|    Oct 21 Sun, 2018 8:35 pm
FLASH NEWS
Home   >  National   >  

വാര്‍ത്താസമ്മേളനത്തില്‍ വിവാഹമോചനം പ്രഖ്യാപിച്ച് മുസ്‌ലിം വനിത

Published : 10th September 2017 | Posted By: shadina sdna


ലക്‌നൗ: ഭര്‍ത്താവിനോട് നിരന്തരം വിവാഹമോചനം ആവശ്യപ്പെട്ടിട്ടും സമ്മതിക്കാത്തതിനെ തുടര്‍ന്ന് മുസ്‌ലിം യുവതി വാര്‍ത്ത സമ്മേളനം വിളിച്ച് വിവാഹമോചനം പ്രഖ്യാപിച്ചു. ലക്‌നൗവില്‍ അധ്യാപികയായ ഷാജദ ഖാതൂന്‍ ആണ് വിവാഹബന്ധത്തില്‍ സ്വയം വിടുതല്‍ പ്രഖ്യാപിച്ചത്. മുസ്‌ലിം സ്ത്രീകള്‍ക്ക് വിവാഹമോചനം നേടുന്നതിന് ഇസ്‌ലാമിക നിയമത്തിലെ രീതിയില്‍ ഷജദ ഭര്‍ത്താവുമായി വിവാഹബന്ധം പിരിയുന്നതായാണ് പ്രഖ്യാപിച്ചത്.
വിവാഹസമയത്ത് വരനില്‍ നിന്നും സ്വീകരിച്ച മഹര്‍ തിരികെ നല്‍കി വിവാഹമോചനത്തിനു മുന്‍കൈ എടുക്കാന്‍ മുസ്‌ലിം വനിതകളെ അനുവദിക്കുന്നതാണ് ഖുല്‍അ്. പരസ്പര സമ്മതത്തോടെയോ കോടതി ഉത്തരവ് വഴിയോ ഇത്തരം വിവാഹ മോചനങ്ങള്‍ നടത്താമെന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഹിന്ദുസ്ഥാന്‍ ടൈംസ് വ്യക്തമാക്കുന്നു.
കഴിഞ്ഞ 18 മാസമായി താന്‍ വിവാഹമോചനം ആവശ്യപ്പെടുന്നെന്നും എന്നാല്‍ ഭര്‍ത്താവും മത പണ്ഡിതരും അവഗണിക്കുകയായിരുന്നുവെന്നും ഷാജദ പറഞ്ഞു. 2005 നവംബര്‍14 നായിരുന്നു ഇവരുടെ വിവാഹം. ‘വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേ പ്രശ്‌നങ്ങള്‍ തുടങ്ങി. ഉപദ്രവം അസഹനീയമായപ്പോള്‍ ഞാന്‍ അയാള്‍ക്കെതിരേ കേസ് കൊടുത്തു. പക്ഷേ അതെനിക്ക് ഒരുതരത്തിലുള്ള ആശ്വാസവും തന്നില്ല. എന്നാല്‍ ഇന്നുമുതല്‍ ഞാന്‍ സ്വതന്ത്രയാണ്.’ ഷാജദ വാര്‍ത്ത സേമ്മേളനത്തില്‍ പറഞ്ഞു.
ഒന്നര വര്‍ഷമായി ഷാജദ ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞ് ഒറ്റയ്ക്കാണ് താമസം. ലക്‌നൗവിലെ ഡലിഗഞ്ചില്‍ മെക്കാനിക് ആയി ജോലി ചെയ്യുന്ന ജുബെര്‍ അലിക്ക് സെപ്റ്റംബര്‍ ആറിന് ഷാജദ വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. ഒരാള്‍ക്കും ഞാന്‍ ഭര്‍ത്താവിനൊപ്പം താമസിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ അവകാശമില്ല. എന്റെ തീരുമാനത്തില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ക്ക് കോടതിയില്‍ പോകാംമെന്നും ഷാജദ പറയുന്നു.
ഷാജദയുടെ നടപടി മതപരമായി സ്വീകാര്യമല്ലെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അംഗം മൗലാന ഖാലിദ് റഷീദ് ഫാരംഗി പറഞ്ഞു. ഭാര്യയുടെ അപേക്ഷയില്‍ ഭര്‍ത്താവിനു വിവാഹമോചന നോട്ടീസ് അയക്കുന്ന നടപടിയാണ് ഖുല്‍അ്. മൂന്നുതവണയായി ഈ നോട്ടീസിനോട് പ്രതികരിക്കുന്നില്ലെങ്കില്‍ വിവാഹമോചനത്തില്‍ വിധി ഉണ്ടാകും. ചില സന്ദര്‍ഭങ്ങളില്‍ ആദ്യത്തെ നോട്ടീസില്‍ തന്നെ ഭര്‍ത്താവ് സമ്മതം അറിയിക്കും തുടര്‍ന്ന് വിവാഹമോചനം നടക്കും സ്ത്രീക്ക് അവര്‍ക്ക് ഇഷ്ടമുള്ളയാള്‍ക്കൊപ്പമോ അല്ലാതെയോ ജീവിക്കാം. ചില സന്ദര്‍ഭങ്ങളില്‍ ഭര്‍ത്താവ് നോട്ടീസിനോട് ആദ്യം പ്രതികരിക്കണമെന്നില്ല. ഇതിനു ചിലപ്പോള്‍ ഒരു വര്‍ഷത്തിനുമേല്‍ സമയം എടുത്തെന്നും വരാം. പക്ഷേ ഇതുപോലെ ഒരു കത്തിന്റെ അടിസ്ഥാനത്തില്‍ ഖുല്‍അ് അനുവദിക്കാറില്ലെന്നും മൗലാന ഖാലിദ് റഷീദ് പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss