|    Feb 20 Tue, 2018 3:25 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വായ്പ തിരിച്ചടച്ചില്ല : തേക്കടിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ ജപ്തിചെയ്തു

Published : 19th January 2017 | Posted By: fsq

 

കുമളി: വായ്പാ തിരിച്ചടവില്‍ കുടിശ്ശിക വരുത്തിയതിന് തേക്കടിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ സര്‍ഫാസി ആക്ട് അനുസരിച്ച് ഫെഡറല്‍ ബാങ്ക് ഏറ്റെടുത്തു. രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളില്‍ ഒന്നായ വിജയാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിജയാ ഹോസ്പിറ്റാലിറ്റി ആന്റ് റിസോര്‍ട്ട് ശൃംഖലയില്‍ ഇലിഫന്റ് കോര്‍ട്ട്, പെപ്പര്‍ വൈന്‍ എന്നീ റിസോര്‍ട്ടുകളാണുള്ളത്. 2005ല്‍ ഇലിഫന്റ് കോര്‍ട്ടിന്റെ പേരില്‍ 17 കോടി രൂപയും 2011ല്‍ പെപ്പര്‍ വൈന്റെ പേരില്‍ 7.5 കോടി രൂപയും ഉടമകള്‍ ഫെഡറല്‍ ബാങ്കിന്റെ വൈറ്റില ശാഖയില്‍ നിന്നും വായ്പ എടുത്തിരുന്നു. നിലവില്‍ പലിശ ഉള്‍പ്പെടെ ഈ രണ്ട് സ്ഥാപനങ്ങളും 36.75 കോടി രൂപ ബാങ്കിന് നല്‍കാനുണ്ട്. 2013ല്‍ ഈ വായ്പ ബാങ്ക് നിഷ്‌ക്രിയ വായ്പയില്‍ ഉള്‍പ്പെടുത്തിയ സ്ഥാപനങ്ങള്‍ കഴിഞ്ഞ ഡിസംബര്‍ 28ന് ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഒമ്പത് കോടി പത്ത് ദിവസത്തിനുള്ളില്‍ അടയ്ക്കണമെന്ന നിബന്ധനയോടെ എറണാകുളം ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ ഉടമകള്‍ക്ക് താല്‍ക്കാലിക സ്‌റ്റേ അനുവദിക്കുകയായിരുന്നു. കാലാവധി അവസാനിച്ചിട്ടും പണം അടയ്ക്കാന്‍ ഉടമകള്‍ തയ്യാറാവാതെ വന്നതോടെയാണ് ജപ്തി നടത്താന്‍ ബാങ്ക് നിര്‍ബന്ധിതമായത്. തൊടുപുഴ സിജെഎം കോടതിയില്‍നിന്നുള്ള അഡ്വക്കറ്റ് കമ്മീഷന്‍ പ്രിന്‍സ് ജെ പന്നലാല്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍ ഹരികൃഷ്ണ പിഷാരടി, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ടി എ മുഹമ്മദ് സഗീര്‍ എന്നിവരാണ് ജപ്തി നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. സംസ്ഥാനത്ത് തന്നെ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഒന്നാണ് ഇലിഫന്റ് കോര്‍ട്ട്. രണ്ടേക്കറോളം ഭൂമിയിലാണ് റിസോര്‍ട്ട് സ്ഥിതിചെയ്യുന്നത്. ഉടമകള്‍ തമ്മിലുള്ള തര്‍ക്കംമൂലം വായ്പാതിരിച്ചടവ് മുടങ്ങിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് വിവരം. ഇതേസമയം പെപ്പര്‍വൈന്‍ റിസോര്‍ട്ടിന്റെ കുടിശ്ശികയായ 2.5 കോടി രൂപ അടയ്ക്കുന്നതിന് ജനുവരി 31 വരെ കോടതി സമയം അനുവദിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss