|    Jul 17 Tue, 2018 10:38 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

വാര്‍ത്തയെഴുത്തിലെ ശീലങ്ങള്‍

Published : 25th October 2016 | Posted By: SMR

ഹാരിസ്

പ്രഫഷനലിസത്തില്‍ മികവു പുലര്‍ത്തുന്ന പത്രമാണ് മലയാള മനോരമ. പ്രചാരത്തില്‍ ഏറെക്കാലമായി ഒന്നാംസ്ഥാനം നിലനിര്‍ത്തുന്ന മനോരമ അതിനുവേണ്ടി നടത്തുന്ന ഞാണിന്മേല്‍ക്കളികളുടെ പ്രഫഷനലിസവും പത്രപ്രവര്‍ത്തന വിദ്യാര്‍ഥികള്‍ക്കു പാഠമാക്കാവുന്നതാണ്.
വാര്‍ത്ത എങ്ങനെ എഴുതണമെന്ന് പ്രാദേശികതലം മുതല്‍ സ്വന്തം ലേഖകര്‍ക്ക് മനോരമ കൃത്യമായ പാഠം നല്‍കാറുണ്ട്. സ്വന്തമായ ശൈലീപുസ്തകമുണ്ട് എന്നതുകൊണ്ടുതന്നെ പത്രത്തിന്റെ സവിശേഷ പ്രയോഗങ്ങള്‍ സൂക്ഷിക്കാനും ശ്രദ്ധിക്കുന്നു. എന്നാല്‍ അതിനുമപ്പുറം സംരക്ഷിക്കപ്പെടേണ്ട ചില താല്‍പര്യങ്ങള്‍ കൂടി അതിനൊപ്പം പകര്‍ന്നുനല്‍കാന്‍ പത്രം നിയന്ത്രിക്കുന്നവര്‍ കൃത്യമായി ശ്രമിക്കുന്നുവെന്ന് അനുഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നു. ഒരാഴ്ചയ്ക്കകം വ്യത്യസ്ത കേന്ദ്രങ്ങളില്‍നിന്നു മലയാള മനോരമ പ്രസിദ്ധീകരിച്ച രണ്ടു വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ഈ ബോധ്യം പങ്കുവയ്ക്കുന്നത്. മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍നിന്നാണ് ഒരു വാര്‍ത്ത; മറ്റൊന്ന് കണ്ണൂരില്‍നിന്നും.
മഞ്ചേരിയിലെ മതപഠന സ്ഥാപനമായ സത്യസരണിയിലേക്ക് ഹിന്ദു ഐക്യവേദി മാര്‍ച്ച് പ്രഖ്യാപിച്ചു. മലയാള മനോരമ ഉള്‍പ്പെടെ എല്ലാ പത്രങ്ങളും ആഗസ്ത് 21ന് മാര്‍ച്ചിന്റെയും ജനകീയ പ്രതിരോധത്തിന്റെയും വാര്‍ത്ത നല്‍കി. കച്ചേരിപ്പടിയില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് മെഡിക്കല്‍ കോളജിന് സമീപം തടയാനായിരുന്നു പോലിസ് ഒരുക്കം നടത്തിയത്. കച്ചേരിപ്പടിക്കും അപ്പുറത്ത് ബൈപാസ് മുതല്‍ പോപുലര്‍ ഫ്രണ്ട് ജനകീയ പ്രതിരോധം തീര്‍ത്തു. അതിനാല്‍ പ്രകടനത്തിന്റെ ഉദ്ഘാടനവും സമാപനവും ധര്‍ണയുമെല്ലാം ഇന്ദിരാഗാന്ധി ബസ് സ്റ്റാന്റിനകത്ത് നിന്നും നടന്നും ഇരുന്നും തീര്‍ത്തു. മാര്‍ച്ചിനെത്തിയവര്‍ മുഖംകാണിക്കാതെ മുങ്ങി. പക്ഷേ, ഈ വാര്‍ത്ത മലയാള മനോരമ മലപ്പുറം എഡിഷന്‍ പേജ് 4ല്‍ വന്നത് ദാ ഇങ്ങനെ:
”ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ച് അല്‍പദൂരം പിന്നിട്ട ഉടന്‍ മെഡിക്കല്‍ കോളജിന് സമീപത്ത് തടയാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും അല്‍പം കൂടി മുന്നോട്ടുപോയി കച്ചേരിപ്പടി ബൈപാസിലെത്തിയശേഷമേ തടയാനായുള്ളൂ. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പോലിസ് കരുതിയതിലും നേരത്തേയെത്തി കച്ചേരിപ്പടിയില്‍ തമ്പടിച്ചതാണ് കാരണം. എന്നാല്‍ ആശുപത്രിപ്പടി വിട്ട് മുന്നോട്ടുപോയാലും ബൈപാസില്‍ തടയാന്‍ ക്രമീകരണം ഒരുക്കിയിരുന്നത് ഫലം ചെയ്തു.”
വാഹ് വാഹ്.. ബല്ലാത്ത ജാതി റിപോര്‍ട്ടിങ്. മഞ്ചേരി ബൈപാസും കച്ചേരിപ്പടിയും മെഡിക്കല്‍ കോളജും കിടക്കുന്ന ദിശയും അവ തമ്മിലുള്ള അകലവുമറിയാത്ത സംഘികള്‍ക്ക് ആശ്വാസംകൊള്ളാം. പക്ഷേ, മഞ്ചേരിയുടെ ഭൂമിശാസ്ത്രമറിയുന്നവര്‍ വാര്‍ത്തയെഴുത്തിന്റെ ഈ പുതിയ മാനം കണ്ട് അന്ധാളിക്കും. സാധാരണയായി വാര്‍ത്തകള്‍ക്കൊപ്പം ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഗ്രാഫിക്‌സ് ചേര്‍ക്കുന്നതിന് ഏറെ താല്‍പര്യം കാണിക്കുന്ന പത്രമാണ് മനോരമ. മഞ്ചേരിയിലെ സംഘി മാര്‍ച്ച് മുന്നോട്ടുനീങ്ങിയ ഭാഗം പ്രത്യേകമായി ഒന്ന് അടയാളപ്പെടുത്തിയാല്‍ ഭാവിയില്‍ ഭൂമിശാസ്ത്രവും ചരിത്രവും പഠിക്കുന്നവര്‍ക്ക് ഉപകാരമാവും.

* * * *
കണ്ണൂരില്‍ ബോംബ് (ക്ഷമിക്കണം, കവചകുണ്ഡലം എന്ന് പുതിയ മലയാളം) നിര്‍മാണത്തിനിടെ ഒരു ആര്‍എസ്എസുകാരന്റെ ജീവന്‍ നഷ്ടമായി. 1993 സപ്തംബറില്‍ താനൂരിന് സമീപം കേരളാധീശ്വരപുരത്ത് തിരുവനന്തപുരത്തുകാരന്‍ ശ്രീകാന്ത് ഇതേ സാഹചര്യത്തില്‍ മരിച്ചിരുന്നു. അന്നു മലപ്പുറം പോലിസ് മേധാവിയായിരുന്ന ഉമ്മന്‍ കോശി പറഞ്ഞത്, മലപ്പുറത്തെ ദൈവം രക്ഷിച്ചുവെന്നാണ്. നിഷ്‌കളങ്കരായ കൊച്ചുകുഞ്ഞുങ്ങള്‍ അണിനിരക്കുന്ന ബാലഗോകുലം ശ്രീകൃഷ്ണജയന്തി ഘോഷയാത്രയ്ക്കു നേരെ പ്രയോഗിക്കാനാണ് ആര്‍എസ്എസുകാരന്‍ ബോംബുകള്‍ നിര്‍മിച്ചതെന്ന വിവരം അദ്ദേഹം വെളിപ്പെടുത്തിയപ്പോള്‍ മതേതര കേരളം ഞെട്ടി. ശ്രീകൃഷ്ണജയന്തി ഘോഷയാത്രയ്ക്കു ദിവസങ്ങള്‍ മാത്രം മുമ്പാണ് കണ്ണൂരില്‍ പുതിയ സ്‌ഫോടനം നടക്കുന്നത്. വര്‍ഗീയതയുടെ തീ ആളിക്കത്തിക്കാനുള്ള ഒരു നീക്കത്തിന് കൂടി ദൈവം തടയിട്ടുവെന്നു തന്നെ കരുതണം.
ആര്‍എസ്എസ് പ്രവര്‍ത്തകനായ ദീക്ഷിതിന്റെ വീടിനകത്ത് ബോംബ് പൊട്ടിത്തെറിച്ചു. ബോംബ് നിര്‍മാണത്തിനിടെയായിരുന്നു സ്‌ഫോടനം എന്നതിനാല്‍ ആ യുവാവിന്റെ ദേഹം ചിന്നിച്ചിതറി. നിരവധി ആക്രമണക്കേസുകളില്‍ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിജിലിന്റെ കൈപ്പത്തി സ്‌ഫോടനത്തില്‍ തകര്‍ന്നു. നിരവധി മാരകായുധങ്ങള്‍ അടുത്തദിവസം പോലിസ് വീട്ടിനകത്തുനിന്നു കണ്ടെടുത്തു.
‘വീടിനുള്ളില്‍ സ്‌ഫോടനം; ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു’ എന്ന് മൂന്നുകോളം തലക്കെട്ടില്‍ അടുത്തദിവസം മനോരമയില്‍ വന്ന വാര്‍ത്ത കാണുക: ”കൂത്തുപറമ്പ്: കോട്ടയം പൊയിലിനടുത്ത് ഓലാക്കാവ് പരിസരത്ത് വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. പൊന്നമ്പത്ത് വീട്ടില്‍ പ്രദീപന്റെ മകന്‍ ദീക്ഷിത് (23) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെ വീടിനകത്ത് വന്‍ സ്‌ഫോടനം നടക്കുകയായിരുന്നു. ദീക്ഷിത് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സ്‌ഫോടകവസ്തു അലക്ഷ്യമായി കൈകാര്യംചെയ്തതാവാം സംഭവത്തിനു കാരണമെന്നാണ് പോലിസ് പറയുന്നത്.” ആ ചെറുപ്പക്കാരന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഏതോ ജീവി അലക്ഷ്യമായി എന്തോ കൈകാര്യം ചെയ്തു. എന്താണ് പൊട്ടിയ വസ്തുവെന്നുപോലും മനോരമ അറിഞ്ഞില്ല; പാവം. അബദ്ധത്തില്‍ വീട് നഷ്ടമായതിന് സര്‍ക്കാരില്‍നിന്നു വല്ല നഷ്ടപരിഹാരവും നല്‍കാന്‍ വകുപ്പുണ്ടോ എന്നുകൂടി ചേര്‍ക്കാമായിരുന്നു.

* * * *
മുഖ്യധാരാ മലയാള പത്രങ്ങള്‍ തേങ്ങയുടയ്ക്കുമ്പോള്‍ ഐബിയുടെയും സമാന ഏജന്‍സികളുടെയും ജിഹ്വയായ കോട്ടയം പത്രത്തിന് ചിരട്ടയുടയ്ക്കാതെ പറ്റുമോ? മുസ്‌ലിം സംഘടനകള്‍ ഐഎസിനെതിരേ പ്രചാരണം ശക്തമാക്കുമ്പോള്‍ പോപുലര്‍ ഫ്രണ്ട് മാത്രം മുഖംതിരിച്ചുനില്‍ക്കുന്നുവെന്നാണ് (ഒക്ടോ: 9) കണ്ടെത്തല്‍. അതും ഒന്നാംപേജില്‍.
ഐഎസ് ഘടകങ്ങളെക്കുറിച്ച സംശയമുയര്‍ന്ന കാലത്ത് 2015ല്‍ തന്നെ പോപുലര്‍ ഫ്രണ്ട് അഖിലേന്ത്യാ ചെയര്‍മാന്‍ കെ എം ശരീഫ് സംഘടനയുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇത്തരം ദുരൂഹ സംഘടനകളില്‍നിന്നു വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് സ്വന്തം പ്രവര്‍ത്തകര്‍ക്ക് അക്കാലത്തു ദേശീയതലത്തില്‍ നല്‍കിയ സര്‍ക്കുലറിനെക്കുറിച്ച് പ്രമുഖ ഇംഗ്ലീഷ് പത്രങ്ങള്‍ പോലും വാര്‍ത്ത നല്‍കിയിരുന്നു. കോഴിക്കോട്ട് തന്നെ ഒന്നിലേറെ പത്രസമ്മേളനങ്ങളില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന നേതാക്കള്‍ ഐഎസിനോടുള്ള നിലപാട് വ്യക്തമാക്കിയിരുന്നു. എന്താണു മനസ്സിലാക്കേണ്ടത്? വ്യവസായമാണല്ലോ മംഗളകരമായ വാര്‍ത്ത. ഈ തിരക്കിനിടയില്‍ മാന്യ ലേഖകന് ഇതൊന്നും വായിക്കാനോ കേള്‍ക്കാനോ സമയം കിട്ടിയിട്ടുണ്ടാവില്ലെന്ന് കരുതുക. മാധ്യമപ്രവര്‍ത്തകനാവാന്‍ തന്നെ എഴുത്തും വായനയും അറിയണമെന്നുമില്ലല്ലോ. മംഗളംപോലൊരു പത്രത്തിന്റെ ലേഖകനായാല്‍ അതൊരു ഭാരവുമാകുമെന്നത് ശരി.
കേസരി ബാലകൃഷ്ണപിള്ളയെ ഉദ്ധരിച്ച് ഡിവൈഎഫ്‌ഐ നേതാവ് എം സ്വരാജ് പണ്ടു പറഞ്ഞ വാക്കുണ്ടല്ലോ മക്കളേ, എന്തരാ അത്? ഇത്തരം മാധ്യമപ്രവര്‍ത്തകര്‍ക്ക് അതു നന്നായി ചേരും.

(അവസാനിക്കുന്നില്ല.)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss