|    Nov 15 Thu, 2018 1:38 am
FLASH NEWS

വായ്പ തട്ടിപ്പ്; സുന്ദരം ബിഎന്‍പി പാരിബാസ് ഹോം ഫിനാന്‍സിനെതിരേ കൂടുതല്‍ പരാതി

Published : 10th January 2017 | Posted By: fsq

 

പത്തനംതിട്ട: പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ സുന്ദരം ബിഎന്‍പി പാരിബാസ് ഹോം ഫിനാന്‍സ് എന്ന സ്ഥാപനം വായ്പയുടെ പേരില്‍ ഗുണ്ടായിസം കാട്ടുന്നതായും വന്‍ തട്ടിപ്പ് നടത്തുന്നതായും പരാതി. തട്ടിപ്പിനിരയായ പന്തളം മുട്ടാര്‍ വൈറ്റ്ഹൗസില്‍ അന്‍സാരി, വെട്ടിയാര്‍ പായിക്കാട്ടു കിഴക്കേതില്‍ അജയന്‍, കൂടല്‍ പുതുക്കുളം തയ്യില്‍മേലേതില്‍ തുളസീധരന്‍, കൊല്ലം കുണ്ടറ സ്വദേശി നിസാമുദ്ദീന്‍, പന്തളം സ്വദേശി ഷാജി എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രി, മുഖ്യമന്ത്രി, ആര്‍ബിഐ എന്നിവര്‍ക്ക് പരാതി നല്‍കി. ബാങ്കുകളുടെ പലിശ നിരക്കിന് സമാനമായി വായ്പകള്‍ ദേശസാല്‍്കൃത ബാങ്കുകളുടെ നൂലാമാലകളില്ലാതെ എളുപ്പത്തില്‍ ലഭ്യമാക്കാം എന്ന് വാഗ്ദാനം നല്‍കി  കമ്പനി എക്‌സിക്യൂട്ടിവുകള്‍ ഉപഭോക്താക്കളെ സമീപിക്കും.  പകരം കമ്പനിക്ക് തങ്ങളുടെ വസ്തു ഈടായി നല്‍കണം. വായ്പ തിരിച്ചടവ് കഴിയുമ്പോള്‍ വസ്തു തിരികെ നല്‍്കും. ഈട് നല്‍കുന്ന ഭൂമിയുടെ കമ്പോള വിലയുടെ 90 ശതമാനം വരെ ലോണായി കമ്പനി നല്‍കാന്‍ തയ്യാറാവുന്നതോടെ ഉപഭോക്താക്കള്‍ ഇവരുടെ വാഗ്ദാനത്തില്‍ വീണുപോവുന്നു. തിരിച്ചടവിന്റെ രീതികളോ മറഞ്ഞിരിക്കുന്ന മറ്റ് ചാര്‍ജ്ജുകളോ ഇവര്‍ വ്യക്തമാക്കാതെ എഗ്രിമെന്റ് ഒപ്പിടിവിക്കുകയാണ് പതിവ്.ദേശസാല്‍കൃത ബാങ്കുകളുടെ പലിശയാണ് തങ്ങളുടെതെന്നാണ് കമ്പനി എക്‌സിക്യൂട്ടീവുകള്‍ പറയുന്നതെങ്കിലും തിരിച്ചടവ് മുടങ്ങുമ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരം വായ്പ എടുത്തവര്‍ തിരിച്ചറിയുന്നത്. തിരിച്ചടക്കുന്ന തുകയുടെ 70ശതമാനവും പലിശയും മറ്റ് ഇതര ചാര്‍ജ്ജുകളുമായി കമ്പനി വരവ് വയ്ക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല വായ്പകള്‍ക്കുമേലുള്ള ഇന്‍ഷുറന്‍സിന്റെ പേരിലും നല്ലൊരു തുക ആദ്യമേ തന്നെ ഈടാക്കുമെങ്കിലും പോളിസി സര്‍ട്ടിഫിക്കറ്റുകളോ മറ്റ് രേഖകളോ നല്‍കാറില്ല. വായ്പ മുടങ്ങുന്നതോടെ കമ്പിനിയുടെ ആളുകള്‍ എന്നപേരില്‍ ആദ്യം ഗുണ്ടകളെത്തി ഭീഷണിപ്പെടുത്തും. പിന്നീട് അസമയത്ത് വീടുകളിലെത്തി സ്ത്രീകളെയും കുട്ടികളേയും ഇറക്കിവിട്ട് വീട് പൂട്ടിയതായും പരാതിയിതല്‍ പറയുന്നു.   ഇത്തരത്തില്‍ രണ്ടു തവണകളിലായി 30ലക്ഷം രൂപയെടുത്ത വെട്ടിയാര്‍ സ്വദേശി അജയന്റെ കുടുംബത്തെയാണ് രാത്രിയില്‍ വീട്ടില്‍ നിന്നു ഇറക്കിവിട്ടത്. 2013ല്‍  25 ലക്ഷം രൂപ വായ്പ എടുത്ത പന്തളം മുട്ടാര്‍ വൈറ്റ് ഹൗസില്‍ അന്‍സാരി 36മാസം കൊണ്ട് 1781450 തിരിച്ചടച്ചെങ്കിലും പലിശയടക്കം 24 ലക്ഷം ഇനിയും അടക്കാനുള്ളതയാണ് ബാങ്ക് രേഖകളിലുള്ളത്. ഇതോടെയാണ് അന്‍സാരി സമാനമായി തട്ടിപ്പിന് ഇരയായവരില്‍ ചിലരെ കൂട്ടി പ്രധാന മന്ത്രിക്കും മുഖ്യമന്ത്രിക്കും പുറമെ പത്തനംതിട്ട ജില്ല പോലിസ് ചീഫിനും പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്കിന്റെ പത്തനംതിട്ട ബ്രാഞ്ച് ഓഫിസില്‍ പോലിസ് പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട ജില്ലകള്‍ക്കുപുറമെ ആലപ്പുഴ ജില്ലയിലാണ് തട്ടിപ്പിനിരയായവരില്‍ കൂടുതല്‍ പേരുമെന്ന് ഇവര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss