|    Dec 18 Tue, 2018 1:55 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വായ്പയെടുത്ത പണം തിരിച്ചടയ്ക്കാമെന്ന് വിജയ് മല്യ

Published : 6th December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: വായ്പയെടുത്ത പണം പൂര്‍ണമായും തിരിച്ചടയ്ക്കാമെന്ന് മദ്യരാജാവ് വിജയ് മല്യ. ഈ തുക സ്വീകരിക്കണമെന്നും 9,000 കോടി വായ്പ തിരിച്ചടയ്ക്കാനുള്ള കേസ് നേരിടുന്ന വിജയ് മല്യ ബാങ്കുകളോട് ആവശ്യപ്പെട്ടു. ട്വിറ്ററിലിട്ട മൂന്ന് കുറിപ്പിലൂടെയാണ് മല്യ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ ലണ്ടനില്‍ അറസ്റ്റിലായ മല്യ ജാമ്യത്തിലാണുള്ളത്. മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന ആവശ്യത്തില്‍ കേസ് നടക്കുകയാണ്. തനിക്കെതിരായ കൈമാറ്റക്കേസ് മറ്റൊരു വിഷയമാണെന്നും അതവിടെ നടക്കട്ടെയെന്നും മല്യ പറഞ്ഞു. പ്രധാന പ്രശ്‌നം ബാങ്കില്‍ നിന്നെടുത്ത പൊതുപണമാണ്. അത് 100 ശതമാനവും തിരിച്ചടയ്ക്കാന്‍ തയ്യാറാണ്. ബാങ്കുകളും സര്‍ക്കാരും അത് സ്വീകരിക്കാന്‍ തയ്യാറാവണം. പറ്റില്ലെങ്കില്‍ അത് എന്തുകൊണ്ടാണെന്ന് പറയണമെന്നും മല്യ ആവശ്യപ്പെട്ടു.
ഇന്ധനവിലക്കയറ്റം വ്യോമയാന മേഖലയെ ബാധിച്ചിരിക്കുകയാണെന്ന് മല്യ പറഞ്ഞു. മികച്ച എയര്‍ലൈന്‍സായിരുന്ന കിങ്ഫിഷറിനെ എണ്ണവില ബാരലിന് 140 ഡോളറായത് കാര്യമായി ബാധിച്ചു. നഷ്ടം കുമിഞ്ഞുകൂടി. അതാണ് പണത്തിനായി ബാങ്കിനെ സമീപിച്ചത്. തന്റെ മദ്യക്കമ്പനി കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ കോടിക്കണക്കിന് രൂപ സര്‍ക്കാരിലേക്ക് നല്‍കിയിട്ടുണ്ട്. കിങ്ഫിഷര്‍ എയര്‍ലൈന്‍സും സര്‍ക്കാരിന്റെ വരുമാനത്തില്‍ പങ്കുവഹിച്ചു. മികച്ച എയര്‍ലൈന്‍സ് നഷ്ടത്തിലായത് സങ്കടകരമാണ്. എന്നിട്ടും ബാങ്കുകള്‍ക്ക് ഒരു നഷ്ടവും വരാതെ പണം അടയ്ക്കാന്‍ തയ്യാറാണ്. അത് സ്വീകരിക്കുക. രാഷ്്ട്രീയക്കാരും മാധ്യ—മങ്ങളും തന്നെ വായ്പ തിരിച്ചടയ്ക്കാത്തവനും പൊതുപണവുമായി ഒളിച്ചോടിയവനുമായാണ് വിശേഷിപ്പിക്കുന്നത്. തെറ്റായ കാര്യങ്ങളാണത്. പണം തിരിച്ചടയ്ക്കാമെന്ന് കര്‍ണാകട കോടതിയില്‍ പറഞ്ഞിരുന്നുവെന്നും മല്യ പറഞ്ഞു.
അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കേസിലെ പ്രതി ക്രിസ്ത്യന്‍ മിഷേലിനെ ദുബയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചതിന് പിന്നാലെയാണ് മല്യ ഓഫര്‍ മുന്നോട്ടുവച്ചത്. ഈ മാസം 10നാണ് മല്യയെ ഇന്ത്യക്ക് വിട്ടുകിട്ടാനുള്ള കേസ് ലണ്ടനിലെ കോടതി പരിഗണിക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss