|    Sep 22 Sat, 2018 6:53 am
FLASH NEWS
Home   >  Editpage  >  Editorial  >  

വായ്പ വാങ്ങുമ്പോള്‍ കരുതലും വേണം

Published : 31st August 2018 | Posted By: kasim kzm

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു ലോകബാങ്കിനെയും ഏഷ്യന്‍ വികസന ബാങ്കിനെയും വായ്പയ്ക്കായി സമീപിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സമഗ്രമായ പുനര്‍നിര്‍മാണ ആവശ്യങ്ങള്‍ സംബന്ധിച്ച പഠനത്തിനായി രണ്ട് അന്താരാഷ്ട്ര ഏജന്‍സികളുടെയും വിദഗ്ധര്‍ സംസ്ഥാനത്ത് എത്തിക്കഴിഞ്ഞു. വികസന വായ്പ എത്രയും വേഗം സംസ്ഥാനത്തിനു ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നു ലോകബാങ്കിന്റെയും ഏഷ്യന്‍ വികസന ബാങ്കിന്റെയും പ്രതിനിധികള്‍ പ്രസ്താവിക്കുകയുണ്ടായി.
കേരളത്തിലെ സിപിഎം സര്‍ക്കാര്‍ വികസന ആവശ്യത്തിന് ഈ രണ്ടു ബാങ്കുകളെയും സമീപിക്കുമ്പോള്‍ ഏതാനും വര്‍ഷം മുമ്പുവരെ അവര്‍ സ്വീകരിച്ചിരുന്ന നിലപാടുകളില്‍ നിന്നുള്ള പിന്നാക്കംപോക്കാണിതെന്നു ചൂണ്ടിക്കാട്ടാതിരിക്കാന്‍ സാധ്യമല്ല. 2003ല്‍ എ കെ ആന്റണി സര്‍ക്കാര്‍ കേരളത്തിന്റെ വികസന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഏഷ്യന്‍ വികസന ബാങ്കില്‍ നിന്നു വായ്പയെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ രക്തരൂഷിതമായ പ്രക്ഷോഭങ്ങളാണ് അന്ന് കേരളമൊട്ടാകെ സിപിഎം അഴിച്ചുവിട്ടത്. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള 2006-11 കാലത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭയുടെ കാലത്താണ് നിലപാടുകളില്‍ പുനഃപരിശോധന ആവശ്യമാണെന്ന് സിപിഎം സംസ്ഥാന നേതൃത്വത്തിനു ബോധ്യമായത്. അന്ന് അടിസ്ഥാന സൗകര്യ വികസനം സംബന്ധിച്ച ആവശ്യങ്ങള്‍ക്കായി ഏഷ്യന്‍ വികസന ബാങ്കില്‍ നിന്നു വായ്പ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായി.
ഇന്നത്തെ സംസ്ഥാനത്തിന്റെ അടിയന്തര ആവശ്യങ്ങളും അതിന് ആവശ്യമായ അതിബൃഹത്തായ ധനസമാഹരണ വെല്ലുവിളികളും കണക്കിലെടുക്കുമ്പോള്‍ അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നുള്ള സഹായം ഒഴിവാക്കാന്‍ പ്രയാസമാണ് എന്നുതന്നെ വിലയിരുത്തേണ്ടിവരും. വളരെ വിപുലമായ ധനശേഷിയുള്ളവയാണ് ഈ ഏജന്‍സികള്‍. ദുരന്തപരിസ്ഥിതികളില്‍ പുനര്‍നിര്‍മാണം പോലുള്ള ആവശ്യങ്ങള്‍ക്കു വളരെ ചുരുങ്ങിയ പലിശയ്ക്കു പണം നല്‍കാനുള്ള സംവിധാനവും അവയ്ക്കുണ്ട്.
അതേസമയം, അന്താരാഷ്ട്ര ഏജന്‍സികളുടെ വായ്പാ നയങ്ങളും അതിനോടനുബന്ധിച്ചുള്ള നിബന്ധനകളും സൂക്ഷ്മമായ പരിശോധനയ്ക്കു വിധേയമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ചരടുകളോടു കൂടിയുള്ള വായ്പാ വിതരണമാണ് ഈ ഏജന്‍സികളില്‍ പലതിന്റെയും പരമ്പരാഗത രീതിയെന്നു ലോകം മുഴുക്കെ അറിവുള്ളതാണ്. ലോകബാങ്കിന്റെ ചീഫ് ഇകണോമിസ്റ്റായ പ്രസിദ്ധ ധനശാസ്ത്രജ്ഞന്‍ ജോസഫ് സ്റ്റിഗ്‌ലിറ്റ്‌സ് ‘ഗ്ലോബലൈസേഷന്‍ ആന്റ് ഇറ്റ്‌സ് ഡിസ്‌കണ്ടന്റ്‌സ്’ എന്ന പുസ്തകത്തില്‍ ആഫ്രിക്കയിലും മറ്റു പല ഭാഗങ്ങളിലും ഐഎംഎഫ് വായ്പ ഉണ്ടാക്കിയ ഗഹനമായ സാമൂഹിക-രാഷ്ട്രീയ പ്രതിസന്ധികളെക്കുറിച്ചു വിവരിക്കുന്നുണ്ട്.
തങ്ങളുടെ സ്വന്തം അജണ്ടകള്‍ സര്‍ക്കാരുകള്‍ക്കു മേല്‍ അടിച്ചേല്‍പിക്കുന്നതില്‍ വിദഗ്ധരാണ് അവര്‍. അതിനാല്‍, വായ്പ സ്വീകരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അതു കരുതലോടെ കൈകാര്യം ചെയ്യാന്‍ തയ്യാറാവണം. പണം വന്‍തോതില്‍ ലഭ്യമാണ് എന്ന ഒറ്റക്കാരണം കൊണ്ട് അതു കിട്ടാവുന്നിടത്തോളം വാങ്ങിയെടുത്ത് ദീവാളി കുളിക്കുന്ന പരിപാടി സംസ്ഥാനത്തിനു ഗുണത്തേക്കാള്‍ ദോഷമാണ് വരുത്തിവയ്ക്കുക. ഇന്നത്തെ അടിയന്തര സാഹചര്യത്തില്‍ പണം വേണമെന്നു തീര്‍ച്ച; പക്ഷേ, അതേപോലെ പ്രധാനമാണ് കരുതലും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss