുഞ്ഞി ഉപജീവനത്തിനായി ആയുര്‍വേദ മരുന്നുകളുടെ ചില്ലറവില്‍പ്പന നടത്തുന്നു. 1995-2000 കാലയളവിലെ ആദ്യ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് ഈ 73കാരന്‍. അധികാരങ്ങളും സ്ഥാനമാനങ്ങളും ധനസമ്പാദനത്തിനായി വിനിയോഗിക്കുന്ന ആധുനിക സമൂഹത്തിലാണ് ഈ മനുഷ്യന്‍ ഉപജീവനത്തിനായി മരുന്നുവില്‍പ്പന നടത്തുന്നത്. മുസ്‌ലിംലീഗിന്റെ ആദ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഇദ്ദേഹം. അധികാരവടംവലിയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട ശേഷം ഇദ്ദേഹം ആയുര്‍വേദ മരുന്നുകളുടെ ചില്ലറവില്‍പ്പന ആരംഭിക്കുകയായിരുന്നു.

മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ്, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്, സംസ്ഥാന കൗണ്‍സില്‍ അംഗം, കര്‍ണാടക സംസ്ഥാന ലീഗ് പ്രവര്‍ത്തക സമിതി അംഗം, മഞ്ചേശ്വരം പഞ്ചായത്ത് ഭരണസമിതി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മുന്‍ തദ്ദേശ സ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ് കുട്ടി ചെയര്‍മാനായ സച്ചാര്‍ കമ്മീഷന്‍ അംഗമായിരുന്നു. അധികാരസ്ഥാനങ്ങള്‍ സമൂഹത്തിന്റെയും നാടിന്റെയും പുരോഗതിക്ക് ഉപയോഗപ്പെടുത്തണമെന്ന പക്ഷക്കാരനാണ് ഇദ്ദേഹം. അഴിമതിയുടെ കറ പുരളാത്ത വ്യക്തിത്വത്തിനുടമയായ ഇദ്ദേഹം ഇപ്പോള്‍ മത രംഗത്താണു പ്രവര്‍ത്തിക്കുന്നത്. കന്നഡ, മലയാളം, ഉര്‍ദു, തുളു, കൊങ്കിണി, ബ്യാരി, ഇംഗ്ലീഷ് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യും. അത്യുത്തര കേരളത്തില്‍ ലീഗിനു ശക്തമായ അടിത്തറയുണ്ടാക്കാന്‍ കുമ്പള പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്ന ആരിക്കാടിയിലെ പരേതരായ കെ പി അബ്ദുര്‍റഹ്മാന്‍, പി എം അബ്ദുല്ല, ബി ഉമ്മര്‍ എന്നിവരോടൊപ്പം ഏറെ ത്യാഗം ചെയ്തിരുന്നു.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായിരുന്നു അത്യുത്തര ദേശം. ഏറെക്കാലം സി.പി.ഐയിലെ പരേതരായ രാമപ്പമാസ്റ്റര്‍, മുന്‍മന്ത്രി ഡോ. എ സുബ്ബറാവു എന്നിവരായിരുന്നു ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. 1987 മുതല്‍ 2006 വരെ തുടര്‍ച്ചയായി 19 വര്‍ഷം മുസ്‌ലിംലീഗിലെ ചെര്‍ക്കളം അബ്ദുല്ല ഈ മണ്ഡലത്തില്‍ നിന്നു വിജയിക്കാന്‍ പ്രധാന കാരണക്കാരന്‍ സി അഹമ്മദ് കുഞ്ഞിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് ലീഗ് ജില്ലാ കമ്മിറ്റിയുമായി അഭിപ്രായഭിന്നത ഉടലെടുത്തത്. ഇതിനുശേഷം ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയായിരുന്നു.

2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്കു വേണ്ടി ഇദ്ദേഹം രംഗത്തിറങ്ങിയതോടെ ചെര്‍ക്കളത്തിന്റെ കുത്തക മഞ്ചേശ്വരം മണ്ഡലത്തില്‍ തകരുകയും സി.പി.എമ്മിലെ അഡ്വ. സി എച്ച് കുഞ്ഞമ്പു വിജയിക്കുകയും ചെയ്തു. അഞ്ചുവര്‍ഷം സി.പി.എമ്മില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സി.പി.എമ്മും വിട്ടു. ഇദ്ദേഹം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് കാസര്‍കോട് പൊതുസമൂഹവും ചരിത്രവും എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്. പിന്നീടുവന്ന ഭരണസമിതി ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചു. മഞ്ചേശ്വരം റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ മല്‍സ്യമാര്‍ക്കറ്റ് ഷോപ്പിങ് കോംപ്ലക്‌സിലെ ഒന്നാംനിലയിലാണ് ഇദ്ദേഹത്തിന്റെ സ്ഥാപനം. നേരത്തെ കര്‍ണാടക സകലേഷ്പുരയില്‍ വ്യാപാരിയായിരുന്നു. മഞ്ചേശ്വരം പാണ്ഡ്യാലയിലാണു താമസം. ഭാര്യ: ആമിന. മകന്‍: യാസര്‍ അറഫാത്ത്(ഗള്‍ഫ്).

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day