|    Mar 19 Mon, 2018 6:25 pm
FLASH NEWS

വാര്‍ത്താ ചിത്രങ്ങളുടെ പ്രദര്‍ശനം തുടങ്ങി

Published : 14th October 2016 | Posted By: Abbasali tf

കോഴിക്കോട്: കാമറയുമായി അലയുകയും അന്വേഷിക്കുകയും ചെയ്ത പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അനുഗ്രഹീത നിമിഷാര്‍ധങ്ങളില്‍ കൈവന്ന അപൂര്‍വ ഫോട്ടോകളുടെ പ്രദര്‍ശനം ലളിതകലാ അക്കാദമി ആര്‍ട് ഗാലറിയില്‍ ആരംഭിച്ചു. അപാരമായ ജീവിതത്തിന്റെ പ്രവചിക്കാനാവാത്ത പ്രയാണം പിടിച്ചെടുത്ത കാമറക്കണ്ണുകള്‍ അവ ഫോട്ടോകളായി അവതരിപ്പിച്ചപ്പോള്‍ കലയുടെയും സാങ്കേതിക വിദ്യയുടെയും സമര്‍പ്പിത സമ്മേളനമായി അത് മാറി. കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് ആണ് വിവിധ പത്രസ്ഥാപനങ്ങളിലെ 38 ഫോട്ടോഗ്രാഫര്‍മാരുടെ 120 വാര്‍ത്താചിത്രങ്ങള്‍ പ്രദര്‍ശനത്തിനായി ഒരുക്കിയത്. പത്രത്താളിലെ ഒരു ദിവസത്തെ ആഘോഷത്തിനുശേഷം വിസ്മൃതിയിലകപ്പെടാന്‍ സാധ്യതയുള്ള ഫോട്ടോകളെ ചരിത്രത്തിന്റെ ഭാഗമാക്കുകയാണ് പ്രദര്‍ശനത്തിലൂടെ ചെയ്തിരിക്കുന്നത്. സ്വാഭാവികമായും കോഴിക്കോട് നഗരവും ചുറ്റുവട്ടങ്ങളുമാണ് പല ചിത്രങ്ങളിലും പ്രതിഫലിക്കുന്നത്. കൊല്‍ക്കത്തയില്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കണ്ടുമുട്ടുന്ന രംഗം പകര്‍ത്തിയ സി കെ തന്‍സീറിന്റെ (ചന്ദ്രിക) ചിത്രം ആദരം ആശ്ലേഷം എന്ന അടിക്കുറിപ്പോടെ പ്രദര്‍ശനഹാളിന്റെ തുടക്കത്തില്‍ തന്നെ കാണാം. റസല്‍ ഷാഹുലിന്റെ (മലയാള മനോരമ) തിളക്കുന്ന കടല്‍ എന്ന ചിത്രം കടലനുഭവത്തിന്റെ വ്യത്യസ്തത പകരുന്ന ഫോട്ടോ യാണ്. നിഴലുകള്‍ക്കപ്പുറത്തെ അയല്‍ക്കാരന്‍ എന്ന ഗോകുലിന്റെ ഫോട്ടോയും(ടൈംസ് ഓഫ് ഇന്ത്യ)നിഴലും വെളിച്ചവും സമ്മിശ്രമായി ചേരുന്ന നിമിഷമാണ് പ്രദാനം ചെയ്യുന്നത്. എ പ്രദീപ്കുമാര്‍ എംഎല്‍എ ബംഗാളില്‍ നിന്നുള്ള കലാകാരന്മാരുടെ പാട്ട് ആസ്വദിക്കുന്ന സാമ്പതാളം എന്ന ഫോട്ടോയാണ് രാജേഷ്‌മേനോന്‍(മംഗളം) പ്രദര്‍ശനത്തിന് എത്തിച്ചത്. ചെമ്മീനിലെ പരീക്കുട്ടിയുടെ ഫോട്ടോ നടി ഷീലയും മധുവും ഒന്നിച്ചു കാണുമ്പോള്‍ ഇരുവരും പ്രകടിപ്പിക്കുന്ന ആഹ്ലാദം ഒപ്പിയെടുത്ത അഭിജിത്തിന്റെ(മാധ്യമം) ഫോട്ടോയും ശ്രദ്ധേയമാണ്.  എം എം ഹൈസ്‌കൂള്‍ അങ്കണത്തില്‍ തന്റെ പഴയ സതീര്‍ത്ഥ്യരെ കണ്ടപ്പോഴുള്ള അനിര്‍വചനീയമായ ആനന്ദം പങ്കുവെക്കുന്ന പാണക്കാട് മുഹമ്മദലി തങ്ങളുടെ മുഖം എം കെ സെയ്തുമുഹമ്മദിന്റെ(സുപ്രഭാതം) ഫോട്ടോയില്‍ തെളിയുന്നു.പ്രദര്‍ശനം പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ ഉദ്ഘാടനം ചെയ്തു. നടന്‍ ശ്രീനിവാസന്‍ മുഖ്യാതിഥിയായിരുന്നു. കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. റസല്‍ ഷാഹുല്‍, അഷ്‌റഫ് വേങ്ങാട് ആര്‍ട്ടിസ്റ്റ് ശരത്ചന്ദ്രന്‍, പ്രസ്‌ക്ലബ് സെക്രട്ടറി എന്‍ രാജേഷ്, രാജേഷ് മേനോന്‍ സംസാരിച്ചു. പ്രദര്‍ശനം 17ന് സമാപിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss