|    Nov 20 Tue, 2018 8:59 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വായ മൂടിക്കെട്ടി മര്‍ദനം; ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ പാട്ട്

Published : 29th October 2017 | Posted By: fsq

ഏകോപനം: എം ടി പി റഫീക്ക്

2016 നവംബര്‍ 8ന് പീച്ചി വിഘ്‌നേശ്വര ക്ഷേത്രത്തില്‍ വച്ചായിരുന്നു പുന്നംപറമ്പ് മച്ചാട് ചെമ്പിത്താനത്ത് വീട്ടില്‍ റിന്റോയും ഡോ. ശ്വേത ഹരിദാസും തമ്മിലുള്ള വിവാഹം. റിന്റോ ക്രിസ്ത്യാനിയും ശ്വേത ഹിന്ദുവും. വീട്ടുകാരുടെ എതിര്‍പ്പുണ്ടായിരുന്നതിനാല്‍ രജിസ്റ്റര്‍ വിവാഹം നടത്തുകയായിരുന്നു. റിന്റോയുമായുള്ള വിവാഹത്തെ ശക്തമായി എതിര്‍ത്ത ശ്വേതയുടെ വീട്ടുകാര്‍ മറ്റൊരു വിവാഹത്തിനു നിര്‍ബന്ധിച്ചു. എന്നാല്‍, ശ്വേത ഇതിനെതിരേ കണ്ണൂര്‍ കുടുംബകോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചു. 2017 ജൂലൈ 28നു സഹോദരിയുടെ വീടുപാര്‍ക്കലിനു പോയിരുന്നു. അവിടെ നിന്നു വീട്ടുകാരും സഹോദരിയുടെ ഭര്‍ത്താവും ചേര്‍ന്നാണ് ജൂലൈ 31നു തന്ത്രപരമായി യോഗാ കേന്ദ്രത്തില്‍ എത്തിച്ചത്. സഹോദരിക്ക് യോഗ പഠിക്കാനാണെന്ന് പറഞ്ഞായിരുന്നു ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവന്നത്. ശ്വേതയെന്ന ആയുര്‍വേദ ഡോക്ടറെത്തേടി ഭര്‍ത്താവ് റിന്റോ ഐസക് നടത്തിയ നിയമപരമായ ഇടപെടലാണ് കേരളത്തിലെ ആര്‍എസ്എസ് ഇടിമുറികളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.

ഭാര്യയെ കണ്ടുപിടിച്ചു വീണ്ടെടുത്തുതരണം, ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് റിന്റോ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തിരുന്നു. കേസ് നിലനില്‍ക്കേയാണ് പീഡനകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട് ശ്വേത റിന്റോയെ തേടിയെത്തിയത്. തുടര്‍ന്ന് ശ്വേത മാധ്യമങ്ങള്‍ക്കു മുന്നില്‍ നടത്തിയ വെളിപ്പെടുത്തല്‍ അമ്പരപ്പിക്കുന്നതായിരുന്നു. ഇതൊക്കെ നടന്നത് കേരളത്തില്‍ തന്നെയാണോ എന്നു തോന്നിപ്പിക്കുന്ന വിവരങ്ങള്‍. ക്രിസ്ത്യന്‍ യുവാവുമായുള്ള വിവാഹത്തില്‍ നിന്ന് ഒഴിയാന്‍ ആവശ്യപ്പെട്ട് നടത്തിയ പീഡനങ്ങള്‍ മൂന്നാംമുറകളെ ഓര്‍മിപ്പിക്കുന്നതായിരുന്നുവെന്ന് ശ്വേത പറയുന്നു. 15 പേരടങ്ങുന്ന സംഘം ബലമായി കൈകാലുകള്‍ കെട്ടിയിട്ടായിരുന്നു മര്‍ദനം. തുണി കൊണ്ട് വായ മൂടിക്കെട്ടി. ബലമായി നഖം മുറിച്ചുമാറ്റി. ഇതിനിടെ കൈ പിറകിലേക്കു വളച്ചുപിടിച്ചും വസ്ത്രം വലിച്ചും ക്രൂരമായി പീഡിപ്പിച്ചതായും ശ്വേത പറയുന്നു. ശബ്ദം പുറത്തേക്കു കേള്‍ക്കാതിരിക്കാന്‍ റൂമിനുള്ളില്‍ വലിയ ശബ്ദത്തില്‍ പാട്ടു വച്ചിരുന്നു. വേദന കൊണ്ട് താന്‍ കരയുമ്പോള്‍ യോഗാ കേന്ദ്രത്തിലെ ആളുകള്‍ സിനിമാഗാനം വച്ച് നൃത്തം ചെയ്യുകയായിരുന്നു. പീഡനകേന്ദ്രത്തിന്റെ എല്ലാ ഭാഗത്തും രഹസ്യ കാമറകളുണ്ട്. സ്ത്രീകള്‍ ഉപയോഗിക്കുന്ന കുളിമുറികള്‍ അകത്തുനിന്നു കുറ്റിയിടാനാവില്ല. സ്ഥാപനത്തിലെ വേലക്കാരിയെപ്പോലെ വീട് വൃത്തിയാക്കിക്കുക, തടങ്കലില്‍ അടയ്ക്കപ്പെട്ട മറ്റ് 65 പേര്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യിച്ചു. പുറമേ ആരുമായും ബന്ധപ്പെടാന്‍ അനുവദിച്ചിരുന്നില്ല. വര്‍ഷങ്ങളായി തടങ്കലില്‍ കഴിയുന്നവരാണ് പലരും. രോഗികള്‍ക്ക് ചികില്‍സ പോലും നല്‍കിയില്ല. കൗണ്‍സലര്‍മാര്‍ ഇന്റര്‍നെറ്റില്‍ പരതിയാണ് മരുന്ന് നിശ്ചയിക്കുന്നത്. തുറന്നിട്ട ഡോര്‍മിറ്ററിയിലാണ് അന്തേവാസികള്‍ രാത്രിയില്‍ ഉറങ്ങുന്നത്. കഴുകിയവ ഉണക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ നനഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ യുവതികള്‍ നിര്‍ബന്ധിതരായിരുന്നു. ദുരിതം സഹിക്കാനാകാതെ, വീട്ടുകാര്‍ പറയുന്നതെല്ലാം അനുസരിക്കാമെന്നു സമ്മതിച്ച് 22 ദിവസത്തിനു ശേഷം പുറത്തിറങ്ങിയ ശ്വേത മൂവാറ്റുപുഴയിലെ സഹോദരിയുടെ വീട്ടിലെത്തുകയായിരുന്നു. അവിടെ നിന്നു രക്ഷപ്പെട്ടാണ് റിന്റോയെ തേടിയെത്തിയത്. യോഗാ സെന്ററിന് ആര്‍എസ്എസുമായുള്ള ബന്ധവും ശ്വേത വെളിപ്പെടുത്തി. ആര്‍എസ്എസ് സംസ്ഥാന സെക്രട്ടറി അടക്കം നിരവധി നേതാക്കള്‍ യോഗാ സെന്റര്‍ സന്ദര്‍ശിച്ചിരുന്നു. ആര്‍എസ്എസ് വോളന്റിയര്‍ സംഘം ഭര്‍ത്താവ് റിന്റോയെ പിന്തുടരുന്നുണ്ടെന്നും വിവാഹം റദ്ദാക്കി ഹിന്ദുധര്‍മത്തിലേക്കു മടങ്ങാന്‍ തയ്യാറായില്ലെങ്കില്‍ റിന്റോയെ കൊന്നുകളയുമെന്നും ഗുരുജി എന്നറിയപ്പെടുന്ന കെ ആര്‍ മനോജ് ഭീഷണിപ്പെടുത്തി. ഇത് വ്യക്തമാക്കാന്‍ റിന്റോയുടെ രഹസ്യമായി എടുത്ത ഫോട്ടോകള്‍ കാണിക്കുകയും ചെയ്തു. പരസ്പരം സംസാരിക്കാന്‍ അനുമതി ഇല്ലാത്തതിനാല്‍ രാത്രി പുതപ്പിനുള്ളില്‍ വച്ച് അടക്കംപറഞ്ഞാണ് വിവരങ്ങള്‍ കൈമാറിയിരുന്നത്. ഇതിനിടയിലാണ് ആയിഷയായി മാറിയ ആതിരയെ പരിചയപ്പെട്ടതും കാര്യങ്ങള്‍ മനസ്സിലാക്കിയതും.

ഭാഗം അഞ്ച്:
ആയിഷ വീണ്ടും ആതിരയായത് പീഡനം മൂലമോ?

ഒന്നാം ഭാഗം ഇവിടെ വായിക്കാം

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss