|    Dec 17 Sun, 2017 3:59 am
FLASH NEWS
Home   >  Editpage  >  Editorial  >  

വാര്‍ത്താവിലക്ക് ജനാധിപത്യവിരുദ്ധം

Published : 1st December 2017 | Posted By: kasim kzm

സുഹ്‌റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ വിചാരണാ നടപടികള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ നിന്നു കോടതി മാധ്യമങ്ങളെ വിലക്കിയിരിക്കുന്നു. മുംബൈയിലെ പ്രത്യേക സിബിഐ ജഡ്ജി സുനില്‍ കുമാര്‍ ശര്‍മയാണ് കോടതി നടപടികള്‍ റിപോര്‍ട്ട് ചെയ്യരുതെന്ന് മാധ്യമപ്രവര്‍ത്തകരോട് നിര്‍ദേശിച്ചത്. ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജയ്ഷായുടെ കമ്പനി കുറഞ്ഞ കാലയളവിനുള്ളില്‍ നേടിയ അഭൂതപൂര്‍വമായ വളര്‍ച്ചയുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ പ്രസിദ്ധീകരണം ഈയിടെ ഗുജറാത്ത് ഹൈക്കോടതി വിലക്കിയിരുന്നു. വാര്‍ത്തകള്‍ നിയന്ത്രിക്കുന്നതിനുള്ള രാജസ്ഥാന്‍ സര്‍ക്കാരിന്റെ നിയമനിര്‍മാണവും വിവാദമായി തുടരുന്നതിനിടയ്ക്കാണ് പുതിയ നടപടി. സുഹ്‌റബുദ്ദീന്‍ ശെയ്ഖ്, ഭാര്യ കൗസര്‍ബി, സുഹൃത്ത് തുള്‍സിറാം പ്രജാപതി എന്നിവരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്നതാണ് കേസ്. ഈ കേസില്‍ ജഡ്ജിയായിരുന്ന ബ്രിജ് ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ ദുരൂഹ മരണത്തിനു ശേഷം പ്രത്യേക സിബിഐ കോടതി ജഡ്ജിയായ  എസ് കെ ശര്‍മ ബിജെപി പ്രസിഡന്റ് അമിത്ഷായും ഗുജറാത്ത് എടിഎസ് മേധാവി ഡി ജി വന്‍സാരെയും ഉള്‍പ്പെടെ നിരവധി പ്രമുഖരെ കുറ്റവിമുക്തരാക്കിയിരുന്നു.അച്ചടി-ഇലക്ട്രോണിക്-സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്തകളുടെ നിരോധനവും രഹസ്യ വിചാരണയും ആവശ്യപ്പെട്ടാണ് പ്രതിഭാഗം അഭിഭാഷകര്‍ അപേക്ഷ നല്‍കിയത്. കോടതിയില്‍ ഹാജരായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ പൊതുതാല്‍പര്യാര്‍ഥമാണ് കേസ് നടപടികള്‍ റിപോര്‍ട്ട് ചെയ്യുന്നതെന്നു ബോധിപ്പിച്ചുവെങ്കിലും ഫലമുണ്ടായില്ല. രഹസ്യ വിചാരണയ്ക്ക് തീരുമാനിച്ചാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. ഉത്തരവില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടില്ലെങ്കിലും നിലവില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിമുറിയില്‍ വിചാരണ കേള്‍ക്കാം. പക്ഷേ, അതുമായി ബന്ധപ്പെട്ട് വാര്‍ത്ത എഴുതരുത്. പ്രസിദ്ധീകരിക്കാനും പാടില്ല.മുന്‍ ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ക്കു ശേഷം ഇന്നലെയാണ് മുംബൈ പ്രത്യേക സിബിഐ കോടതിയില്‍ കേസ് വിചാരണ തുടങ്ങിയത്. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് പ്രതിഭാഗം രഹസ്യ വിചാരണ ആവശ്യപ്പെട്ടത്. വിചാരണാ നടപടികള്‍ റിപോര്‍ട്ട് ചെയ്യുന്നത് ഇരുവിഭാഗത്തെയും അഭിഭാഷകരുടെയും സാക്ഷികളുടെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് പ്രതിഭാഗം വാദിച്ചത്. കോടതിയുടെ ഭരണനിര്‍വഹണപരമായ തീരുമാനമായതിനാല്‍ ഈ ഉത്തരവ് എവിടെയും ചോദ്യം ചെയ്യാനാവില്ല. വാര്‍ത്ത വിലക്കുന്നത് ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യത്ത് അടിസ്ഥാനപരമായി ശരിയല്ലെന്ന് മുംബൈ ഹൈക്കോടതി ജഡ്ജിയായിരുന്ന എച്ച് സുരേഷും, ദേശീയ സുരക്ഷയെ ബാധിക്കുന്ന സുപ്രധാന കാരണങ്ങള്‍ ഇല്ലാതെ വാര്‍ത്തകള്‍ക്ക് കൂച്ചുവിലങ്ങിടുന്നതിനെ മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയും വിമര്‍ശിക്കുന്നു. കോടതിമുറികളില്‍ എന്താണ് നടക്കുന്നത് എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. കോടതി നടപടികളുടെ വാര്‍ത്ത ആരെയോ അലോസരപ്പെടുത്തുമെന്നതിനാല്‍ പ്രസിദ്ധീകരണം തടയുന്നത് തെറ്റാണെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത് ശരിയാണ്. പത്രസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നതാണ് നമ്മുടെ ഭരണഘടന. വാര്‍ത്തകള്‍ വിലക്കുന്നത് ജനാധിപത്യവിരുദ്ധമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss